19 April Friday

കാബൂളിന്‌ 50 കിലോ മീറ്റർ മാത്രമകലെ താലിബാൻ; ആശങ്കയിൽ ലോകരാജ്യങ്ങൾ

വെബ് ഡെസ്‌ക്‌Updated: Saturday Aug 14, 2021

കാബൂൾ > കാബൂളിന്‌ 50 കിലോ മീറ്റർ അടുത്ത്‌ താലിബാൻ എത്തിയതോടെ എംബസികളിൽ നിന്ന്‌ ഉദ്യോഗസ്ഥരെ പിൻവലിച്ച്‌ ലോക രാജ്യങ്ങൾ. കാണ്ഡഹാർ ഉൾപ്പെടെ താലിബാൻ പിടിച്ചടക്കിയതിന്‌ പിന്നാലെ ഒഴിപ്പിക്കൽ നടപടികൾ സുഗമമാക്കാൻ 3000 യുഎസ്‌ സൈനികരാണ്‌ അഫ്‌ഗാനിൽ വീണ്ടും എത്തിയത്‌. ബ്രിട്ടണ്‍, ജര്‍മനി, ഡെന്മാര്‍ക്ക്, സ്‌പെയിന്‍ അടക്കമുള്ള രാജ്യങ്ങളും തങ്ങളുടെ പ്രതിനിധികളെ ഒഴിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. എംബസികളിലെ അതീവ പ്രാധന്യമുള്ള രേഖകൾ താലിബാന്റെ കൈവശം എത്താതിരിക്കാൻ അവ നശിപ്പിക്കാൻ രാജ്യങ്ങൾ കാബൂളിലെ നയതന്ത്ര പ്രതിനിധികൾക്ക്‌ നിർദേശം നൽകിയിരുന്നു. അതിനിടെ കാണ്ഡഹാറിലെ റേഡിയോ സ്‌റ്റേഷൻ പിടിച്ചടക്കിയ ഭീകരർ സംഗീത സംപ്രേഷണം നിരോധിച്ചതായും വാർത്തകളുണ്ട്‌.

സേന പിൻമാറ്റത്തിന്‌ പിന്നാലെ ഡ്രോണുകളടക്കമുള്ള അമേരിക്കയുടെ വൻ ആധുനിക ആയുധ ശേഖരവും വാഹനങ്ങളും താലിബാന്റെ കൈവശം എത്തിചേർന്നതാണ്‌ അഫ്‌ഗാൻ സൈന്യത്തിന്‌ കൂടുതൽ പ്രതിസന്ധി സൃഷ്‌ടിക്കുന്നത്‌. പിൻമാറ്റത്തിന്‌ പിന്നാലെ വലിയ തോതിൽ ആയുധങ്ങൾ അമേരിക്ക ഉപേക്ഷിച്ചിരുന്നു. അഫ്‌ഗാൻ സൈന്യത്തെ അറിയിക്കാതെയാണ്‌ പല സൈനിക കേന്ദ്രങ്ങളും യുഎസ്‌ സൈന്യം ഉപേക്ഷിച്ചത്. താലിബാന്‌ ഇത്‌ ഗുണം ചെയ്‌തു എന്നാണ്‌ വിലയിരത്തപ്പെടുന്നത്‌.

അതേ സമയം രാജിവെക്കില്ലെന്നും താലിബാനെതിരെ സേനയുടെ പുനർവ്യന്യാസത്തിനാണ്‌ മുഖ്യപരിഗണനയെന്നും അഫ്‌ഗാനിസ്ഥാൻ പ്രസിഡന്റ്‌ അഷറഫ്‌ ഗാനി പറഞ്ഞു. ജനങ്ങൾക്ക്‌ മേൽ യുദ്ധം അടിച്ചേൽപ്പിക്കാനോ, കൂടുതൽ മരണങ്ങൾക്കോ ആഗ്രഹിക്കുന്നില്ല. അഫ്‌ഗാൻ ജനതയ്‌ക്കു സമാധാനം ഉറപ്പാക്കാൻ ചർച്ചകൾ ആരംഭിച്ചതായും അദേഹം പറഞ്ഞു. എന്നാൽ പ്രസിഡന്റ്‌ രാജി വെച്ചാൽ മാത്രമേ ചർച്ചയ്‌ക്ക്‌ സാധ്യതയൊള്ളു എന്നതാണ്‌ താലിബാന്റെ നിലപാട്‌.

തലസ്ഥാനം ലഷ്യമാക്കിയുള്ള താലിബാൻ മുന്നേറ്റം തുടരുമ്പോൾ ഒട്ടും ആശ്വാസ്യകരമല്ല അഫ്‌ഗാനിസ്ഥാനിൽ നിന്നുള്ള വാർത്തകൾ. ഇതുവരെ 18 പ്രവിശ്യകൾ താലിബാന്റെ പൂർണ നിയന്ത്രണത്തിലായി കഴിഞ്ഞു. ഭീകരർ നിയന്ത്രിക്കുന്ന മേഖലകളിൽ സ്‌ത്രീകൾക്കും കുട്ടികൾക്കും മാധ്യമ പ്രവർത്തകർക്കുമെതിരെ നടക്കുന്നത്‌ ഗുരുതര മനുഷ്യാവകാശ ലംഘനങ്ങളാണെന്നായിരുന്നു യുഎൻ ജനറൽ സെക്രട്ടറി ആന്റേണിയോ ഗുട്ടറാസിന്റെ പ്രതികരണം. അഫ്‌ഗാനിൽ നിന്നും വരുന്നത്‌  ഭയപ്പെടുത്തുന്ന റിപ്പോർട്ടുകളാണ്‌. ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ ഇടപെടണമെന്ന്‌ ലോകരാജ്യങ്ങളോട്‌ ഗുട്ടറാസ്‌ അഭ്യർഥിച്ചു. താലിബാൻ നിയന്ത്രിത മേഖലകളിൽ നിന്നും ജനങ്ങളുടെ കൂട്ട പലായനം തുടരുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top