28 March Thursday

ശ്രീലങ്കയിൽ വീണ്ടും അടിയന്തരാവസ്ഥ ; രാഷ്ട്രപതി 
തെരഞ്ഞെടുപ്പ്‌ നാളെ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 19, 2022


കൊളംബോ
ബുധനാഴ്ച പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനിരിക്കെ, ശ്രീലങ്കയിൽ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ച്‌ താൽക്കാലിക പ്രസിഡന്റ്‌ റനിൽ വിക്രമസിംഗെ. അസാധാരണ ​ഗസറ്റ് വിജ്ഞാപനത്തിലൂടെയാണ്‌ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്‌. താൽക്കാലിക പ്രസിഡന്റിന്റേത്‌ ജനാധിപത്യവിരുദ്ധ, പ്രാകൃതനടപടിയെന്ന്‌ പ്രതിപക്ഷം വിമർശിച്ചു.

കഴിഞ്ഞയാഴ്ച ഗോതബായ രജപക്‌സെ രാജ്യംവിട്ടതിനെ തുടർന്ന്‌ കലാപമുണ്ടായപ്പോൾ വിക്രമസിംഗെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇത്‌ ഔദ്യോഗികമായി പരസ്യപ്പെടുത്തിയിരുന്നില്ല. തിങ്കളാഴ്ച മുതൽ അടിയന്തരാവസ്ഥ ഏർപ്പെടുത്തുന്നതായി 17ന്റെ സർക്കാർ ഗസറ്റിൽ വിജ്ഞാപനം ചെയ്താണ്‌ ഇത്തവണത്തെ പ്രഖ്യാപനം. ഏതു വ്യക്തിയെയും തടഞ്ഞു വയ്ക്കാനും എവിടെയും പരിശോധന നടത്താനും സുരക്ഷാസേനയ്ക്ക്‌ ഇതോടെ പൂർണാധികാരം കൈവന്നു. ബുധനാഴ്ചത്തെ വോട്ടെടുപ്പിന്‌ മുന്നോടിയായി എംപിമാരെ ഭീഷണിപ്പെടുത്തുകയോ സ്വാധീനിക്കാൻ ശ്രമിക്കുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടിയെടുക്കാനും നിർദേശിച്ചു.

ചൊവ്വാഴ്ചയാണ്‌ നാമനിർദേശം സമർപ്പിക്കേണ്ടത്‌. ഭരണപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായി വിക്രമസിം​ഗെ മത്സരിക്കും. പ്രതിപക്ഷ നേതാവ്‌ സജിത്‌ പ്രേമദാസയും മർക്സിസ്‌റ്റ്‌ ജനത വിമുക്തി പെരമുന നേതാവ്‌ അനുര കുമാര ദിസനായകെയും എസ്‌എൽപിപി വിമതൻ ഡല്ലാസ്‌ അളഹപെരുമയും മത്സരരം​ഗത്തുണ്ട്.

രാജ്യത്ത് രാഷ്ട്രപതി ഭരണസംവിധാനം എടുത്തുകളയണമെന്നാണ് പ്രക്ഷോഭകരുടെ നിലപാട്.സർവകക്ഷി സർക്കാർ രൂപീകരിക്കാനുള്ള ശ്രമങ്ങളുമായി സഹകരിക്കണമെന്ന്‌ രാഷ്ട്രീയ പാർടികളോട്‌ റനിൽ വിക്രമസിംഗെ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top