ഐക്യരാഷ്‌ട്രകേന്ദ്രം
യുദ്ധം അവസാനിപ്പിക്കാന്‍ ഉക്രയ്‌ൻ മുന്‍കൈയെടുത്ത് ഐക്യരാഷ്‌ട്ര സംഘടനയിലൂടെ മുന്നോട്ടുവച്ച നിർദിഷ്‌ട സമാധാന പദ്ധതി തള്ളി റഷ്യ. "സമാധാന പദ്ധതി'യും കരിങ്കടൽ ധാന്യസംരംഭം നവീകരിക്കാനുള്ള ഐക്യരാഷ്‌ട്ര സംഘടനാ നിർദേശങ്ങളും യാഥാർഥ്യബോധത്തോടെയുള്ളതല്ലെന്ന് റഷ്യൻ വിദേശമന്ത്രി സെർജി ലാവ്‌റോവ് പൊതുസഭയിൽ പറഞ്ഞു. ‘ഉക്രയ്‌ൻ സമർപ്പിച്ച സമാധാന പദ്ധതി പൂർണമായും പ്രായോഗികമല്ല. ഇത് നടപ്പാക്കുക സാധ്യമല്ല.'–- ലാവ്‌റോവ് പറഞ്ഞു.
ഉക്രയ്‌നും പാശ്ചാത്യരും നിലപാടിൽ ഉറച്ചുനിന്നാൽ പ്രശ്നം യുദ്ധക്കളത്തിൽ മാത്രമേ പരിഹരിക്കപ്പെടുമെന്നും ലാവ്‌റോവ് തുറന്നടിച്ചു. റഷ്യയ്ക്കമേല്‍ എര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ പിന്‍ലിക്കാമെന്ന വാഗ്ദാനങ്ങൾ പാലിക്കപ്പെടാത്തതിനാലാണ് കരിങ്കടൽ ധാന്യ ഇടപാടിൽനിന്ന് വിട്ടുനിന്നതെന്നും ലാവ് റോവ് പറഞ്ഞു.
അതേസമയം ഉക്രയ്‌നിൽനിന്ന് ഗോതമ്പ് കയറ്റിയ രണ്ടാമത്തെ കപ്പൽ കരിങ്കടൽവഴി തുർക്കിയയിലെത്തി. 17,600 ടൺ ഗോതമ്പ് നിറച്ച കപ്പൽ വെള്ളിയാഴ്‌ചയാണ് തുറമുഖ നഗരമായ ചോർനോമോർസ്കിൽനിന്ന് ഈജിപ്തിലേക്ക് പുറപ്പെട്ടത്.
ക്രിമിയയിലെ റഷ്യൻ നാവികസേനാ ആസ്ഥാനത്തുണ്ടായ മിസൈൽ ആക്രമണത്തിന് റഷ്യ തിരിച്ചടി നല്‍കി. ഉക്രയ്‌നിലെ ഖേർസൻ പ്രവിശ്യയിലുണ്ടായ വ്യോമാക്രമണത്തിൽ രണ്ടുപേർ മരിച്ചു.
ചില രാജ്യങ്ങൾ ഉക്രയ്‌നെ വച്ച് കളിക്കുന്നു: മാർപാപ്പ
പാരീസ്
ഉക്രയ്ന്‍ യുദ്ധം ഉക്രയ്‌നും- -റഷ്യയും തമ്മിലുള്ള പ്രശ്നം മാത്രമല്ല ആയുധവ്യാപാരവുമായും ആയുധസമ്പദ്ഘടനയുമായും ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഫ്രാൻസിസ് മാർപാപ്പ. സമാധാന ശ്രമങ്ങൾ വിജയിക്കാത്തതിൽ നിരാശയുണ്ടോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തോടാണ് മാര്‍പാപ്പയുടെ പ്രതികരണം.
"ജനങ്ങളുടെ രക്തസാക്ഷിത്വം വച്ച് കളിക്കരുത്. പ്രശ്‌നങ്ങൾ പരിഹരിക്കാൻ അവരെ സഹായിക്കണം. ഉക്രയ്‌ന് ആദ്യം ആയുധം നൽകുകയും പിന്നീട് ഉത്തരവാദിത്വത്തില്‍ നിന്ന് പിന്മാറാന്‍ തുനിഞ്ഞും ചിലരാജ്യങ്ങള്‍ കളിക്കുകയാണ്. ഈ പ്രക്രിയയുടെ ഒടുവില്‍ സംഭവിക്കുന്നത് ഉക്രയ്ന്‍ ജനതയുടെ രക്തസാക്ഷിത്വമാണ്. അതൊരു വൃത്തികെട്ട കാര്യമാണ്’ –- ഫ്രഞ്ച് തുറമുഖ നഗരമായ മാർസെയിലിലെ സന്ദർശനം കഴിഞ്ഞ് മടങ്ങവേ മാർപ്പാപ്പ പറഞ്ഞു. എന്നാൽ, രാജ്യങ്ങൾ ഉക്രയ്‌നിലേക്ക് ആയുധങ്ങൾ അയക്കണോ വേണ്ടയോ എന്നതില്‍ മാർപാപ്പ നിലപാട് പ്രഖ്യാപിക്കുകയല്ല ഉണ്ടായതെന്ന വിശദീകരണവുമായി വത്തിക്കാന്‍ വക്താവ് മാറ്റിയോ ബ്രൂണി പിന്നീട് രംഗത്തെത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..