29 March Friday
ക്രിമിയയിലേക്കുള്ള ശുദ്ധജല വിതരണം മുടങ്ങും ; ലക്ഷക്കണക്കിനാളുകളെ ബാധിക്കും

റഷ്യ ഉക്രയ്ന്‍ യുദ്ധം ; അണക്കെട്ട് തകര്‍ത്തു, കൂട്ട ഒഴിപ്പിക്കല്‍ തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 6, 2023


കീവ്‌
16 മാസം പിന്നിട്ട റഷ്യ-, ഉക്രയ്ന്‍ യുദ്ധത്തില്‍ വിനാശകരമായ വഴിത്തിരിവ്.  റഷ്യന്‍ നിയന്ത്രണത്തിലുള്ള തെക്കന്‍ ഉക്രയ്‌ൻ മേഖലയിലെ അതിബൃഹത്തായ അണക്കെട്ട് തകര്‍ത്തു. ഖെർസണിലെ കഖോവ്‌ക ഡാമിന്റെ പ്രധാന​ഗേറ്റ് തകര്‍ന്ന്  ചൊവ്വ പുലർച്ചെ 2.50നാണ്‌ വെള്ളം കുത്തിയൊലിച്ചത്. സമുദ്രനിരപ്പിന് സമാനമായ അണക്കെട്ടിലെ ജലം അനിയന്ത്രിതമായി പരന്നൊഴുകുന്ന ഭയാനക ദൃശ്യത്തിന്റെ ഉപ​ഗ്രഹ ചിത്രങ്ങൾ ലോകത്തെ നടുക്കി.  ജലം റഷ്യൻ, ഉക്രയ്‌ൻ മേഖലകളിലേക്ക്‌ ഒരുപോലെ ഒഴുകുന്നു. സമീപമേഖല വെള്ളത്തിനടിയിലായി. റഷ്യൻ അധീനമേഖലയിലെ 22,000 പേരെയും ഉക്രയ്‌ൻ മേഖലയിലെ 16,000 പേരെയും ഇതുവരെ ഒഴിപ്പിച്ചു. ഉക്രയ്‌ന്റെ ഷെല്ലാക്രമണത്തിലാണ് ഡാം തകർന്നതെന്ന് റഷ്യയും റഷ്യയുടെ കുഴിബോംബാക്രമണമാണ് ദുരന്തകാരണമെന്ന് ഉക്രയ്‌നും ആരോപിച്ചു.

ഉക്രയ്‌നിലെ 80 ജനവാസമേഖല വെള്ളത്തിനടിയിലാകുമെന്ന്‌ ഉക്രയ്‌ൻ പ്രസിഡന്റ്‌ വ്‌ലോദിമിർ സെലൻസ്കി മുന്നറിയിപ്പ്‌ നൽകി. ചൊവ്വ വൈകിട്ടോടെ ഖെർസണിലെ 24 ജനവാസകേന്ദ്രം വെള്ളത്തിലായി. ഡാം സ്ഥിതി ചെയ്യുന്ന നോവ കഖോവ്ക ജില്ലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇവിടെ 11 മീറ്റർ (36 അടി) ഉയരത്തിൽ വെള്ളം കയറി. ജനവാസമേഖലയും ബിസിനസ് സ്ഥാപനങ്ങളുമടക്കം വെള്ളത്തിൽ മുങ്ങി. നിപ്പർ നദിയുടെ വലതുവശത്തുള്ള പത്ത്‌ ഗ്രാമത്തിലും ഖെർസൺ നഗരത്തിലും ഉള്ളവരെ ഒഴിപ്പിച്ചു. നിപ്പർ നദിയിലെ കഖോവ്‌ക ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ഡാമാണ്‌ തകർത്തത്‌. ജലവൈദ്യുത നിലയം പൂർണമായും മുങ്ങി. ജലവൈദ്യുതനിലയം പുനഃസ്ഥാപിക്കാനാകില്ലെന്നും നിലയത്തിനുള്ളിൽ സ്‌ഫോടനമുണ്ടായെന്നും ഉക്രയ്‌ന്റെ ജലവൈദ്യുത കമ്പനി വ്യക്തമാക്കി.

വന്‍ പാരിസ്ഥിതിക പ്രത്യാഘാതം
സോവിയറ്റ്‌ കാലത്ത്‌ നിർമിച്ച ഡാമിന്റെ സുരക്ഷിതത്വത്തില്‍ യുദ്ധമാരംഭിക്കുന്നഘട്ടത്തില്‍ തന്നെ അന്താരാഷ്ട്ര ഏജൻസികൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു.  അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാല്‍ 1.8 കോടി ക്യുബിക് മീറ്റർ (4.8 ബില്യൻ ഗാലൻ) വെള്ളം പുറത്തേക്ക് ഒഴുകുമെന്നും ലക്ഷക്കണക്കിന് ആളുകൾ താമസിക്കുന്ന  ഖെര്‍സണ്‍ വെള്ളത്തിനടിയിലാകുമെന്നും  മുമ്പ് മുന്നറിയിപ്പുണ്ടായിരുന്നു. മാസങ്ങൾ നീണ്ട കനത്ത മഴയെത്തുടർന്ന്‌ അണക്കെട്ടിൽ സാധാരണയിൽ കൂടുതൽ വെള്ളമുണ്ടായിരുന്നതായാണ്‌ റിപ്പോർട്ട്‌. ജനവാസമേഖലകളിൽനിന്ന്‌ ജലനിരപ്പ്‌ താഴാൻ ഒരാഴ്ചവരെ സമയമെടുക്കും.

ദൂരവ്യാപകമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന്‌ റഷ്യയും ഉക്രയ്‌നും മുന്നറിയിപ്പ്‌ നൽകി. യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമായ സപൊറീഷ്യയിലെ ശീതീകരണ സംവിധാനമാകെ തകരാറിലാകാൻ ഇടയുണ്ട്‌. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്‌. റഷ്യയുടെ ഭാ​ഗമായ ക്രിമിയയിലേക്കുള്ള ശുദ്ധജലവിതരണവും മുടങ്ങും. ഡാമിൽ സൂക്ഷിച്ചിരുന്ന 150 ടൺ എന്‍ജിന്‍ ഓയില്‍ വെള്ളത്തിൽ കലർന്നതായി സെലൻസ്കി പറഞ്ഞു. ബാക്കിയുള്ള 300 ടൺ കൂടി കലർന്നാൽ നിപ്പർനദി മുഴുവൻ മലീമസമാകും. വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങളും ഉണ്ടാകും.

പിന്നില്‍ 
ആര്
ഇരുവശത്തും ഒരേപോലെ നാശമുണ്ടാകുമെന്നതിനാൽ ആരാണ്‌ യഥാർഥ കുറ്റവാളിയെന്ന്‌ പറയാനാകില്ലെന്ന്‌ ലണ്ടൻ ആസ്ഥാനമായ അന്താരാഷ്ട്രനിരീക്ഷക സംഘടന ചാത്തം ഹൗസ് പ്രതികരിച്ചു. ബെലാറസിൽനിന്ന്‌ ചെങ്കടലിലേക്ക്‌ ഒഴുകുന്ന നിപ്പറിന്റെ  കരയിലെ ആറിൽ അഞ്ച്‌ അണക്കെട്ടും റഷ്യൻ നിയന്ത്രണത്തിലാണ്‌.

രക്ഷാസമിതി 
ചേരും
വിഷയം ചര്‍ച്ചചെയ്യാന്‍ യു എൻ രക്ഷാസമിതി അടിയന്തര യോഗം ചേരണമെന്ന്‌ ഉക്രയ്‌ൻ ആവശ്യപ്പെട്ടിട്ടുണ്ട്‌. രക്ഷാസമിതി ചേരുമെന്ന് സിമിതി അധ്യക്ഷസ്ഥാനത്തുള്ള റഷ്യ പ്രതികരിച്ചു.   വിവിധ രാഷ്ട്ര നേതാക്കളും ഏജൻസികളും നടുക്കവും അമർഷവും രേഖപ്പെടുത്തി.  റഷ്യ യുദ്ധക്കുറ്റമാണ്‌ നടത്തിയിരിക്കുന്നതെന്ന്‌ യൂറോപ്യൻ യൂണിയൻ പ്രസിഡന്റ്‌ ചാൾസ്‌ മൈക്കിൾ പറഞ്ഞു. ദുരന്തത്തിൽ റഷ്യക്ക്‌ പങ്കില്ലെന്ന്‌ വിയന്നയിലെ റഷ്യൻ സ്ഥാനപതി മിഖൈൽ ഇല്യാനോവ് പറഞ്ഞു.

18 ക്യുബിക്‌ കിലോമീറ്റർ സംഭരണശേഷി
ബലാറസിൽ ഉത്ഭവിച്ച്‌ കരിങ്കടലിൽ ചേരുന്ന നിപ്പർ നദിയിൽ സോവിയറ്റ്‌ കാലത്ത്‌  നിർമിച്ചതാണ്‌ കഖോവ്‌ക അണക്കെട്ട്‌. ഖെർസണിന്‌ 30 കിലോമീറ്റർ കിഴക്ക്‌ നോവ കഖോവ്‌ക ജില്ലയിൽ സ്ഥിതി ചെയ്യുന്നു. സ്‌റ്റാലിൻ ഭരണത്തിൽ നിർമാണം തുടങ്ങി നികിത ക്രൂഷ്‌ചേവ്‌ ഭരണത്തിലിരിക്കെ പൂർത്തിയാക്കി. 1956ൽ കമിഷൻ ചെയ്തു.

കിഴക്കൻ ഉക്രയ്‌നിൽ റഷ്യൻ, ഉക്രയ്‌ൻ മേഖലകളെ വേർതിരിക്കുന്നു. 357 മെഗാവാട്ട്‌ ഉത്പാദനശേഷിയുള്ള കഖോവ്‌ക ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ അണക്കെട്ടിന്‌ 38 മീറ്ററാണ്‌ (98 അടി) ഉയരം. 3.2 കിലോമീറ്റർ നീളമുണ്ട്‌. 18 ക്യുബിക്‌ കിലോമീറ്റർ സംഭരണശേഷി–- ഏകദേശം അമേരിക്കയിലെ ഗ്രേറ്റ്‌ സാൾട്ട്‌ ലേക്കിന്റേതിന്‌ തുല്യം. 1.996 ക്യുബിക്‌ കിലോമീറ്ററാണ്‌ ഇടുക്കി ഡാമിന്റെ സംഭരണശേഷി.

ആദ്യ ആക്രമണമല്ല
റഷ്യ–- ഉക്രയ്‌ൻ യുദ്ധാരംഭത്തിനുശേഷം അണക്കെട്ടുകളിലേക്ക്‌ ആക്രമണം ഉണ്ടാകുന്നത്‌ ഇതാദ്യമല്ല. 2022 സെപ്തംബറിൽ കിഴക്കൻ ഉക്രയ്‌നിലെ കരാഷുനിവ്‌സ്ക്‌ ജലസംഭരണി മിസൈൽ ആക്രമണത്തിൽ തകർന്നിരുന്നു. മേഖലയാകെ വെള്ളത്തിലായി. വൻതോതിൽ ജനങ്ങളെ ഒഴിപ്പിച്ചു.
ഒക്‌ടോബറിൽ സപൊറീഷ്യ, ക്രെമൻചുഷ്‌, നീസ്റ്റർ നദി എന്നിവിടങ്ങളിലെ ജലവൈദ്യുത പദ്ധതികളുടെ ഭാഗമായ ഡാമുകളിലേക്ക്‌ മിസൈൽ ആക്രമണമുണ്ടായി. ഡിസംബറിലും 2023 ഫെബ്രുവരിയിലും സപൊറീഷ്യക്കു സമീപം നിപ്രോ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ അണക്കെട്ടിലേക്കും ആക്രമണമുണ്ടായി.2022 ഫെബ്രുവരിയിൽ കീവിലേക്കുള്ള റഷ്യൻ മുന്നേറ്റം തടയാൻ ഉക്രയ്‌ൻ ഇർപിൻ അണക്കെട്ട്‌ തകർത്തിരുന്നു.

റഷ്യ യൂറോപ്പിന്റെ സമാധാനം 
തകർത്തെന്ന് നാറ്റോ
ഉക്രയ്നെതിരായ റഷ്യൻനീക്കം യൂറോപ്പിലെ സമാധാനം തകർത്തെന്ന് പാശ്ചാത്യരാജ്യങ്ങളുടെ സൈനികസഖ്യമായ നാറ്റോയുടെ മേധാവി ജെൻസ് സ്റ്റോൾട്ടൻബർഗ്. കഖോവ്ക അണക്കെട്ട് നശിപ്പിച്ചത് റഷ്യയുടെ ക്രൂരത വീണ്ടും വെളിപ്പെടുത്തി. ജൂലൈയിൽ വിൽനിയസിൽ ചേരുന്ന നാറ്റോ ഉച്ചകോടി നിര്‍ണായക തീരുമാനമെടുക്കും. എല്ലാ സഖ്യകക്ഷികൾക്കും നാറ്റോയുടെ വാതിൽ തുറന്നിരിക്കുകയാണെന്നും ബ്രാറ്റിസ്ലാവയില്‍ ബുക്കാറെസ്റ്റ് ഒമ്പത് ഉച്ചകോടിയിൽ അദ്ദേഹം പറഞ്ഞു.

കുഴിബോംബുകള്‍ ഒഴുകിവരും; 
സൂക്ഷിക്കണം
കഖോവ്ക അണക്കെട്ട് അപകടത്തിലായതിനെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിൽ കുഴിബോംബുകള്‍ ഒഴുകിവരാന്‍ സാധ്യതയുണ്ടെന്നും നാട്ടുകാര്‍ സൂക്ഷിക്കണമെന്നും ഉക്രയ്ന്‍ മുന്നറിയിപ്പ് നല്‍‌കി. അതിര്‍ത്തി മേഖലകളില്‍ സ്ഥാപിച്ച കുഴിബോംബുകള്‍ വെള്ളപ്പൊക്കത്തില്‍ വന്‍ ഭീഷണിയുയര്‍ത്തുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഖർസണ്‍ മേഖലയില്‍ ഒഴിപ്പിക്കൽ പുരോഗമിക്കുകയാണെന്നും ഉക്രയ്‌ൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top