25 April Thursday
15 ലക്ഷം കുട്ടികൾക്ക്‌ രക്ഷിതാക്കളെ നഷ്ടമായി

കോവിഡ് ലോകത്തിന്റെ ഭിന്നത തുറന്നുകാട്ടി ; വികസിത രാജ്യങ്ങൾ വാക്‌സിൻ പൂഴ്ത്തിവച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 27, 2021


ബെർലിൻ
ലോകം എത്രമേല്‍ അസന്തുലിതവും ഭിന്നിപ്പുനിറഞ്ഞതുമാണെന്ന് കോവി‍ഡ് മഹാമാരി തുറന്നുകാട്ടിയെന്ന് ലോകാരോഗ്യ സംഘടന. അരക്കോടിയോളം പേരുടെ ജീവനെടുത്ത രോ​ഗത്തെ പിടിച്ചുകെട്ടാൻ തടസ്സമായതും ഈ ഉത്തരവാദിത്വമില്ലായ്മയാണെന്നും ഡബ്ല്യുഎച്ച്‌ഒ ചൂണ്ടിക്കാട്ടി.

ദേശീയത, അതിർത്തി–- രാഷ്ട്രീയ തർക്കങ്ങൾ തുടങ്ങിയവയുടെ പേരിൽ നിലനിൽക്കുന്ന അസന്തുലിതാവസ്ഥയും സാമ്പത്തിക അന്തരവും മഹാമാരിയുടെ രണ്ടാംവർഷംകൂടുതൽ പ്രകടമായി. വികസിത രാജ്യങ്ങൾ വാക്‌സിൻ പൂഴ്ത്തിവച്ചപ്പോള്‍, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രാജ്യങ്ങളിൽ ഓക്സിജന്‍ കിട്ടാതെ ആളുകൾ മരിച്ചുവീണു. കോവിഡ്‌ നൽകിയ പാഠങ്ങൾ ഉൾക്കൊണ്ട്‌ ഭാവിയിൽ ഉണ്ടായേക്കാവുന്ന ആരോഗ്യപ്രതിസന്ധികൾ നേരിടാൻ ലോകം തയ്യാറെടുക്കണം. ഇതിനായി ലോകാരോഗ്യ സംഘടനയെ കൂടുതൽ ശാക്തീകരിക്കണമെന്നും റിപ്പോർട്ട്‌ നിർദേശിക്കുന്നു.

കോവാക്സിൻ: തീരുമാനം ഉടന്‍
ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച കോവാക്സിന്‌ അടിയന്തര ഉപയോ​ഗത്തിന് അനുമതി നൽകുന്നതിൽ 24 മണിക്കൂറിൽ തീരുമാനമെടുക്കുമെന്ന്‌ ലോകാരോഗ്യ സംഘടന. സംഘടനയുടെ സാങ്കേതിക ഉപദേശക സംഘം ചൊവ്വാഴ്ച യോ​ഗം ചേര്‍ന്നു വാക്‌സിന്റെ ഗുണനിലവാരം, സുരക്ഷിതത്വം, ഫലപ്രാപ്തി സംബന്ധിച്ച വിവരങ്ങള്‍ വിശകലനം ചെയ്തു. തൃപ്തികരമെങ്കിൽ കോവിഡ് പ്രതിരോധ വാക്സിനുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയുള്ള പ്രഖ്യാപനം ബുധനാഴ്ചയുണ്ടാകും. ഏപ്രില്‍ 19നാണ് വാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക് ഡബ്ല്യുഎച്ച്‌ഒയുടെ അനുമതിക്ക്‌ അപേക്ഷിച്ചത്‌.

ഉത്തര കൊറിയയിൽ കോവിഡ്‌ ഇല്ല
ഉത്തര കൊറിയയിൽ ഇതുവരെ പരിശോധിച്ച 42,773 പേരിൽ ആർക്കും കോവിഡ്‌ സ്ഥിരീകരിച്ചിട്ടില്ലെന്ന്‌ ലോകാരോഗ്യ സംഘടന. ഒക്ടോബർ എട്ടുമുതൽ 14വരെയാണ്‌ ഒടുവിലായി നടത്തിയ പരിശോധന. 678 പേർക്കും രോഗമില്ലെന്ന്‌ തെളിഞ്ഞു. 113 പേർക്ക്‌ പനി ലക്ഷണങ്ങളോ ശ്വാസകോശ പ്രശ്‌നങ്ങളോ ഉണ്ടായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top