20 April Saturday

ബഹിരാകാശ സഹകരണം: യുഎഇ-ഇസ്രായേല്‍ സുപ്രധാന കരാര്‍

കെ എല്‍ ഗോപിUpdated: Thursday Oct 21, 2021

ദുബായ് >  ശാസ്ത്രീയ ഗവേഷണം, ബഹിരാകാശ പര്യവേക്ഷണം, വിജ്ഞാന കൈമാറ്റം എന്നിവയില്‍ സഹകരണം വര്‍ധിപ്പിക്കുന്നതിന് ഇസ്രായേല്‍ ബഹിരാകാശ ഏജന്‍സിയുമായി യുഎഇ ബഹിരാകാശ ഏജന്‍സി ധാരണാപത്രത്തില്‍ ഏര്‍പ്പെട്ടു. മത്സരാധിഷ്ഠിത സാമൂഹികക്രമത്തില്‍ ദേശീയ ബഹിരാകാശ വ്യവസായം ശക്തിപ്പെടുത്താനുള്ള യുഎഇ കാഴ്ചപ്പാടിന്റെ ഭാഗമായാണ് ഈ സുപ്രധാന നീക്കമെന്ന് യുഎഇ ബഹിരാകാശ ഏജന്‍സി ചെയര്‍മാനും അഡ്വാന്‍സ് ടെക്‌നോളജി സഹമന്ത്രിയുമായ  സാറാ ബിന്ത് യൂസഫ് അല്‍ അമീരി പറഞ്ഞു. ഇസ്രായേലിന് ആഗോളതലത്തില്‍  അംഗീകരിക്കപ്പെട്ട ബഹിരാകാശ വ്യവസായമുണ്ട് എന്നും ബഹിരാകാശ പര്യവേക്ഷണത്തില്‍ ഒരു പുതിയ യുഗം ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ഈ ഉഭയകക്ഷി പങ്കാളിത്തം എന്നും അവര്‍ സൂചിപ്പിച്ചു.

യുഎഇ സ്‌പേസ് ഏജന്‍സിയുമായി സഹകരിച്ച് നടന്ന എക്‌സ്‌പോ 2020 സ്‌പേസ് വാരത്തില്‍ ഇസ്രയേല്‍ ഇന്നവേഷന്‍ ആന്‍ഡ് സയന്‍സ്  ടെക്‌നോളജി മന്ത്രി ഒറിറ്റ് ഫര്‍കാഷ് ഹാക്കോഹനുമായി യുഎഇ കരാറില്‍ ഒപ്പിട്ടു. ശാസ്ത്രീയ ബഹിരാകാശ ഡാറ്റ ശേഖരിക്കാനും വിശകലനം ചെയ്യാനുമുള്ള പ്രയോജനപ്രദമായ ഒരു പങ്കാളിത്തം ആയിരിക്കും ഇത്. ഈ സുപ്രധാന കരാറിന്റെ ഭാഗമായി 2024 ഓടെ ചന്ദ്രനില്‍ ഒരു ബഹിരാകാശ പേടകം ഇറക്കാനുള്ള ഇസ്രായേലിന്റെ ബെറെഷീറ്റ് -2 ദൗത്യത്തിനായി യുഎഇ ഗവേഷണം കൈമാറുകയും ശാസ്ത്രീയ ഉപകരണങ്ങള്‍ വികസിപ്പിക്കുകയും ചെയ്യും. ഇസ്രായേലിലെയും യുഎഇയിലെയും സര്‍വകലാശാലകളും സഹകരണ ഗവേഷണ പദ്ധതികള്‍ ആരംഭിക്കും. ചുവന്ന വേലിയേറ്റ പ്രതിഭാസം പര്യവേക്ഷണം ചെയ്യുക, ഈന്തപ്പന കൃഷിയെ ഭീഷണിപ്പെടുത്തുന്ന ചുവന്ന ഈന്തപ്പന കീടബാധയെ വിശകലനം ചെയ്യുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഇസ്രായേല്‍ ബഹിരാകാശ ഏജന്‍സിയും ഫ്രഞ്ച് ബഹിരാകാശ ഏജന്‍സിയും ഉപയോഗിക്കുന്ന മൈക്രോസാറ്റലൈറ്റ് ശേഖരിച്ച സസ്യങ്ങളും പരിസ്ഥിതി വിവരങ്ങളും യുഎഇയുമായി പങ്കിടും.

ബഹിരാകാശ ഗവേഷണം, നൂതന സാങ്കേതികവിദ്യകള്‍ എന്നിവയില്‍ ഇസ്രായേല്‍ വലിയ പുരോഗതി കൈവരിച്ചിട്ടുണ്ട്. ബഹിരാകാശത്ത് ഉപഗ്രഹങ്ങള്‍ വിജയകരമായി വിക്ഷേപിക്കുകയും സ്ഥാപിക്കുകയും ചെയ്യുന്ന ലോകത്തിലെ എട്ടാമത്തെ രാജ്യമാണ് ഇസ്രായേല്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top