26 April Friday
അഫ്‌ഗാൻ ധനമന്ത്രി രാജിവച്ച്‌ നാടുവിട്ടു

താലിബാൻ 90 ദിവസത്തിനകം 
കാബൂൾ പിടിക്കുമെന്ന്‌ അമേരിക്ക ; സൈന്യത്തെ പിൻവലിച്ചതിൽ പശ്ചാത്താപമില്ലെന്ന്‌ ബൈഡൻ

വെബ് ഡെസ്‌ക്‌Updated: Thursday Aug 12, 2021


കാബൂൾ
താലിബാൻ 90 ദിവസത്തിനുള്ളിൽ അഫ്‌ഗാൻ തലസ്ഥാനം കാബൂൾ കൈയടക്കുമെന്ന്‌ അമേരിക്ക. ഒരു മാസത്തിനുള്ളിൽ നഗരം ഒറ്റപ്പെടുത്തുകയും മൂന്നുമാസംകൊണ്ട്‌ പൂർണനിയന്ത്രണത്തിലാക്കുകയും ചെയ്യുമെന്നാണ്‌ യുഎസ്‌ ഇന്റലിജൻസ്‌ റിപ്പോർട്ട്‌. താലിബാൻ മുന്നേറ്റത്തിന്‌ വേഗം കൂടിയ പശ്ചാത്തലത്തിലാണ്‌ പുതിയ റിപ്പോർട്ട്‌ പുറത്തുവന്നത്‌.

ബുധനാഴ്ച ബദാക്ഷൻ, ബഘ്‌ലാൻ പ്രവിശ്യാ തലസ്ഥാനങ്ങൾകൂടി പിടിച്ചതോടെ താലിബാൻ ഒരാഴ്ചയിൽ പിടിച്ചെടുത്ത പ്രവിശ്യയുടെ എണ്ണം ഒമ്പതായി. കാബൂളിന്‌ വടക്കുള്ള ബഗ്രാം വ്യോമതാവളത്തിലേക്ക്‌ ബുധനാഴ്ച താലിബാൻ റോക്കറ്റ്‌ ആക്രമണം നടത്തി. കുണ്ടുസ്‌ വിമാനത്താവളവും പിടിച്ചെടുത്തു. ഇവിടെ നൂറുകണക്കിന്‌ സൈനികർ കീഴടങ്ങി. ബദാക്ഷൻ പ്രവിശ്യാ തലസ്ഥാനം ഫൈസാബാദ്‌ കൂടി കീഴ്‌പ്പെടുത്തിയതോടെ അഫ്‌ഗാന്റെ വടക്കുകിഴക്കൻ മേഖല പൂർണമായും താലിബാൻ അധീനതയിലായി. 1996 മുതൽ 2001 വരെ രാജ്യം താലിബാന്റെ നിയന്ത്രണത്തിലായിരുന്നെങ്കിലും വടക്കൻ മേഖലയെ വരുതിയിലാക്കാൻ കഴിഞ്ഞിരുന്നില്ല. തജികിസ്ഥാൻ, പാകിസ്ഥാൻ, ചൈന എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന പ്രവിശ്യയാണ്‌ ബദാക്ഷൻ. ഉസ്‌ബെക്കിസ്ഥാൻ, ഇറാൻ എന്നിവയുടെ അതിർത്തിയിലുള്ള പ്രദേശങ്ങളും താലിബാൻ കൈയടക്കിയതോടെ ഈ രാജ്യങ്ങളിലും ആശങ്ക ശക്തമാണ്‌. അതേസമയം, അഫ്‌ഗാനിസ്ഥാനിൽനിന്ന്‌ സൈന്യത്തെ പിൻവലിച്ചതിൽ ഖേദമില്ലെന്ന്‌ അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ വ്യക്തമാക്കി. തീരുമാനത്തിൽ മാറ്റമില്ല. അഫ്‌ഗാൻ നേതാക്കൾ ഒറ്റക്കെട്ടായി രാജ്യത്തിനായി പോരാടണമെന്നും അദ്ദേഹം വൈറ്റ്‌ ഹൗസിൽ മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു. താലിബാന്റെ രാഷ്ട്രീയ നേതാവ്‌ മുല്ലാ അബ്ദുൾ ഗനി ബറാദർ അമേരിക്കയുടെ പ്രത്യേക ദൂതൻ സാൽമേ ഖലിൽസാദുമായി ചൊവ്വാഴ്ച ദോഹയിൽ ചർച്ച നടത്തി. വിശദാംശം പുറത്തുവിട്ടിട്ടില്ല.

പ്രസിഡന്റ്‌ അഷ്‌റഫ്‌ ഗനി താലിബാൻ കീഴടക്കിയ മസാരി ഷരീഫിൽ ബുധനാഴ്ച വ്യോമസന്ദർശനം നടത്തി. സൈന്യത്തിന്റെ ചീഫ്‌ ഓഫ്‌ സ്‌റ്റാഫിനെ മാറ്റി. ജന. ഹൈബത്തുള്ള അലിയാസിയായിരിക്കും ഇനി ചീഫ്‌ ഓഫ്‌ സ്‌റ്റാഫ്‌. ധനമന്ത്രിയുടെ ചുമതലയുള്ള ഖാലിദ്‌ പണ്ടേ രാജിവച്ച്‌ രാജ്യം വിട്ടതായും റിപ്പോർട്ടുണ്ട്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top