18 April Thursday

റഷ്യന്‍ ആവശ്യം തള്ളി ; ഉക്രയ്​നെതിരെ റഷ്യ നീങ്ങിയാൽ ശക്​തമായ ഭാഷയിൽ മറുപടി : യുഎസ്

വെബ് ഡെസ്‌ക്‌Updated: Friday Jan 28, 2022


വാഷിങ്ടണ്‍
ഉക്രയ്നെ നാറ്റോ സഖ്യത്തിൽനിന്നും വിലക്കണമെന്ന റഷ്യൻ ആവശ്യം നിരസിച്ച് അമേരിക്ക. ഉക്രയ്​ൻ പ്രതിസന്ധി അവസാനിപ്പിക്കാൻ റഷ്യ മുന്നോട്ടുവച്ച നിർദേശമാണ് യുഎസ്​ സ്​റ്റേറ്റ്​ സെക്രട്ടറി ആന്റണി ബ്ലിങ്കൺ തള്ളിയത്.ഉക്രയ്​നെതിരെ റഷ്യ നീങ്ങിയാൽ ശക്​തമായ ഭാഷയിൽ മറുപടിയുണ്ടാകുമെന്നും ബ്ലിങ്കൺ ഭീഷണി മുഴക്കി.  പ്രശ്നം പരിഹരിക്കാനുള്ള നിര്‍ദേശം യുഎസ് നിരസിച്ചത് ശുഭാപ്തിവിശ്വാസത്തിന് ഇടം നൽകുന്നില്ലെന്ന്  റഷ്യന്‍ വക്താവ് പ്രതികരിച്ചു.  വിഷയത്തില്‍ ഔദ്യോ​ഗികമായി  പ്രസിഡന്റ് പ്രതികരിക്കുമെന്ന് വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് പറഞ്ഞു. തിരക്കുകൂട്ടിയുള്ള നീക്കം റഷ്യയുടെ ഭാ​ഗത്തുനിന്ന് ഉണ്ടാകില്ലെന്ന്‌ പ്രസിഡന്റിന്റെ വക്താവ് ദിമിത്രി പെസ്കോവ് പ്രതികരിച്ചു.

അടുത്തമാസം ആക്രമണം ഉണ്ടാകുമെന്ന് യുഎസ്
ഫെബ്രുവരി പകുതിയോടെ റഷ്യ ഉക്രയ്നിൽ അധിനിവേശം നടത്തുമെന്ന്‌ അമേരിക്ക. ഇക്കാര്യത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍ എന്ന് തീരുമാനം എടുക്കുമെന്ന് വ്യക്തമല്ലെന്നും യുഎസ് ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി വെൻഡി ഷെർമാൻ പറഞ്ഞു.  പുടിന്റെ തീരുമാനം ബീജിങ്ങില്‍ നടക്കുന്ന ശൈത്യകാല ഒളിംപിക്സ് അടക്കമുള്ള പലതിനേയും ബാധിക്കുമെന്നും റഷ്യയുടെ  നീക്കങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും ഷെർമാൻ അവകാശപ്പെട്ടു.

റഷ്യയും ഉക്രയ്നും വെടിനിര്‍ത്തല്‍ കരാറില്‍
ഉക്രയ്നില്‍ റഷ്യ ഏതു നിമിഷവും ആക്രമണം നടത്തുമെന്ന നാറ്റോ സഖ്യകക്ഷികളുടെ ആവര്‍ത്തിച്ചുള്ള പ്രചാരണങ്ങള്‍ക്കിടെ നയതന്ത്ര ചര്‍ച്ചകളുമായി ഇരു രാജ്യവും. കിഴക്കൻ ഉക്രയ്നിൽ വെടിനിർത്തലിന് പാരീസില്‍ നടന്ന ചര്‍ച്ചയില്‍ റഷ്യയും ഉക്രയ്നും ധാരണയായി. ഉപാധികളില്ലാത്ത വെടിനിര്‍ത്തല്‍ കരാറിലാണ് ഇരു രാജ്യവും ഒപ്പുവച്ചിരിക്കുന്നത്.  2019നുശേഷം റഷ്യയും ഉക്രയ്നും സംയുക്ത പ്രസ്താവനയില്‍ ഒപ്പു വയ്ക്കുന്നത് ഇതാദ്യം. ഫ്രഞ്ച് നയതന്ത്ര പ്രതിനിധികളുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ച,  2014 മുതൽ കിഴക്കൻ ഉക്രയ്‌നില്‍ നടക്കുന്ന വിഘടനവാദ പോരാട്ടം പരിഹരിക്കുന്നത് സംബന്ധിച്ചായിരുന്നുവെന്ന് ഫ്രഞ്ച് നയതന്ത്രജ്ഞന്‍ പ്രതികരിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top