19 April Friday
മൂന്നുമാസം അടിയന്തിരാവസ്ഥ

തുർക്കി -സിറിയ ഭൂകമ്പത്തിൽ മരണം 7800, കുടുങ്ങിക്കിടക്കുന്നത് ആയിരങ്ങൾ

വെബ് ഡെസ്‌ക്‌Updated: Wednesday Feb 8, 2023
അങ്കാറ> തെക്കൻ തുർക്കിയേയും വടക്കൻ സിറിയയേയും തകർത്തെറിഞ്ഞ ഭൂകമ്പങ്ങളിൽ മരണം 7,800 കടന്നു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേരാണ് കുടുങ്ങിക്കിടക്കുന്നത്. കനത്ത മഞ്ഞ് വീഴ്ചയും മഴയും രക്ഷാപ്രവർത്തനത്തിന് തടസമാവുകയാണ്. യഥാർഥ ആള്‍നാശം 40,000 കടക്കുമെന്ന്  ഐക്യരാഷ്ട്ര സംഘടന വ്യക്തമാക്കി.
 
തുർക്കിയിലെ ഭൂകമ്പ ബാധിത പ്രവിശ്യകളിൽ മൂന്ന് മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.ഭൂകമ്പത്തിൽ നടുങ്ങിയ തുർക്കിയിലും സിറിയയിലും മരണസംഖ്യ എട്ടുമടങ്ങുവരെ വർധിച്ചേക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഭൂകമ്പ സമയത്ത് പലരും ഉറക്കത്തിലായിരുന്നതാണ് മരണസംഖ്യ ഉയരാൻ കാരണം. ഭൂകമ്പബാധിത പ്രദേശമായ ഗാസിയാൻതെപിൽ താപനില മൈനസ് അഞ്ച് ഡിഗ്രിയാണ്. തുർക്കിയിൽ നിന്ന് മാത്രം എണ്ണായിരത്തിലധികം പേരെ രക്ഷപ്പെടുത്തിട്ടുണ്ട്.യഥാർഥ കണക്ക്‌ പുറത്തുവരാൻ ദിവസങ്ങൾ എടുത്തേക്കും. ആയിരക്കണക്കിന്‌ കുട്ടികൾ മരിച്ചിട്ടുണ്ടാകുമെന്ന് യുനിസെഫ് റിപ്പോര്‍ട്ട് ചെയ്തു.
 
അതിനിടെ തുർക്കിയിൽ ഇന്നലെ അഞ്ചാം ഭൂകമ്പമുണ്ടായി. തെക്ക് കിഴക്കൻ പ്രവിശ്യയിൽ പന്ത്രണ്ടായിരത്തിലധികം കെട്ടിടങ്ങളാണ് നിലംപൊത്തിയത്. രക്ഷാപ്രവർത്തനത്തിന് സിറിയ അന്താരാഷ്ട്ര സഹായം തേടി. സാമ്പത്തിക ഉപരോധം നീക്കാനും സഹായം നൽകാനും സിറിയൻ സഹായ ഏജൻസി പാശ്ചാത്യ രാജ്യങ്ങളോട് അഭ്യർത്ഥിച്ചു. ദുരന്തബാധിത പ്രദേശങ്ങളിലേക്ക് ഇന്ത്യയടക്കം വിവിധ രാജ്യങ്ങൾ നിന്നുള്ളവർ രക്ഷാപ്രവർത്തനത്തിന് എത്തിത്തുടങ്ങിട്ടുണ്ട്.റഷ്യയും നെതർലൻഡസും തുർക്കിക്കൊപ്പം സിറിയയ്ക്കും സഹായം നൽകാമെന്ന് അറിയിച്ചിട്ടുണ്ട്.
 
കനത്ത മഞ്ഞുവീഴ്ച രക്ഷാപ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്‌.  24,000 രക്ഷാപ്രവർത്തകരാണ്‌ വിവിധയിടങ്ങളിലായി തിരച്ചിൽ നടത്തുന്നത്‌. പൂജ്യം ഡിഗ്രിയിലും താഴെ താപനിലയിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ സമയനഷ്ടമില്ലാതെ രക്ഷപ്പെടുത്തുകയെന്നത്‌ വെല്ലുവിളിയാണ്‌. പൊലീസ്‌ നായകളെ ഉൾപ്പെടെ ഉപയോഗിച്ചാണ്‌ തിരച്ചിൽ. പാതി ഇടിഞ്ഞ്‌ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ രക്ഷാപ്രവർത്തനത്തിനിടെ നിലംപൊത്തുന്ന അപകടവുമുണ്ട്‌. കുടുങ്ങിക്കിടക്കുന്നവരുടെ നിലവിളികൾ നഗരങ്ങളിൽ മുഴങ്ങുന്നു. കെട്ടിടങ്ങൾക്കടിയിലും മറ്റും പെട്ടവർ ശബ്ദസന്ദേശങ്ങളും ലൊക്കേഷനും പരിചയക്കാർക്ക്‌ അയക്കുന്നുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top