29 March Friday

സിലിക്കൺ വാലി ബാങ്ക്‌ പൂട്ടി; യുഎസിൽ പ്രതിസന്ധി

വെബ് ഡെസ്‌ക്‌Updated: Sunday Mar 12, 2023

ന്യൂയോർക്ക്
അമേരിക്കയിലെ എറ്റവും വലിയ വാണിജ്യ ബാങ്കുകളിലൊന്നായ സിലിക്കൺ വാലി ബാങ്ക് അടച്ചുപൂട്ടി. കലിഫോർണിയയിലെ ബാങ്കിങ് നിയന്ത്രണ സ്ഥാപനമായ  ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫിനാൻഷ്യൽ പ്രൊട്ടക്ഷൻ ആൻഡ്‌ ഇന്നൊവേഷൻ (എഫ്ഡിഐസി) ആണ്‌ ബാങ്ക് അടച്ചുപൂട്ടാനുള്ള ഉത്തരവിട്ടത്‌. നിക്ഷേപകർ കൂട്ടത്തോടെ പണം തിരികെ ആവശ്യപ്പെട്ടതാണ് ബാങ്കിനെ തകർത്തത്. 2008 ലെ സാമ്പത്തിക പ്രതിസന്ധിക്കുശേഷമുള്ള ഏറ്റവും വലിയ ബാങ്ക് പ്രതിസന്ധിയായാണ്‌ സാമ്പത്തിക വിദഗ്‌ധരുടെ വിലയിരുത്തൽ.

  അമേരിക്കയിലെ സാന്റാക്ലാര ആസ്ഥാനമായ സിലിക്കൺ വാലി ബാങ്കിന്റെ ഉടമകളായ എസ്‍വിബി ഫിനാൻഷ്യൽ ഗ്രൂപ്പ് 175 കോടി ഡോളറിന്റെ (ഏകദേശം 14,300 കോടി രൂപ) ഓഹരി വിൽപ്പന പ്രഖ്യാപിച്ചതോടെയാണ്‌ പ്രതിസന്ധിയുടെ തുടക്കം. കമ്പനിയുടെ ബാലൻസ് ഷീറ്റിലെ നഷ്ടം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നായിരുന്നു ഗ്രൂപ്പിന്റെ വിശദീകരണം.

എന്നാൽ ഇത്‌ ബാങ്കിന്റെ ഓഹരിമൂല്യം ഇടിയുന്നതിലേക്ക്‌ നയിച്ചു. സ്റ്റാർട്ടപ്പ് നിക്ഷേപകരായിരുന്നു ബാങ്കിന്റെ ഇടപാടുകാരിൽ കൂടുതലും. ഇവർ ഒറ്റയടിക്ക് തുക പിൻവലിക്കാൻ ശ്രമിച്ചതാണ്‌ പ്രതിസന്ധി മൂർച്ഛിപ്പിച്ചത്‌. എസ്‌വിബിയുടെ തകർച്ചയോടെ ബാങ്ക് ഓഫ് അമേരിക്ക, ജെപി മോർഗൻ, വെൽസ് ഫാർഗോ എന്നിവയുടെയും മൂല്യം അഞ്ച് ശതമാനം ഇടിഞ്ഞു. 2007–--2008ലെ  സാമ്പത്തിക പ്രതിസന്ധിക്ക് സമാനമാണ് അമേരിക്കയിലെ ഇപ്പോഴത്തെ സ്ഥിതിയെന്നും വിലയിരുത്തലുണ്ട്‌.
സിലിക്കൺവാലി ബാങ്കിനെ മറ്റേതെങ്കിലും ബാങ്കുമായി ലയിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്‌. യുഎസ്‌ ട്രഷറി സെക്രട്ടറി ജാനറ്റ്‌ യെല്ലൻ എഫ്ഡിഐസി അധികൃതരുമായി സ്ഥിതിഗതികൾ വിലയിരുത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top