23 April Tuesday

അറബിക്കടലിൽ ഇസ്രയേലി ടാങ്കറിന് നേരെ ഡ്രോൺ ആക്രമണം

അനസ് യാസിൻUpdated: Saturday Feb 18, 2023

മനാമ> അറബിക്കടലിൽ ഇസ്രായേലി കപ്പൽ ആക്രമിക്കപ്പെട്ടതായി റിപ്പോർട്ട്. ഈ മാസം പത്തിന് കാമ്പോ സ്‌ക്വയർ എന്ന ഇസ്രയേലി ഉടമസ്ഥതിയിലുള്ള ടാങ്കറാണ് ആക്രമണത്തിന് ഇരയായത്. അറബിക്കടലിൽ രണ്ട് എണ്ണ ടാങ്കറുകൾക്കും ഒരു ചരക്ക് കപ്പലിനും നേരെ ഡ്രോൺ ആക്രമണം ഉണ്ടായതായി ബ്രട്ടീഷ് സമുദ്ര സുരക്ഷ കമ്പനിയായ ആംബ്രെ ഇന്റലിജൻസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഡ്രോണുകൾ ഉപയോഗിച്ചുള്ള ആക്രമണത്തിൽ ആളാപായം റിപ്പോർട്ട് ചെയ്തിട്ടില്ല. രണ്ട് ടാങ്കറുകൾ ഇസ്രയേൽ ഉടമസ്ഥതിയിലുള്ളതും ഒന്ന് യുഎഇ ഉടമസ്ഥതയിലുള്ളതാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയുടെയും ഒമാന്റെയും തീരങ്ങളിൽ നിന്ന് ഏതാണ്ട് 300 നോട്ടിക്കൽ അകലെയാണ് കപ്പൽ ആക്രമിക്കപ്പെട്ടത്.

ആക്രമണത്തിൽ നിരവധി ഇറാനിയൻ കപ്പലുകളും ഉക്രെയ്ൻ യുദ്ധത്തിന് റഷ്യ ഉപയോഗിച്ചിരുന്ന ഷഹെദ് 136 ഡ്രോണും ഉൾപ്പെട്ടിട്ടുണ്ടെന്ന് ബിബിസി പേർഷ്യൻ ന്യൂസ് പറഞ്ഞു. ഇക്കാര്യത്തിൽ ഇറാൻ പ്രതികരിച്ചിട്ടില്ല.ജനുവരി 29ന് ഇറാനിലെ മധ്യനഗരമായ ഇസ്ഫഹാനിലെ സൈനിക വ്യവസായ കേന്ദ്രത്തിന് നേരെ ഡ്രോൺ ആക്രമണം നടന്നിരുന്നു. ആക്രമണത്തിന് പിന്നിൽ ഇസ്രായേലാണെന്ന് ആരോപിച്ച ഇറാൻ പ്രതികാരം ചെയ്യുമെന്നും വ്യക്തമാക്കിയിരുന്നു. ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ പദ്ധതിയുടെ കേന്ദ്രഭാഗമായ നതാൻസ് ഉൾപ്പെടെ നിരവധി ആണവ സൈറ്റുകൾ ഇസ്ഫഹാൻ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്നു. നതാൻസ് ആണവ കേന്ദ്രത്തിന് നേരെ 2021ൽ നടന്ന ആക്രമണത്തിന് പിന്നിൽ ഇസ്രയേൽ ആണെന്നും ഇറാൻ ആരോപിച്ചിരുന്നു.

സമീപ വർഷങ്ങളിൽ ഇറാനിയൻ സൈനിക, ആണവ, വ്യാവസായിക സൈറ്റുകൾക്ക് ചുറ്റും നിരവധി സ്‌ഫോടനങ്ങളും തീപിടുത്തങ്ങളും ഉണ്ടായിട്ടുണ്ട്. ഉക്രെയ്ൻ യുദ്ധത്തിനായുള്ള ദീർഘദൂര ഡ്രോണുകൾ ഉൾപ്പെടെ റഷ്യക്കു വിതരണം ചെയ്യുന്നതിനെയും ഇറാന്റെ ആണവ പ്രവർത്തനത്തെയും ചൊല്ലി ഇറാനും പടിഞ്ഞാറും തമ്മിലുള്ള തർക്കങ്ങൾക്കിടെയാണ് പുതിയ സംഭവവികാസം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top