25 April Thursday

സുഡാനിൽ 500 ഇന്ത്യക്കാരെ 
ഒഴിപ്പിക്കാൻ നടപടി തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Apr 25, 2023


ന്യൂഡൽഹി
സംഘർഷം തുടരുന്ന സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരിൽ അഞ്ഞൂറ്‌ പേർ തുറമുഖ നഗരമായ പോർട്ട്‌ സുഡാനിലെത്തി. ഇവരെ നാവികസേനയുടെ കപ്പലായ ഐഎൻഎസ്‌ സുമേദയിൽ സുരക്ഷിതമായി ഒഴിപ്പിക്കുമെന്ന്‌ വിദേശമന്ത്രി എസ്‌ ജയ്‌ശങ്കർ അറിയിച്ചു.

നേരത്തേ മൂന്ന്‌ ഇന്ത്യക്കാരെ സൗദി അറേബ്യയും അഞ്ച്‌ ഇന്ത്യക്കാരെ ഫ്രാൻസും ഒഴിപ്പിച്ചിരുന്നു. തലസ്ഥാനമായ ഖാർത്തൂമിലടക്കം കുടുങ്ങിക്കിടക്കുന്ന നൂറുകണക്കിന്‌ ഇന്ത്യക്കാരെ രക്ഷിക്കാൻ കേന്ദ്ര സർക്കാർ അമേരിക്ക അടക്കമുള്ള രാജ്യങ്ങളുടെയും ഐക്യരാഷ്ട്രസംഘടനയുടെയും സഹായം തേടിയിട്ടുണ്ട്‌.  കർണാടക തെരഞ്ഞെടുപ്പുകൂടി മുന്നിൽക്കണ്ട്‌ ഓപ്പറേഷൻ കാവേരിയെന്നാണ്‌ ഒഴിപ്പിക്കൽ ദൗത്യത്തിന്‌ പേരിട്ടിരിക്കുന്നത്‌.

താരതമ്യേന സംഘർഷം കുറഞ്ഞ മേഖലകളിലുണ്ടായിരുന്നവരാണ്‌ തിങ്കളാഴ്‌ച സ്വന്തം നിലയിൽ പോർട്ട്‌ സുഡാനിൽ എത്തിയത്‌.  28 രാജ്യങ്ങളിൽനിന്നുള്ള 388 പേരെ ഫ്രഞ്ച്‌ വ്യോമസേന സുഡാനിൽനിന്ന്‌ ഫ്രാൻസിന്റെ സൈനികത്താവളമായ ഡിജിബൗത്തിയിൽ എത്തിച്ചിട്ടുണ്ട്‌. ഇതിൽ അഞ്ച്‌ ഇന്ത്യക്കാരുണ്ട്‌. യൂറോപ്യൻ രാജ്യങ്ങളടക്കം പല വിദേശ രാജ്യങ്ങളും ഇതിനോടകം തങ്ങളുടെ പൗരരെ സുരക്ഷിതമായി പുറത്തെത്തിച്ചിട്ടുണ്ട്‌.

സുഡാനിലെ ഇന്ത്യൻ എംബസി ഇന്ത്യക്കാരുമായി നിരന്തരം സമ്പർക്കത്തിലാണെന്ന്‌ വിദേശമന്ത്രാലയം അറിയിച്ചു. സുരക്ഷിതമായി പുറത്തുകടക്കാനും അനാവശ്യ അപകടങ്ങൾ ഒഴിവാക്കാനുമുള്ള ഉപദേശങ്ങൾ നൽകുന്നുണ്ട്‌. സുരക്ഷാ സാഹചര്യം മെച്ചപ്പെടുന്നതോടെ ഖാർത്തൂമിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ സുരക്ഷിത നീക്കവും ഉറപ്പാക്കുമെന്ന്‌ വിദേശമന്ത്രാലയം അറിയിച്ചു.കേന്ദ്ര ഗവണ്മെന്റ്‌ എത്രയും വേഗം അവിടെ കുടുങ്ങി കിടക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിൽ എത്തിക്കണമെന്ന്‌ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസ് ആവശ്യപ്പെട്ടു. ഈയാവശ്യമുന്നയിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക്‌ നേരത്തേ കത്ത്‌ നൽകിയിരുന്നു. കേരള ഹൗസിൽ ഹെൽപ്പ്‌ലൈനും തുടങ്ങി. നമ്പർ: 011 23747079.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top