24 April Wednesday

"വീട്ടിലിരുന്നാല്‍ മതി"; വനിതകൾ ജോലിക്ക് വരേണ്ടെന്ന് താലിബാൻ

വെബ് ഡെസ്‌ക്‌Updated: Monday Sep 20, 2021

videograbbed image

കാബൂൾ > കാബൂൾ മുനിസിപ്പാലിറ്റിയിലെ വനിതാ ജീവനക്കാരോട്‌ ‘വീട്ടിലിരുന്നാൽ മതി’യെന്ന്‌ താലിബാൻ. പുരുഷ ജീവനക്കാർക്ക്‌ ചെയ്യാനാകാത്ത ജോലിക്കുമാത്രം സ്ത്രീകൾ മതിയെന്നും ഇടക്കാല മേയർ ഹംദുള്ള നമോണിയുടെ ഉത്തരവിൽ പറഞ്ഞു.

മുനിസിപ്പാലിറ്റിയിലെ വിവിധ വകുപ്പുകളിലെ 3000 ജീവനക്കാരിൽ മൂന്നിലൊന്നും സ്ത്രീകളാണ്‌. മറ്റൊരു തീരുമാനമുണ്ടാകുംവരെ ഇവരോട്‌ വീട്ടിലിരിക്കാൻ ആവശ്യപ്പെട്ടതായി നമോണി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പകരം പുരുഷന്മാരില്ലാത്തതിനാൽ ഡിസൈൻ, എൻജിനിയറിങ്‌ വിഭാഗത്തിലെ ഏതാനും വനിതകൾക്ക്‌ ഇളവ്‌ നൽകി. സ്ത്രീകൾക്കായുള്ള പൊതു ശൗചാലയങ്ങളിലെ ജീവനക്കാർക്കും ജോലിയിൽ തുടരാം.

ക്ലാസില്‍ കയറാതെ ആണ്‍കുട്ടികള്‍
ഏഴുമുതലുള്ള ക്ലാസുകളിലേക്ക് പെണ്‍കുട്ടികള്‍ വരേണ്ടെന്ന തീരുമാനത്തില്‍ പ്രതിഷേധിച്ച് ക്ലാസില്‍ പോകാതെ ആണ്‍കുട്ടികള്‍. ക്ലാസ് ആരംഭിച്ചെങ്കിലും നിരവധി ആണ്‍കുട്ടികള്‍ പ്രതിഷേധത്തിന്റെ ഭാ​ഗമായി സ്കൂളില്‍ പോയില്ല. വനിത അധ്യാപകരും ക്ലാസില്‍ വരേണ്ടെന്നാണ് തിട്ടൂരം. അവകാശങ്ങൾ നിഷേധിക്കുന്ന താലിബാന്‍ നയം തിരുത്തണമെന്നാവശ്യപ്പെട്ട് ഞായറാഴ്ച കാബൂളിൽ സ്ത്രീകൾ മാര്‍ച്ച് നടത്തി.

സ്ത്രീകളോട്‌ മുൻ ഭരണകാലത്ത്‌ പുലർത്തിയിരുന്ന മനോഭാവമായിരിക്കില്ല രണ്ടാം സർക്കാരിന്‌ എന്ന മുൻ വാഗ്‌ദാനത്തിന്‌ കടകവിരുദ്ധമായ നടപടികളാണ്‌ താലിബാൻ സ്വീകരിക്കുന്നത്‌. വനിതാ മന്ത്രാലയത്തിന്‌ പകരം ‘നന്മ–- തിന്മ’ മന്ത്രാലയം രൂപീകരിച്ചു. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പെൺകുട്ടികൾക്ക്‌ പ്രത്യേക ക്ലാസ്‌ ഏർപ്പെടുത്തുയും മതാചാരപ്രകാരമുള്ള വസ്ത്രധാരണം നിർബന്ധമാക്കുയും ചെയ്തു.
അതേസമയം, മുൻകാലങ്ങളിലെ തുടർ ആക്രമണങ്ങളിൽനിന്ന്‌ സുരക്ഷയ്ക്കായി കാബൂൾ നഗരത്തിൽ വിവിധയിടങ്ങളിൽ സ്ഥാപിച്ചിരുന്ന വേലികൾ താലിബാൻകാർ പൊളിച്ചുമാറ്റി. ഇതിന്റെ ചെലവ്‌ ജനങ്ങളിൽനിന്ന്‌ ഈടാക്കുമെന്നും മേയർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top