19 April Friday

യുദ്ധം നൂറാം നാളിൽ ; ഉക്രയ്ന്റെ അഞ്ചിലൊന്നും പിടിച്ച് റഷ്യ

വെബ് ഡെസ്‌ക്‌Updated: Friday Jun 3, 2022


കീവ്‌
ഉക്രയ്‌നിലെ പ്രത്യേക സൈനിക നടപടിക്ക്‌ വെള്ളിയാഴ്‌ച 100 ദിവസം തികയുമ്പോൾ രാജ്യത്തിന്റെ അഞ്ചിലൊന്ന് ഭാ​ഗം കൈയ്യടക്കി റഷ്യ.ഡോൺബാസ്‌ മേഖല പൂർണമായും റഷ്യന്‍ നിയന്ത്രണത്തില്‍. ഇവിടത്തെ തന്ത്രപ്രധാന നഗരവും വ്യവസായകേന്ദ്രവുമായ സെവെറോഡോനറ്റ്സ്‌കിലെ ഉക്രയ്‌നിന്റെ അവസാന ചെറുത്തുനിൽപ്പും റഷ്യ വിഫലമാക്കി. നഗരത്തിന്റെ 80 ശതമാനം നിയന്ത്രണവും ഇപ്പോൾ റഷ്യക്കാണ്‌.  പടിഞ്ഞാറൻ ഉക്രയ്‌നിലേക്കും റഷ്യ ആക്രമണം വ്യാപിപ്പിച്ചു.

ലിവീവിൽ മിസൈൽ ആക്രമണത്തിൽ ബെസ്‌കിഡി ഭൂഗർഭ റെയിൽപ്പാത തകർത്തു. ഉക്രയ്‌ന്‌ യൂറോപ്പിൽനിന്നും അമേരിക്കയിൽനിന്നുമുള്ള സഹായം ഇതുവഴിയാണ്‌ ലഭിക്കുന്നത്‌. ഇത്‌ തടയാനാണ്‌ ആക്രമണം. അഞ്ചുപേർക്ക്‌ പരിക്കേറ്റു.
ഏറ്റുമുട്ടല്‍ നടക്കുന്ന കിഴക്കൻ ഉക്രയ്‌ൻ മേഖലകളിൽ ദിവസവും നൂറോളം ഉക്രയ്‌ൻ സൈനികർ മരിക്കുന്നതായി പ്രസിഡന്റ്‌ വ്ലാദിമിർ സെലൻസ്‌കി പറഞ്ഞു. റഷ്യ രണ്ടു ലക്ഷം കുട്ടികളെ തട്ടിക്കൊണ്ടുപോയതായും സെലൻസ്‌കി ആരോപിച്ചു. 16 ലക്ഷത്തോളംപേർ ഉക്രയ്‌നിൽനിന്ന്‌ റഷ്യയിലേക്ക്‌ കടന്നതായും റിപ്പോർട്ടുണ്ട്‌. 

ഇതിനിടെ, അമേരിക്കയ്‌ക്ക്‌ പുറമേ ജർമനിയും ഉക്രയ്‌ന്‌ ആയുധം നൽകാൻ തീരുമാനിച്ചു. അത്യാധുനിക മിസൈലുകളും റഡാർ സംവിധാനങ്ങളും നൽകുമെന്ന്‌ ജർമനി ബുധനാഴ്‌ച പറഞ്ഞു. ഓയിൽ ഉൽപ്പാദന കരാറിൽനിന്നും റഷ്യയെ പുറത്താക്കാൻ ഓയിൽ കയറ്റുമതി രാജ്യങ്ങളുടെ സംഘടന (ഒപെക്‌) ആലോചിക്കുന്നതായി റിപ്പോർട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top