26 April Friday

എങ്ങും മരണ​ഗന്ധം: മരിച്ചവരുടെ എണ്ണം നാല്‍പ്പതിനായിരത്തിലേക്ക്

വെബ് ഡെസ്‌ക്‌Updated: Tuesday Feb 14, 2023

അങ്കാറ> തുർക്കിയിലും സിറിയയിലും കഴിഞ്ഞ തിങ്കളാഴ്ചയുണ്ടായ ഭൂകമ്പങ്ങളിൽ മരിച്ചവരുടെ എണ്ണം നാല്‍പ്പതിനായിരത്തിലേക്ക്. തുർക്കിയിൽമാത്രം തിങ്കൾവരെ മുപ്പത്തിമൂവായിരത്തോളം മൃതദേഹം കണ്ടെത്തി. സിറിയയിൽ അയ്യായിരത്തോളം മരണമാണ്‌ ഇതുവരെ സ്ഥിരീകരിച്ചത്‌. പല മേഖലയിലെയും വിവരം പുറത്തുവരാനുണ്ട്‌. ദുരന്തബാധിതമേഖലയിലാകെ മൃതദേഹങ്ങൾ അഴുകുന്ന ദുർഗന്ധം വമിക്കുകയാണ്‌. തുർക്കിയിൽ സർക്കാർ കാര്യക്ഷമമായി ഇടപെട്ടില്ലെന്ന പരാതി വ്യാപകം.

ഇരു രാജ്യത്തും രക്ഷാപ്രവർത്തനം അവസാനഘട്ടത്തിലേക്ക്‌ കടക്കുകയാണെന്ന്‌ യുഎൻ ദുരിതാശ്വാസവിഭാഗം മേധാവി മാർട്ടിൻ ഗ്രിഫിത്‌ പറഞ്ഞു. യഥാർഥ മരണസംഖ്യ 50,000 കടക്കുമെന്ന്‌ കഴിഞ്ഞദിവസം അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഒറ്റപ്പെട്ട സംഭവങ്ങളൊഴിച്ചാൽ, ഇനിയും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന്‌ ആളുകളെ ജീവനോടെ കണ്ടെത്തുക ഏറെക്കുറെ അസാധ്യമാണ്‌. ഇനിയുള്ള സമയം അതിജീവിച്ചവരുടെ സുരക്ഷ ഉറപ്പാക്കുകയാണ്‌ പ്രധാനമെന്നാണ്‌ ഐക്യരാഷ്ട്ര സംഘടന ചൂണ്ടിക്കാട്ടുന്നത്‌. ദുരന്തത്തെതുടർന്ന്‌ സിറിയയിൽ 53 ലക്ഷം പേർ ഭവനരഹിതരായിരിക്കാമെന്നാണ്‌ യുഎന്നിന്റെ കണക്ക്‌. രണ്ടു രാജ്യത്തുമായി ഒമ്പതു ലക്ഷത്തോളം പേർക്ക്‌ ഭക്ഷണവും മറ്റ്‌ അവശ്യവസ്തുക്കളും ആവശ്യമുണ്ട്‌.

തകര്‍ന്ന വീട്ടില്‍ അവര്‍ കത്തിയമര്‍ന്നു

തുര്‍ക്കിയിലെ പുരാതന ന​ഗരമായ അന്റാക്യ (അന്ത്യോക്യ)യിലെ കീഴ്മേല്‍ മറിഞ്ഞ കെട്ടിടസമുച്ചയത്തിനുള്ളില്‍ എർഡെം അവ്‌സറോഗ്ലു എന്ന അഗ്നിരക്ഷാ സൈനികന്റെ സഹോദരിയും ഭര്‍ത്താവും രണ്ട് കുട്ടികളും ഉണ്ടായിരുന്നു. ഭൂകമ്പത്തിനുശേഷവും അവര്‍ ജീവിച്ചിരിപ്പുണ്ടായിരുന്നു. രക്ഷാപ്രവർത്തകരുമായി അവര്‍ക്ക് ആശയവിനിമയം നടത്താനായി. എന്നാല്‍, ഒന്നര ദിവസം കഴിഞ്ഞപ്പോള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കിടന്ന ജനറേറ്റര്‍ പൊട്ടിത്തെറിച്ച് തീപിടിത്തമുണ്ടായി. തകര്‍ന്ന കെട്ടിടത്തിനടയില്‍ മണിക്കൂറുകളോളം തീ പടരുന്നത് അവ്‌സരോഗ്ലു നിരാശയോടെ പുറത്തുനിന്ന് കണ്ടുനിന്നു. പിന്നീട് അവരുടെ ശബ്ദം കേട്ടിട്ടില്ല.  

“ഇത് ഏഴാം ദിവസമാണ്, ഞങ്ങള്‍ എല്ലാവരും ക്ഷീണിതരാണ്,  എല്ലാം നീക്കി ഉള്ളില്‍ എത്തിയിട്ടും അവരുടെ മൃതദേഹം കണ്ടെത്താനായില്ല, എല്ലാം കത്തിയമര്‍ന്നിരിക്കാം”അദ്ദേഹം പറഞ്ഞു. പാര്‍പ്പിടസമുച്ചയത്തില്‍ എണ്‍പതോളംപേര്‍ താമസിച്ചിരുന്നു. തീപടരുന്നതിനുമുമ്പ്  21 പേരെ രക്ഷിച്ചു. 12 മൃതദേഹം കിട്ടി.  ബാക്കി 47 പേരെ ഇപ്പോഴും കാണാനില്ല. സര്‍ക്കാര്‍ സഹായം നേരത്തേ ലഭിച്ചെങ്കില്‍ തീ പടരുംമുമ്പ് എല്ലാവരെയും രക്ഷിക്കാമായിരുന്നു. ഇപ്പോള്‍ ഇന്ത്യന്‍സംഘം  ഈ മേഖലയിലാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top