26 April Friday

അമേരിക്കയുമായുള്ള ആണവനിയന്ത്രണ കരാർ ; പങ്കാളിത്തം അവസാനിപ്പിച്ച്‌ റഷ്യ

വെബ് ഡെസ്‌ക്‌Updated: Wednesday Feb 22, 2023


മോസ്കോ
അമേരിക്കയുമായി അവശേഷിച്ച ഏക ആണവായുധ നിയന്ത്രണ കരാറിലെ റഷ്യൻ പങ്കാളിത്തം അവസാനിപ്പിക്കുന്നതായി റഷ്യൻ പ്രസിഡന്റ്‌ വ്ലാദിമിർ പുടിൻ. 2010ൽ ഇരു രാജ്യവും ഒപ്പിട്ട ‘ന്യൂ സ്റ്റാർട്ട്‌ ഉടമ്പടി’യിൽനിന്നാണ്‌ പിന്മാറുന്നത്‌. ഉടമ്പടി അപ്പാടെ റദ്ദാക്കുകയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇരു രാജ്യത്തിനും കൈവശം വയ്ക്കാവുന്ന ആണവായുധത്തിന്റെയും ആണവായുധ വാഹിനി മിസൈലുകളുടെയും എണ്ണത്തിലെ നിയന്ത്രണമാണ്‌ ഉടമ്പടി. ഉക്രയ്‌ൻ യുദ്ധം ഒരു വർഷം തികയാനിരിക്കെ, ചൊവ്വാഴ്ച നടത്തിയ സ്‌റ്റേറ്റ്‌ ഓഫ്‌ ദി നേഷൻ പ്രസംഗത്തിലായിരുന്നു പ്രഖ്യാപനം.

അമേരിക്ക ആണവായുധ പരീക്ഷണം നടത്തിയാൽ സമാന നടപടികളുമായി മുന്നോട്ടു പോകാൻ സജ്ജമായിരിക്കണമെന്ന്‌ അദ്ദേഹം സൈന്യത്തിന്‌ നിർദേശം നൽകി. റഷ്യയുടെ ആണവായുധശേഷി പരിശോധിക്കണമെന്ന്‌ വാശിപിടിക്കുമ്പോൾത്തന്നെ, നാറ്റോയുടെ നേതൃത്വത്തിൽ ഉക്രയ്‌ന്‌ ആണവവാഹിനികളായ മിസൈലുകൾ നൽകുന്നു. യുകെ പോലുള്ള രാജ്യങ്ങളുടെ ആണവശേഷി പരിശോധിക്കുന്നുമില്ല–- പുടിൻ പറഞ്ഞു. റഷ്യയെ ഒറ്റയടിക്ക്‌ തകർക്കാൻ പാശ്ചാത്യ രാജ്യങ്ങൾ ശ്രമിക്കുകയാണ്‌. ഒരു പ്രാദേശിക പ്രശ്‌നം മാത്രമായിരുന്ന ഉക്രയ്‌ൻ–- റഷ്യ വിഷയത്തെ ആഗോള വിഷയമാക്കിയത്‌ പാശ്ചാത്യ അജൻഡയാണെന്നും പുടിൻ പറഞ്ഞു.

റഷ്യയുടെ പ്രഖ്യാപനം നിരാശാജനകവും നിരുത്തരവാദപരവുമാണെന്ന്‌ അമേരിക്കൻ സ്‌റ്റേറ്റ്‌ സെക്രട്ടറി ആന്റണി ബ്ലിങ്കൻ പ്രതികരിച്ചു. റഷ്യ തീരുമാനം പുനഃപരിശോധിക്കണമെന്ന്‌ നാറ്റോ സെക്രട്ടറി ജനറൽ ജെൻസ്‌ സ്‌റ്റോൾട്ടൻബെർഗ്‌ ആവശ്യപ്പെട്ടു. ഉക്രയ്‌ൻ യുദ്ധവാർഷികത്തിനു മുന്നോടിയായി പുടിൻ പാശ്ചാത്യചേരിക്ക്‌ നൽകിയ മുന്നറിയിപ്പാണ്‌ ആണവനിയന്ത്രണ കരാറിൽനിന്നുള്ള പിന്മാറ്റമെന്നും വിലയിരുത്തലുണ്ട്‌. അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ കീവ്‌ സന്ദർശിച്ചതിനു തൊട്ടു പിന്നാലെയാണ്‌ പ്രഖ്യാപനം.

2010ൽ അമേരിക്കൻ പ്രസിഡന്റ്‌ ബരാക്ക്‌ ഒബാമയും റഷ്യൻ പ്രസിഡന്റ്‌ ദിമിത്രി മെദെദേവുമാണ്‌ ഉടമ്പടിയിൽ ഒപ്പിട്ടത്‌. ഇത്‌ പ്രകാരം ഇരു രാജ്യത്തിനും 1550 ആണവായുധങ്ങളാണ്‌ കൈവശം വയ്ക്കാവുന്നത്‌. മിസൈലുകളിലും ബോംബർ വിമാനങ്ങളിലുമായി 700 എണ്ണവും കരുതാം. 2021 ഫെബ്രുവരിയിൽ ഉടമ്പടി അഞ്ചുവർഷത്തേക്കുകൂടി നീട്ടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top