08 May Wednesday

അതിജീവനത്തിന്റെ അത്ഭുതകഥകള്‍

വെബ് ഡെസ്‌ക്‌Updated: Sunday Jun 11, 2023

തായ്‌ഗുഹയിൽ അകപ്പെട്ട കുട്ടികളെ രക്ഷിച്ചപ്പോൾ

ദ്വീപില്‍ 15 മാസം 
6 കുട്ടികള്‍

1965-ൽ പസഫിക് സമുദ്രത്തിലെ ടോംഗയുടെ തെക്ക് ഭാഗത്തുള്ള പാറക്കെട്ടുകളുള്ള ഒരു ദ്വീപിൽ ആറ് സ്‌കൂൾ കുട്ടികൾ കുടങ്ങിയത്‌ ഒരു വര്‍ഷത്തിലേറെ. സ്കൂൾ മടുത്തതിനാൽ ഒരു മീന്‍പിടിത്തബോട്ടുമെടുത്ത് കടലില്‍ സാഹസികയാത്ര പോയതാണ് അവര്‍. പ്രായം 13നും 16നും ഇടയില്‍. രണ്ടു ചാക്ക് നേന്ത്രപ്പഴവും കുറച്ച് തേങ്ങയും  കത്തിയും ചെറിയ ഗ്യാസ് ബർണറുമെല്ലാം എടുത്തിരുന്നു. ബോട്ടില്‍ കിടന്ന് അവര്‍ ഉറങ്ങി. ഉണര്‍ന്നപ്പോള്‍ തിരമാല തലയ്ക്കുമീതെ. ബോട്ടിലുള്ളതെല്ലാം പോയി.
|
അവർ എട്ടു ദിവസം ഭക്ഷണമില്ലാതെ ഒഴുകി. പിന്നീട് ആളില്ലാ ദ്വീപില്‍ എത്തി. 15 മാസത്തിനുശേഷം രക്ഷകർ എത്തിയപ്പോള്‍ കുട്ടികൾ ദ്വീപില്‍ ഒരു ഭക്ഷണത്തോട്ടം സജ്ജീകരിച്ചിരുന്നു. മഴവെള്ളം പിടിക്കാനും തീ കെടാതെ സൂക്ഷിക്കാനും അവര്‍ സംവിധാനം ഉണ്ടാക്കിയിരുന്നു. പൂന്തോട്ടം, അടുക്കള, സുരക്ഷാച്ചുമതല എന്നിവയ്ക്ക് പ്രത്യേക സമയം അനുസരിച്ച് ഓരോരുത്തരും ജോലി ചെയ്തിരുന്നു. മീന്‍പിടിച്ചും പക്ഷിയെ പിടിച്ചും പക്ഷിമുട്ടയും തേങ്ങയും തിന്നും അവര്‍ ജീവിച്ചു.

തായ് ഗുഹ 
രക്ഷാപ്രവർത്തനം

2018ൽ തായ്‌ലൻഡിൽനിന്നുള്ള 12 യുവ ഫുട്‌ബോൾ താരങ്ങൾ കോച്ചിനൊപ്പം വെള്ളപ്പൊക്കത്തിൽ ഗുഹയിൽ കുടുങ്ങിയപ്പോൾ 18 ദിവസം ലോകം ശ്വാസമടക്കിനിന്നു. 11നും 17നും ഇടയിൽ പ്രായമുള്ളവരായിരുന്നു കളിക്കാർ. - ഗുഹാമുഖത്തുനിന്ന് നാലു കിലോമീറ്റർ ഉള്ളിലെ പാറയിൽ, ഭക്ഷണമൊന്നുമില്ലാതെ അവര്‍ കഴിഞ്ഞുകൂടി.

ദോയ് നാങ് നോൺ പർവതനിരയിലെ താം ലുവാങ് ഗുഹയ്ക്കുള്ളിൽ അവരെ കണ്ടെത്താൻ മുങ്ങൽ വിദഗ്ധർ ഒമ്പതു ദിവസമെടുത്തു. അതിനിടെ രണ്ടു രക്ഷാപ്രവർത്തകർ മരിച്ചു. ഇവരുടെ അതിജീവനം ഒന്നിലേറെ സിനിമകള്‍ക്ക് പ്രചോദനമായി.

കരടിയുള്ള വനത്തില്‍ ഒറ്റയ്ക്ക്


യാത്രയ്ക്കിടെ കുസൃതി കലശലായപ്പോള്‍ ചെറുതായൊന്ന് ശിക്ഷിക്കാം എന്നു കരുതി അച്ഛനും അമ്മയും ഏഴു വയസ്സുള്ള യമാറ്റോ തനൂക്കയെ വനപാതയുടെ അരികില്‍ ഇറക്കിയശേഷം കാറോടിച്ചുപോയി. അച്ഛനും അമ്മയും ഉപേക്ഷിച്ചുപോയെന്നു കരുതി കുട്ടി കാട്ടിലേക്ക് ഓടിക്കയറി. കരടികൾ തിങ്ങിപ്പാർക്കുന്ന പർവത വനപ്രദേശത്ത് കുട്ടി ഒറ്റയ്ക്ക് കഴിഞ്ഞത് ഒരാഴ്ചയോളം. ജാപ്പനീസ് സൈനികര്‍ മൂന്നു ദിവസത്തിനുശേഷം അവനെ അവിചാരിതമായി കണ്ടെത്തി. ഭക്ഷണം കഴിച്ചില്ലെങ്കിലും അവന്‍ ഒട്ടും പേടിച്ചിരുന്നില്ലെന്ന് പരിശോധിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു. 2016ലാണ് സംഭവം.

കാറില്‍ കുടുങ്ങിയ 
കുട്ടികള്‍


2022 ഡിസംബറിൽ പടിഞ്ഞാറൻ ഓസ്‌ട്രേലിയയിൽ സഞ്ചരിച്ച വാഹനം തകര്‍ന്ന് അച്ഛനമ്മമാര്‍ മരിച്ചപ്പോള്‍ അവശിഷ്ടങ്ങള്‍ക്കിയില്‍ കുടുങ്ങിയ കുട്ടികള്‍ രക്ഷകര്‍ എത്താന്‍ കാത്തുകിടന്നത് 55 മണിക്കൂര്‍. അഞ്ചുവയസ്സുകാരിയായ മൂത്തകുട്ടി ഒന്നും രണ്ടും വയസ്സുള്ള ഇളയ സഹോദരന്മാരെ അവിശ്വസനിയമാംവിധം രക്ഷപ്പെടുത്തി.

മറിഞ്ഞ ലാൻഡ് റോവറിന്റെ ഉള്ളിൽ കുടുങ്ങിയ പെൺകുട്ടി ഒരു വയസ്സുള്ള സഹോദരനെ സീറ്റ് ബെൽറ്റിൽ നിന്ന് മോചിപ്പിച്ചു. രണ്ടു വയസ്സുള്ള സഹോദരൻ രണ്ട് ദിവസത്തിലധികം സീറ്റിൽ കുടുങ്ങി.  മരിച്ചുപോയ അച്ഛനമ്മമാരുടെ അരികിൽ 30 ഡിഗ്രി ചൂടിൽ അവര്‍ രക്ഷകരെ കാത്തുകിടന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top