29 March Friday

ലോകാരോഗ്യ സംഘടനയുടെ തലവൻ രാജിവയ്‌ക്കണമെന്ന് യുഎസ് റിപ്പബ്ലിക്കൻമാർ

മൊയ്‌തീൻ പുത്തൻചിറUpdated: Sunday Apr 19, 2020

വാഷിംഗ്‌ടൺ > ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) ധനസഹായം നിർത്തലാക്കാനുള്ള പ്രസിഡൻറ് ഡൊണാൾഡ് ട്രംപിൻറെ തീരുമാനത്തിന് പിറകെ റിപ്പബ്ലിക്കൻ നിയമനിർമ്മാതാക്കൾ ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ രാജി വെയ്‌ക്കണമെന്ന് ആവശ്യപ്പെട്ടു. അദ്ദേഹം രാജി വെയ്‌ക്കുന്നതുവരെ യാതൊരു ധനസഹായവും പുനരാരംഭിക്കരുതെന്നും അവർ ആവശ്യപ്പെട്ടു.

ഇതുവരെ 2,170,000 ത്തിലധികം പേരെ ബാധിക്കുകയും ലോകമെമ്പാടുമുള്ള 144,000 പേരെ കൊന്നൊടുക്കുകയും ചെയ്‌ത മാരകമായ കൊറോണ വൈറസ് വ്യാപരിക്കാൻ കാരണം ലോകാരോഗ്യ സംഘടനയാണെന്ന് ആരോപിച്ചാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സംഘടനയ്‌ക്ക് നൽകിക്കൊണ്ടിരുന്ന ധനസഹായം നിർത്തിവെച്ചെന്ന് പ്രഖ്യാപിച്ചത്.

അതോടൊപ്പം കൊറോണ വൈറസിൻറെ വ്യാപനം കർശനമായി കൈകാര്യം ചെയ്യുന്നതിലും പ്രതിരോധിക്കുന്നതിലും ലോകാരോഗ്യ സംഘടനയുടെ പങ്ക് വിലയിരുത്തുതിനായി ഒരു അവലോകനം നടത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു.

വ്യാഴാഴ്ച, ജനപ്രതിനിധിസഭയുടെ വിദേശകാര്യ സമിതിയിലെ ട്രംപിൻറെ സഹ റിപ്പബ്ലിക്കൻമാരിൽ പതിനേഴ് പേർ പ്രസിഡൻറിന്റെ തീരുമാനത്തെ പിന്തുണച്ച് കത്തയച്ചു.

ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസിൻറെ രാജിയെ സംബന്ധിച്ച ചർച്ചകൾ ഉടൻ ആരംഭിക്കണമെന്ന് അവർ കത്തിൽ ട്രംപിനോട് ആവശ്യപ്പെട്ടു.

ലോകാരോഗ്യസംഘടന ചൈനയോട് കൂടുതൽ ആഭിമുഖ്യം പുലർത്തുന്നുവെന്നും, ചൈനന നൽകിയ വിവരങ്ങളെ ആശ്രയിച്ചുവെന്നും ട്രംപ് ആരോപിച്ചു. പ്രാഥമിക റിപ്പോർട്ടുകൾക്കിടയിൽ പ്രചരിപ്പിച്ച 'പ്രസരണത്തെയും മരണത്തെയും കുറിച്ചുള്ള എല്ലാത്തരം തെറ്റായ വിവരങ്ങളും' ഡബ്ല്യുഎച്ച്ഒ മുഖവിലയ്‌ക്കെടുത്തതായി അദ്ദേഹം കുറ്റപ്പെടുത്തി.

നിലവിലെ ആഗോള ആരോഗ്യ പ്രതിസന്ധിയുടെ വ്യാപ്തിക്ക് കാരണക്കാരായ ലോകാരോഗ്യ സംഘടനയെയും ചൈനയെയും ടെഡ്രോസ് അദാനോം ഗെബ്രിയേസസിനേയും തങ്ങൾക്ക് ഇനി വിശ്വാസിക്കാനാവില്ലെന്നും, ടെഡ്രോസ് ഗെബ്രിയേസിന്റെ രാജി ഉടനടി ആവശ്യപ്പെടണമെന്നുമാണ് ഹൗസ് റിപ്പബ്ലിക്കൻസ് കത്തിൽ പറഞ്ഞിരിക്കുന്നത്.

ട്രംപിന്റെ നടപടി പല ലോക നേതാക്കളും ആരോഗ്യ വിദഗ്ധരും യുഎസ് ഡെമോക്രാറ്റുകളും അപലപിച്ചു. പ്രസിഡന്റ് ട്രംപിന്റെ തീരുമാനത്തിൽ ടെഡ്രോസ് ഖേദം പ്രകടിപ്പിച്ചു. ഒരു പൊതു ഭീഷണിക്കെതിരായ ഞങ്ങളുടെ പൊതു പോരാട്ടത്തിൽ നാമെല്ലാവരും ഐക്യപ്പെടേണ്ട സമയമാണിതെന്നാണ് അദ്ദേഹം പ്രതികരിച്ചത്.

'നമ്മൾ ഭിന്നിച്ചു നിൽക്കുമ്പോൾ കൊറോണ വൈറസ് നമുക്കിടയിലെ വിള്ളലുകൾ ഉപയോഗപ്പെടുത്തും' എന്ന് അദ്ദേഹം ബുധനാഴ്ച ജനീവയിലെ ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനത്തു നിന്ന് ഒരു വീഡിയോ കോൺഫറൻസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

യൂറോപ്യൻ യൂണിയൻ, ആഫ്രിക്കൻ യൂണിയൻ, ചൈന, ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങളെല്ലാം യു എസ് പ്രസിഡൻറിൻറെ പെട്ടെന്നുള്ള നീക്കത്തെ വിമർശിച്ചു.

അമേരിക്കയിൽ 674,000 ത്തിലധികം പേരെ ബാധിക്കുകയും 34,000 ത്തിലധികം പേർ ഈ രോഗം മൂലം മരിക്കുകയും ചെയ്തിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top