27 April Saturday

ശിങ്കിടികളെ കളത്തിലിറക്കി ട്രംപിന്റെ അവസാനകളി ; നാളെ അറിയാം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 6, 2021


വാഷിങ്‌ടൺ
തെരഞ്ഞെടുപ്പിൽ തോറ്റത്‌ അംഗീകരിക്കാതെ കോടതികളിൽനിന്ന്‌ നിരന്തരം തിരിച്ചടിയേറ്റ്‌ നാണംകെട്ടിട്ടും ഡോണൾഡ്‌ ട്രംപ്‌ അവസാനിപ്പിക്കുന്നില്ല. തെരഞ്ഞെടുപ്പുഫലം തിട്ടപ്പെടുത്തി സ്ഥിരീകരിക്കാൻ യുഎസ്‌ കോൺഗ്രസ്‌ ബുധനാഴ്‌ച ചേരുമ്പോൾ ശിങ്കിടികളെ രംഗത്തിറക്കി അവസാന കളിക്ക്‌ ഒരുങ്ങിയിരിക്കുകയാണ്‌ അമേരിക്കൻ  പ്രസിഡന്റ്‌. അതിനൊപ്പം തലസ്ഥാനമായ വാഷിങ്‌ടൺ ഡിസിയിൽ തെരുവിലിറങ്ങാൻ അനുയായികളോടും ആവശ്യപ്പെട്ടിട്ടുണ്ട്‌. ജനവിധി അട്ടിമറിക്കാനുള്ള ട്രംപിന്റെ നീക്കങ്ങളുടെ സാഹചര്യത്തിൽ അക്രമം തടയാൻ ഡിസി മേയർ തലസ്ഥാനത്ത്‌ നാഷണൽ ഗാർഡ്‌സിനെ ഇറക്കിയിരിക്കുകയാണ്‌.

നവംബർ മൂന്നിനു നടന്ന തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക്‌ സ്ഥാനാർഥി ജോ ബൈഡന്‌ ഇലക്ടറൽ കോളേജിലേക്ക്‌ 306 അംഗങ്ങളെയും ട്രംപിന്‌ 232 പേരെയുമാണ്‌ ലഭിച്ചത്‌. 538 അംഗ ഇലക്ടറൽ കോളേജ്‌ ഡിസംബർ 15നു സമ്മേളിച്ച്‌ ബൈഡനെ അടുത്ത പ്രസിഡന്റായി തെരഞ്ഞെടുക്കുകയും ചെയ്‌തു. ഓരോ സംസ്ഥാനത്തെയും ഇലക്ടറൽ വോട്ടുകൾ തിട്ടപ്പെടുത്തി ഫലം സ്ഥിരീകരിക്കുകയാണ്‌ ബുധനാഴ്‌ച കോൺഗ്രസ്‌ ചെയ്യേണ്ടത്‌. എന്നാൽ, റ്റെഡ്‌ ക്രൂസ്‌, ജോഷ്‌ ഹോവ്ലി എന്നിവരുടെ നേതൃത്വത്തിൽ ഒരു ഡസനോളം സെനറ്റർമാരും നൂറോളം പ്രതിനിധിസഭാംഗങ്ങളും ട്രംപിനു വേണ്ടി ചില സംസ്ഥാനങ്ങളിലെ ഫലം ചോദ്യംചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ്‌.

ഇവരുടെ നീക്കം തെരഞ്ഞെടുപ്പു ഫലത്തിൽ മാറ്റമുണ്ടാക്കില്ലെങ്കിലും നടപടിക്രമങ്ങൾ വൈകിക്കാൻ ഇടയാക്കും. തർക്കമുണ്ടായാൽ കോൺഗ്രസിന്റെ ഇരുസഭയും വെവ്വേറെ ചേർന്ന്‌ പരിശോധിക്കേണ്ടിവരും. എന്നാൽ, അമേരിക്കൻ ‘ജനാധിപത്യ’ സംവിധാനത്തെ തന്നെ അവഹേളിക്കുന്ന നീക്കങ്ങൾക്ക്‌ പ്രസിഡന്റ്‌ തന്നെ നേതൃത്വം നൽകുന്നത്‌ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർടിയിലും കടുത്ത വിയോജിപ്പിന്‌ ഇടയാക്കിയിട്ടുണ്ട്‌.

ഫലം ചോദ്യംചെയ്യേണ്ട സമയം കഴിഞ്ഞെന്ന്‌ റിപ്പബ്ലിക്കന്മാരടക്കം 10 മുൻ പ്രതിരോധ സെക്രട്ടറിമാർ സംയുക്തമായി പത്രത്തിൽ എഴുതിയിട്ടുണ്ട്‌. 2020 തെരഞ്ഞെടുപ്പ്‌ കഴിഞ്ഞെന്ന്‌ നാല്‌ റിപ്പബ്ലിക്കന്മാരടക്കം 10 സെനറ്റർമാരും പ്രസ്‌താവനയിറക്കി. ട്രംപിസ്റ്റുകളുടെ നീക്കത്തിനെതിരെ യുഎസ്‌ ചേംബർ ഓഫ്‌ കൊമേഴ്‌സും പ്രതികരിച്ചു.

ശനിയാഴ്‌ച ട്രംപ്‌ ജോർജിയയിലെ സ്‌റ്റേറ്റ്‌ സെക്രട്ടറിയെ ഫോണിൽ വിളിച്ച്‌ അവിടത്തെ ഫലം മാറ്റിപ്പറയാൻ നിർദേശിച്ചതിന്റെ ശബ്ദരേഖ ഇതിനിടെ പുറത്തുവന്നതും റിപ്പബ്ലിക്കന്മാരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്‌. എന്നാൽ, അവസാനംവരെ സർവശക്തിയും ഉപയോഗിച്ച്‌ പോരാടുമെന്നാണ്‌ തിങ്കളാഴ്‌ച ജോർജിയയിൽ നടത്തിയ റാലിയിലും ട്രംപ്‌ പറഞ്ഞത്‌. ബുധനാഴ്‌ചത്തെ കോൺഗ്രസ്‌ നടപടികൾക്ക്‌ മേൽനോട്ടം വഹിക്കേണ്ട വൈസ്‌ പ്രസിഡന്റ്‌ മൈക്‌ പെൻസ്‌ ട്രംപിന്റെ കളികളെ അനുകൂലിക്കാനും എതിർക്കാനും വിഷമിക്കുന്ന ധർമസങ്കടത്തിലാണ്‌. ഫലം എന്തെന്ന്‌ വ്യാഴാഴ്‌ച അറിയാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top