16 December Tuesday

അമേരിക്കയിൽ 
പണിമുടക്ക്‌

വെബ് ഡെസ്‌ക്‌Updated: Friday Sep 15, 2023


ഡെട്രോയിറ്റ്‌
തൊഴിലാളി പണിമുടക്കിൽ പ്രവർത്തനം നിലച്ച്‌ അമേരിക്കയിലെ വാഹന നിർമാണ മേഖല. ഡെട്രോയിറ്റിലെ മൂന്ന്‌ ഭീമൻ കമ്പനികളിലെ 13,000 തൊഴിലാളികളാണ്‌ യുണൈറ്റഡ്‌ ഓട്ടോ വർക്കേഴ്‌സ്‌ യൂണിയന്റെ നേതൃത്വത്തിൽ പണിമുടക്കിയത്‌. ഇവരുടെ വേതന കരാർ വ്യാഴം അർധരാത്രി അവസാനിച്ചിരുന്നു. വിലക്കയറ്റം രൂക്ഷമാകുന്ന സാഹചര്യത്തിൽ 36 ശതമാനം വേതന വർധന എന്ന ആവശ്യം കമ്പനികൾ തള്ളി.

തൊഴിൽദാതാക്കളുമായി ട്രേഡ്‌ യൂണിയൻ നേതാക്കൾ നടത്തിയ ചർച്ചയിൽ തീരുമാനമാകാത്തതിനെ തുടർന്നാണ്‌ മുൻ പ്രഖ്യാപനം അനുസരിച്ച്‌ പണിമുടക്കിലേക്ക്‌ നീങ്ങിയത്‌. ആവശ്യം അനുഭാവപൂർവം പരിഗണിച്ചില്ലെങ്കിൽ മൂന്ന്‌ ഫാക്ടറികളിലെയും 1.46 ലക്ഷം തൊഴിലാളികളും പണിമുടക്കുമെന്നും സംഘടന മുന്നറിയിപ്പ്‌ നൽകിയിട്ടുണ്ട്‌.

മിസ്സൂറിയിലെ ജനറൽ മോട്ടോഴ്‌സ്‌ ഫാക്ടറി, മിഷിഗനിലെ ഫോർഡ്‌ ഫാക്ടറി, ഓഹിയോയിലെ സ്‌റ്റെല്ലാന്റിസ്‌ ജീപ്പ്‌ ഫാക്ടറി എന്നിവിടങ്ങളിലെ തൊഴിലാളികളാണ്‌ ജോലിയിൽനിന്ന്‌ വിട്ടുനിന്നത്‌. സംഘടനയുടെ 88 വർഷ ചരിത്രത്തിൽ ആദ്യമായാണ്‌ മൂന്ന്‌ സ്ഥാപനങ്ങളിലും ഒരേസമയം തൊഴിലാളികൾ ജോലി ബഹിഷ്കരിച്ചത്‌.

അമേരിക്കയുടെ ചരിത്രത്തിൽ യൂണിയനിൽ ഏറ്റവും അനുകൂല നിലപാട്‌ എടുക്കുന്ന പ്രസിഡന്റായാണ്‌ ജോ ബൈഡൻ സ്വയം വിശേഷിപ്പിക്കുന്നത്‌. സമരം നീണ്ടുപോയാൽ അടുത്തുവരുന്ന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ വിഷയം ചർച്ചയാകുമെന്ന ആശങ്കയും സർക്കാരിനുണ്ട്‌. അമേരിക്കയിലാകെ വാഹനനിർമാണ മേഖലയിൽ 60 തൊഴിലാളി യൂണിയനുകളിലായി 1.25 കോടി അംഗങ്ങളാണുള്ളത്‌. യൂണിയനുകളുടെ ഫെഡറേഷനായ എഎഫ്‌എൽ–- സിഐഒയും സമരത്തിന്‌ അനുകൂല നിലപാടാണ്‌ സ്വീകരിച്ചിട്ടുള്ളത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top