28 March Thursday

വാക്‌സിൻ വിതരണത്തിലെ അനീതിക്കെതിരെ ഡബ്ല്യുഎച്ച്‌ഒ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 19, 2021


ജനീവ
കോവിഡിനെ ചെറുക്കാനുള്ള വാക്‌സിൻ വിതരണത്തിലെ അനീതിക്കും കമ്പനികളുടെ ലാഭക്കൊതിക്കുമെതിരെ രൂക്ഷ വിമർശനവുമായി ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്‌ഒ) തലവൻ തെദ്രോസ്‌ അഥാനം ഗബ്രിയേസസ്‌. ദരിദ്ര രാജ്യങ്ങളിലെ വൃദ്ധർക്കും ആരോഗ്യ പ്രവർത്തകർക്കും വാക്‌സിൻ ലഭിക്കുന്നതിന്‌ മുമ്പ്‌ സമ്പന്നരാജ്യങ്ങളിലെ ആരോഗ്യമുള്ള ചെറുപ്പക്കാർക്ക്‌ വാക്‌സിൻ ലഭിക്കുന്നത്‌ ശരിയല്ലെന്ന്‌ അദ്ദേഹം തുറന്നടിച്ചു.

ഒരാഴ്‌ച നീളുന്ന ഡബ്ല്യുഎച്ച്‌ഒ എക്‌സിക്യൂട്ടീവ്‌ ബോർഡ്‌ യോഗത്തിലാണ്‌ വാക്‌സിൻ വിതരണത്തിലെ അനീതി അദ്ദേഹം പരസ്യമാക്കിയത്‌. ഒരു ദരിദ്ര രാജ്യത്തിന്‌ വെറും 25 വാക്‌സിനാണ്‌ ലഭിച്ചത്‌. 25000മോ 25 ലക്ഷമോ അല്ല. അപ്പോൾ കൂടുതൽ സമ്പന്നമായ 50 രാജ്യങ്ങളിൽ 3.9 കോടിയാളുകൾക്ക്‌ വാക്‌സിൻ നൽകിക്കഴിഞ്ഞു. ലാഭം കിട്ടുന്നിടങ്ങളിലാണ്‌ വാക്‌സിൻ കമ്പനികളുടെ കണ്ണെന്നും അദ്ദേഹം പറഞ്ഞു.

25 വാക്‌സിൻ മാത്രം കിട്ടിയ രാജ്യത്തിന്റെ പേര്‌ ഡബ്ല്യുഎച്ച്‌ഒ സെക്രട്ടറി ജനറൽ വെളിപ്പെടുത്തിയില്ല. എന്നാൽ അത്‌ പടിഞ്ഞാറൻ ആഫ്രിക്കയിലെ ഗിനി ആണെന്നാണ്‌ ഒരു വക്താവ്‌ പറഞ്ഞത്‌.മഹാവിപത്തിനിടയാക്കുന്ന ധാർമിക പരാജയത്തിന്റെ വക്കിലാണ്‌ ലോകം എന്ന്‌ ഇത്യോപ്യക്കാരനായ ഗബ്രിയേസസ്‌ പറഞ്ഞു. ലോകത്തെല്ലാവർക്കും വാക്‌സിൻ ലഭിക്കും.  ഡബ്ല്യുഎച്ച്‌ഒയുടെ പിന്തുണയുള്ള കോവാക്‌സ്‌ പരിപാടിയിൽ ഇതുവരെ അഞ്ച്‌ ഉൽപ്പാദകരിൽ നിന്നായി 200 കോടി വാക്‌സിൻ ഉറപ്പാക്കിയിട്ടുണ്ട്‌. 100 കോടി ഡോസ്‌ കൂടി നേടാവുന്നതാണ്‌. ഫെബ്രുവരിയിൽ വിതരണം തുടങ്ങാനാണ്‌ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top