24 April Wednesday

ഉച്ചകോടിക്ക് ഷിയുടെ ക്ഷണം ; ഉക്രയ്‌ൻ വിഷയം ചർച്ച ചെയ്ത്‌ ഷിയും പുടിനും

വെബ് ഡെസ്‌ക്‌Updated: Wednesday Mar 22, 2023


മോസ്കോ
സോവിയറ്റ്‌ യൂണിയന്റെ ഭാഗമായിരുന്ന മധ്യേഷ്യൻ രാജ്യങ്ങളുടെ യോഗം വിളിച്ച്‌ ചൈനീസ്‌ പ്രസിഡന്റ്‌ ഷി ജിൻപിങ്‌. മേയിൽ ആദ്യ ചൈന സെൻട്രൽ ഏഷ്യ ഉച്ചകോടി നടത്താമെന്ന നിർദേശമാണ്‌ മോസ്കോ സന്ദർശനത്തിനിടെ ഷി മുന്നോട്ടുവച്ചത്‌. കസാഖ്‌സ്ഥാൻ, കിർഗിസ്ഥാൻ, തജികിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങൾക്കും ക്ഷണം അയച്ചു. തുർക്ക്‌മെനിസ്ഥാന്‌ ക്ഷണം ലഭിച്ചോ എന്നതിൽ വ്യക്തതയില്ലെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നു. അമേരിക്കയുടെയും നാറ്റോയുടെയും നേതൃത്വത്തിൽ റഷ്യയെ ഒറ്റപ്പെടുത്താൻ നടക്കുന്ന നീക്കത്തിനിടെയാണ്‌ ചൈന മുൻ സോവിയറ്റ്‌ രാഷ്ട്രങ്ങളുടെ ഉച്ചകോടി വിളിച്ചിരിക്കുന്നത്‌. റഷ്യൻ പ്രസിഡന്റ്‌ വ്‌ലാദിമിർ പുടിൻ, തുർക്ക്‌ പ്രസിഡന്റ്‌ റജെബ്‌ തയ്യിപ്‌ എർദോഗൻ, അമേരിക്കൻ സ്‌റ്റേറ്റ്‌ സെക്രട്ടറി ആന്റണി ബ്ലിങ്കൻ എന്നിവരെല്ലാം സമീപകാലത്തായി മധ്യേഷ്യൻ രാജ്യങ്ങളുമായി ബന്ധം മെച്ചപ്പെടുത്താൻ ശ്രമിച്ചുവരികയാണ്‌. 2022 ജനുവരിയിൽ ഷി ഈ രാഷ്ട്രങ്ങളുടെ ഓൺലൈൻ ഉച്ചകോടി സംഘടിപ്പിച്ചിരുന്നു.

ഉക്രയ്‌ൻ വിഷയം ചർച്ച ചെയ്ത്‌ ഷിയും പുടിനും
മോസ്കോയിൽ ഉക്രയ്‌ൻ വിഷയം റഷ്യൻ പ്രസിഡന്റ്‌ വ്ലാദിമിർ പുടിനുമായി ചർച്ച ചെയ്ത്‌ ചെെനീസ്  പ്രസിഡന്റ്‌ ഷി ജിൻപിങ്‌. ഉക്രയ്‌ൻ യുദ്ധം അവസാനിപ്പിക്കാൻ ചൈന മുന്നോട്ടുവച്ച സമാധാന നിർദേശം ഇരു നേതാക്കളും വിശദമായി ചർച്ച ചെയ്തെന്ന്‌ പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു. തിങ്കളാഴ്ച ഷിയും പുടിനും തമ്മിലുള്ള ചർച്ച നാലു മണിക്കൂറിലേറെ നീണ്ടു. ക്രെംലിനിൽ ഷിയെ ആദരിച്ച്‌ ഔദ്യോഗിക വിരുന്നുമുണ്ടായിരുന്നു. ചർച്ച പൂർത്തിയാക്കിയ ഇരു നേതാക്കളും സംയുക്ത പ്രസ്താവനയും നടത്തി.
സാമ്പത്തിക, നയതന്ത്ര പങ്കാളിത്തം വർധിപ്പിക്കാനുള്ള ഉടമ്പടിയിലും ഒപ്പിട്ടു.സന്ദർശനശേഷം ഷി ഉക്രയ്‌ൻ പ്രസിഡന്റ്‌ വ്ലോദിമിർ സെലൻസ്കിയുമായി ടെലിഫോണിൽ ചർച്ച നടത്തുമെന്നും റിപ്പോർട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top