25 April Thursday

ഒമാന്‍ ഉള്‍ക്കടലില്‍ നിന്ന്‌ 40 ടണ്‍ യൂറിയയും 1041 കിലോ ലഹരിമരുന്നും പിടിച്ചെടുത്തു

അനസ് യാസിന്‍Updated: Monday Jan 24, 2022

മനാമ > സ്‌ഫോടകവസ്‌തുക്കള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന വളവുമായി പോയ ബോട്ട് ഒമാന്‍ ഉള്‍ക്കടലില്‍ പിടിച്ചെടുത്തതായി യുഎസ് നാവികസേന അറിയിച്ചു. മറ്റൊരു ബോട്ടില്‍ നിന്നും 1,041 കിലോഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തതായി ബ്രിട്ടീഷ് റോയല്‍ നേവിയും അറിയിച്ചു.

യുഎസ് ഗൈഡഡ് മിസൈല്‍ ഡിസ്‌ട്രോയറായ യുഎസ്എസ് കോളും പട്രോളിങ്‌ കപ്പലുകളും ചേര്‍ന്നാണ് ബോട്ട് പിടിച്ചത്. യെമനിലേക്ക്  കടല്‍ വഴി ആയുധ കള്ളക്കടത്ത് നടത്തുന്ന റൂട്ടില്‍ ഇറാനില്‍ നിന്നുമാണ് ചൊവ്വാഴ്‌ച ബോട്ട് കണ്ടെത്തിയത്. തെരച്ചിലില്‍ ബോട്ടില്‍ ഒളിപ്പിച്ച നിലയില്‍ 40 ടണ്‍ യൂറിയ കണ്ടെത്തി, നാടന്‍ സ്‌ഫോടകവസ്‌തുക്കളുടെ നിര്‍മാണത്തിലെ പ്രധാന ഘടകമാണ് ഇതെന്നും അഞ്ചാം കപ്പല്‍പ്പട അറിയിച്ചു. ഇവ യെമന്‍ കോസ്റ്റ് ഗാര്‍ഡിന് കൈമാറി.

ഈ ബോട്ട് കഴിഞ്ഞ വര്‍ഷം ആയിരക്കണക്കിന് റൈഫിളുകളും റോക്കറ്റ് ലോഞ്ചറുകളും മറ്റ് ആയുധങ്ങളുമായി സോമാലിയന്‍ തീരത്ത് നിന്ന് പിടിച്ചെടുത്തിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു. ജനുവരി 15 നാണ് ഒമാന്‍ ഉള്‍ക്കടലിലൂടെ സഞ്ചരിച്ച ബോട്ടില്‍ നിന്ന് മയക്കുമരുന്ന് ബ്രിട്ടീഷ്  നേവി പിടിച്ചത്. 663 കിലോ ഹെറോയിന്‍, 87 കിലോ  മെത്താംഫെറ്റാമൈന്‍, 291 കിലോ ഹാഷിഷ്, മരിജുവാന എന്നിവയാണ് കണ്ടെത്തിയത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 2.6 കോടി ഡോളര്‍ വിലവരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top