20 April Saturday

പ്രക്ഷോഭകര്‍ക്കുനേരെ ലങ്കയില്‍ വെടിവയ്‌പ്‌ ; ഒരാൾ കൊല്ലപ്പെട്ടു, 12 പേർക്ക്‌ പരിക്കേറ്റു

വെബ് ഡെസ്‌ക്‌Updated: Wednesday Apr 20, 2022


കൊളംബോ
സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ശ്രീലങ്കയിൽ ഇന്ധനവിലവര്‍ധനവിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ വെടിയുതിര്‍ത്ത് പൊലീസ്. ഒരാൾ കൊല്ലപ്പെട്ടതായും 12 പേർക്ക്‌ പരിക്കേറ്റതായും റിപ്പോർട്ടുണ്ട്‌.  പരിക്കേറ്റ നാലുപേരുടെ നില ഗുരുതരം. തെക്കുപടിഞ്ഞാറൻ പ്രദേശമായ രമ്പുക്കാനയിലാണ് വെടിവെയ്പ്പ്പുണ്ടായത്. പ്രസിഡന്റ്‌ ഗോതബായ രജപക്‌സെയുടെ രാജി ആവശ്യപ്പെട്ട്‌ ആഴ്‌ചകളായി പ്രതിഷേധം നടക്കുകയാണ്‌. എന്നാല്‍  പ്രക്ഷോഭകര്‍ക്ക്നേരെ വെടിയുതിര്‍ക്കുന്നത് ആദ്യം.

ചൊവ്വാഴ്‌ചയും ലങ്കയിൽ സിലോൺ പെട്രോളിയം കോർപറേഷൻ ഇന്ധനവില വർധിപ്പിച്ചു.  റെയിൽപാതയിൽ തടസ്സം സൃഷ്ടിച്ചതോടെ പ്രതിഷേധക്കാരോട്‌ പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടു. കല്ലെറിഞ്ഞതോടെയാണ്‌ വെടിവച്ചതെന്നാണ്‌ പൊലീസിന്റെ അവകാശവാദം.  ഇന്ധന ടാങ്കിന്‌ തീയിടാനും വാഹനങ്ങൾ കത്തിക്കാനും പ്രക്ഷോഭകര്‍ ശ്രമിച്ചെന്ന്‌ പൊലീസ്‌ വക്താവ്‌ പറഞ്ഞു. 

കൊളംബോയിൽ പ്രസിഡന്റിന്റെ വസതിക്കു സമീപം ടെന്റ്‌ കെട്ടി പ്രതിപക്ഷപാര്‍ടികളുടെ നേതൃത്വത്തില്‍ പ്രക്ഷോഭം തുടരുകയാണ്.

പ്രസിഡന്റിന്റെ അധികാരം നിയന്ത്രിക്കും
ശ്രീലങ്കയിൽ പ്രസിഡന്റിന്റെ അധികാരം നിയന്ത്രിക്കുന്ന ഭരണഘടനയുടെ 19–-ാം ഭേദഗതി പുനഃസ്ഥാപിക്കാനുള്ള നിർദേശം മുന്നോട്ടുവച്ച്‌ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ. പുതിയ 17 അംഗ മന്ത്രിസഭ അധികാരമേറ്റശേഷം ചൊവ്വാഴ്‌ച പാർലമെന്റ്‌ ചേർന്നിരുന്നു. രാജ്യത്ത്‌ നിലവിലുള്ള പ്രശ്‌നങ്ങൾക്ക്‌ പരിഹാരം കാണാൻ ഭരണഘടനാ മാറ്റം വേണമെന്ന്‌ മഹിന്ദ പറഞ്ഞു. പാർലമെന്റിന്‌ പരമാധികാരം നൽകുന്ന 19എ ഭേദഗതി 2015ൽ ആണ്‌ കൊണ്ടുവന്നത്‌. എന്നാൽ, 2019ൽ ഗോതബായ രജപക്‌സെ അധികാരത്തിൽ വന്നതോടെ ഇത്‌ തള്ളി 20–-ാം ഭേദഗതി പ്രകാരം പ്രസിഡന്റിന്‌ കൂടുതൽ അധികാരങ്ങൾ നൽകി. 19–-ാം ഭേദഗതി പുനഃസ്ഥാപിക്കാനുള്ള നിർദേശത്തെ മുൻ പ്രധാനമന്ത്രിയും യുണൈറ്റഡ് നാഷണൽ പാർടി നേതാവുമായ റനിൽ വിക്രമസിംഗെ പിന്തുണച്ചു.

ഐഎംഎഫിനോട്‌ 
സഹായം തേടി
അന്താരാഷ്‌ട്ര നാണ്യനിധി (ഐഎംഎഫ്‌)യോട്‌ അടിയന്തരസഹായം (ആർഎഫ്‌ഐ) അഭ്യർഥിച്ച്‌ ശ്രീലങ്ക. ഐഎംഎഫ്‌ മാനേജിങ് ഡയറക്ടർ ക്രിസ്റ്റലിന ജോർജീവയുമായി ശ്രീലങ്കൻ ധനമന്ത്രി അലി സാബ്രി വാഷിങ്ടണിൽ നടത്തിയ കൂടിക്കാഴ്‌ചയിലാണ്‌ സഹായം ആവശ്യപ്പെട്ടത്‌.

പാപ്പരത്തത്തിന്റെ വക്കിലായ ശ്രീലങ്ക 1948ൽ സ്വാതന്ത്ര്യം ലഭിച്ചതിനുശേഷമുള്ള വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്‌. ലങ്കയ്‌ക്ക്‌ കഴിയുന്ന എല്ലാ സഹായവും നൽകുമെന്ന്‌ അന്താരാഷ്‌ട്ര നാണ്യനിധിയുടെ വാർഷിക യോഗത്തിനെത്തിയ ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top