19 March Tuesday

രക്തമൊഴുകുന്ന മുറിവായ് സിറിയ

വെബ് ഡെസ്‌ക്‌Updated: Monday Feb 6, 2023

ജന്ദാരിസ് (സിറിയ)
തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍ക്ക് മുന്നില്‍ കരയുന്ന കുട്ടികള്‍, കുന്നുകൂടിയ മൃതദേഹങ്ങള്‍ക്കിടയില്‍ ബന്ധുക്കളെ  തെരയുന്നവര്‍, രക്തം വാര്‍ന്നൊഴുകുന്ന ആശുപത്രി കിടക്കകള്‍. അത്രമേല്‍ ദാരുണമെങ്കിലും ഭൂകമ്പത്തിന്റെ സംഹാരദൃശ്യങ്ങള്‍ സിറിയന്‍  കുടുംബങ്ങള്‍ക്കോ രക്ഷാപ്രവര്‍ത്തകര്‍ക്കോ അപരിചിതമായി തോന്നിയില്ല. പന്ത്രണ്ടു വര്‍ഷമായി തുടരുന്ന അഭ്യന്തരസംഘര്‍ഷത്താല്‍ കശക്കിയെറിയപ്പെട്ടവര്‍ക്കിത് ദുരിതപൂര്‍ണമായ മറ്റൊരു ദിനാരംഭം മാത്രം.

വ്യോമാക്രമണവും ഷെല്ലാക്രമണവും പതിവുകാഴ്ചയായ വടക്കന്‍ സിറിയന്‍ മേഖലയില്‍ ഭൂകമ്പത്താല്‍ ആയിരങ്ങള്‍ തെരുവുകളിലേക്ക് എടുത്തെറിയപ്പെട്ടു. വർഷങ്ങളായി വ്യോമാക്രമണം നേരിട്ട് ദുര്‍ബലമായ കെട്ടിടങ്ങള്‍ നിമിഷങ്ങള്‍കൊണ്ട്‌ നിലംപൊത്തി.

അലെപ്പോ പ്രവിശ്യയില്‍ വിമതനിയന്ത്രണത്തിലുള്ള ജന്ദാരിസ് പട്ടണത്തിൽ, ബഹുനില കെട്ടിടം കോണ്‍​ക്രീറ്റ് കൂമ്പാരമായി മാറി. "അവിടെ 12 കുടുംബം ഉണ്ടായിരുന്നു. ഒരാൾപോലും പുറത്തേക്ക് വന്നില്ല. ഒന്നും ബാക്കിയില്ല,' വിറയാര്‍ന്ന ശബ്ദത്തില്‍ ഒരു മെലിഞ്ഞ ചെറുപ്പക്കാരൻ പറഞ്ഞു. നിരവധി ചെറുപ്പക്കാര്‍ അവശിഷ്ടങ്ങൾക്കിടയിലൂടെ ജീവന്റെ ശബ്ദം കാതോര്‍ത്ത് ഓടി നടക്കുന്നു.  "ഇപ്പോള്‍ രക്ഷാപ്രവര്‍ത്തകര്‍ക്കെതിരെ ആരും ബോംബ് എറിയുന്നില്ല, അങ്ങനെ ഒരാശ്വാസമുണ്ട്' ഒരാള്‍ പറഞ്ഞു. അതിശൈത്യവും മഴയുമാണ് രക്ഷാപ്രവര്‍ത്തകര്‍ നേരിടുന്ന വെല്ലു
വിളി.
 "ജീവൻ രക്ഷിക്കാൻ സമയത്തിനെതിരായ ഓട്ടത്തിലാണ് ഞങ്ങള്‍. രക്ഷാപ്രവര്‍ത്തകര്‍ക്ക് വിശ്രമിക്കാൻപോലും സമയമില്ല,' വിമതമേഖലയിലെ സന്നദ്ധസംഘടനയായ വൈറ്റ് ഹെൽമെറ്റ്സ് മേധാവി റെയ്ഡ് ഫെയർസ്  "റോയിട്ടേഴ്സ്' വാര്‍ത്താ‌ഏജന്‍സിയോട് പറഞ്ഞു.വടക്കുപടിഞ്ഞാറൻ സിറിയയിൽ മാത്രം 150ലേറെ പേര്‍ കൊല്ലപ്പെട്ടു. സിറിയന്‍ സർക്കാർ നിയന്ത്രണ മേഖലയില്‍ അതിന്റെ ഇരട്ടിയിലധികമാണ് മരണം.

ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് വടക്കുപടിഞ്ഞാറന്‍ സിറിയയില്‍നിന്നും അഭ്യന്തരസംഘര്‍ഷംമൂലം പലായനം ചെയ്തത് 29 ലക്ഷം പേരാണ്. 18 ലക്ഷം പേരാണ് കൊടുംശൈത്യത്തില്‍ ക്യാമ്പുകളില്‍ കഴിയുന്നത്. ഇദ്‌ലിബ് പ്രവിശ്യയിലെ ഗ്രാമപ്രദേശങ്ങളിലെ അഭയാർഥി ക്യാമ്പിനും ഭൂകമ്പത്തില്‍ സാരമായ നാശനഷ്ടമുണ്ടായി.


 

പിടയുന്ന 
ഭൂമി
പ്രതിവർഷം ലോകത്ത്‌ ചെറുതും വലുതുമായ ഇരുപതിനായിരത്തോളം ഭൂകമ്പങ്ങളാണ്‌ ഉണ്ടാകുന്നത്‌. എല്ലാദിവസവും ഏകദേശം 55 ചലനങ്ങള്‍. ജപ്പാൻ, ഇന്തോനേഷ്യ, ചൈന, ഫിലിപ്പീൻസ്‌ എന്നിവിടങ്ങളിലാണ്  കൂടുതൽ ഭൂകമ്പങ്ങളുണ്ടാകുന്നത്‌.  2011 മാർച്ച്‌ 11 ന്‌ ജപ്പാനിൽ ഉണ്ടായ ഭൂകമ്പവും തുടർന്നുണ്ടായ സുനാമിയും ഇരുപതിനായിരത്തിലേറെ ജീവന്‍ അപഹരിച്ചു.

ചിലിയിലെ വാൽഡിവിയയിൽ 1960 മെയ്‌ 22നുണ്ടായ ഭൂകമ്പത്തിന്റെ തീവ്രത 9.4നും 9.6നുമിടയിലായിരുന്നു. 10 മിനിറ്റോളം നീണ്ടുനിന്നു. 1000–-6000 നുമിടയിൽ പേർക്ക്‌ ജീവൻ നഷ്ടമായി. പിന്നാലെ സുനാമിയും ഉണ്ടായി. ദക്ഷിണ ചിലി, ഹവായ്‌, ജപ്പാൻ, ഫിലിപ്പീൻസ്, ചൈന, കിഴക്കൻ ന്യൂസിലൻഡ്, തെക്കുകിഴക്കൻ ഓസ്ട്രേലിയ, അലൂഷ്യൻ ദ്വീപുകൾ എന്നിവിടങ്ങളിലാണ്‌ സുനാമിയുണ്ടായത്‌.

1964ൽ അലാസ്‌കയിലുണ്ടായ ഭൂകമ്പത്തിൽ അഞ്ച്‌ പേർ മാത്രമാണ്‌ മരിച്ചത്‌. എന്നാൽ തുടർന്നുണ്ടായ സുനാമി നൂറിലധികം പേരുടെ ജീവനാണ്‌ കവർന്നത്‌.ഈ നൂറ്റാണ്ടിൽ 22 വർഷത്തിനിടെ വ്യാപക നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കിയ 17 ഓളം ഭൂകമ്പങ്ങളാണുണ്ടായത്‌. 2001ൽ ഗുജറാത്തിലെ ഭുജിലുണ്ടായ ഭൂകമ്പത്തിൽ 20000ൽ ഏറെപ്പേർ കൊല്ലപ്പെട്ടു. 2004ൽ ഇന്ത്യൻ മഹാസമുദ്രം പ്രഭവകേന്ദ്രമായ ഇന്തോനേഷ്യയിലെ സുമാത്രയ്ക്ക്‌ സമീപത്തുണ്ടായ ഭൂകമ്പത്തെ തുടർന്ന്‌ സുനാമിയുണ്ടായി. ഇന്ത്യ, ശ്രീലങ്കയടക്കം 14 രാജ്യങ്ങളിലായി രണ്ടേകാൽ ലക്ഷം പേരുടെ ജീവനാണ്‌ ദുരന്തം കവർന്നത്‌. കേരളത്തിൽ 150 ഓളം പേർ ഈ ദുരന്തത്തിൽ മരിച്ചു.
                                       
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top