27 April Saturday

സിലിക്കൺ വാലി ബാങ്ക് തകര്‍ച്ച ; 40 ഇന്ത്യന്‍ സ്റ്റാര്‍ട്ടപ് പ്രതിസന്ധിയില്‍

വെബ് ഡെസ്‌ക്‌Updated: Monday Mar 13, 2023


കലിഫോര്‍ണിയ
സിലിക്കൺ വാലി ബാങ്കിന്റെ (എസ്‌വിബി) തകര്‍ച്ചയോടെ സ്ഥാപനവുമായി ബന്ധമുള്ള ഇന്ത്യന്‍ സ്റ്റാർട്ടപ്പുകളും പ്രതിസന്ധിയില്‍. സാങ്കേതികരം​ഗത്തെ പ്രമുഖ അമേരിക്കന്‍ ഐടി സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കുന്നതിനായുള്ള പ്രമുഖ അമേരിക്കന്‍ കമ്പനി വൈ കോമ്പിനേറ്ററു (വൈസി)മായി ബന്ധമുള്ള ഇന്ത്യന്‍ സ്ഥാപനങ്ങളിലാണ് പ്രതിസന്ധി രൂക്ഷമായത്. വൈസിയുമായി സാമ്പത്തികബന്ധമുള്ള  40 ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുണ്ട്. ഇവയില്‍ വൈസിക്ക് രണ്ടരലക്ഷം ഡോളര്‍മുതല്‍ പത്തുലക്ഷം ഡോളര്‍വരെ നിക്ഷേപമുണ്ട്. ഇവയില്‍ ഇരുപതിലധികം സ്ഥാപനങ്ങളില്‍ വൈസിക്ക് പത്തുലക്ഷത്തിലധികം നിക്ഷേപമുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങളില്‍ ദൈനംദിന പണമിടപാടുപോലും പ്രതിസന്ധിയിലാകുമെന്നാണ് റിപ്പോര്‍ട്ട്.

വൈസിയുടെ മുപ്പത് ശതമാനം കമ്പനികളിലും അടുത്ത 30 ദിവസത്തിനുള്ളിൽ ശമ്പളം നൽകാനാകില്ലെന്ന് വൈസി മേധാവി ഗാരി ടാൻ ട്വീറ്റ് ചെയ്തു.
ഇന്ത്യയിൽനിന്നുള്ള ചില വലിയ വൈസി കമ്പനികൾ പ്രതിസന്ധി മുന്‍കൂട്ടിക്കണ്ട് ഫണ്ട് ഇന്ത്യയിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ടുണ്ട്. നിരവധി ആഗോള കമ്പനികളെ പിന്തുണയ്ക്കുന്ന വൈസിക്ക് ഇന്ത്യയിൽ ഇരുനൂറി-ലധികം വമ്പന്‍ നിക്ഷേപമുണ്ട്.

സിലിക്കൺ വാലിയിലെ ഓരോ മൂന്നാമത്തെ സ്റ്റാർട്ടപ്പും ഇന്ത്യൻ-അമേരിക്കൻ വംശജരുടേതാണ്. ഇത്തരം സ്ഥാപനങ്ങള്‍ ശമ്പളമടക്കം കൈകാര്യംചെയ്തിരുന്നത് എസ്‌വിബിയിലൂടെയാണ്. ഉപഭോക്തൃ സൗഹൃദ സമീപനമായിരുന്നതിനാല്‍ യുഎസിൽ ജീവനക്കാരനോ ഓഫീസോ ഇല്ലാത്ത ഇന്ത്യന്‍ സ്റ്റാർട്ടപ്പുകൾക്കും സിലിക്കൺ വാലി ബാങ്കിൽ അക്കൗണ്ട് ഉണ്ട്.

"യുഎസ് ബാങ്കുകള്‍  62,000 കോടി ഡോളര്‍ നഷ്ടത്തില്‍'
സിലിക്കൺവാലി ബാങ്കിന്റെ തകർച്ചയ്ക്ക് പിന്നാലെ അമേരിക്കയിലെ ബാങ്കുകളുടെ ദുഃസ്ഥിതി വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്ത്.  2022 അവസാനത്തെ കണക്കുപ്രകാരം യുഎസ് ബാങ്കുകൾ 62,000 കോടി ഡോളറിന്റെ  "യാഥാർഥ്യമാക്കാത്ത നഷ്ട'ത്തിലാണെന്ന അമേരിക്കന്‍ ധന ഏജന്‍സിയായ ഫെഡറല്‍ ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്റെ (എഫ്ഡിഐസി) റിപ്പോര്‍ട്ട് പുറത്ത്. ബാങ്കുകള്‍ വാങ്ങിക്കൂട്ടിയ ബോണ്ടുകളുടെയും മറ്റും മൂല്യം ഇടിഞ്ഞതാണ് നഷ്ടമായി കണക്കാക്കുന്നത്.

പലിശനിരക്ക് പൂജ്യത്തിന്‌ അടുത്തായിരുന്നപ്പോൾ, യുഎസ് ബാങ്കുകൾ ധാരാളം ട്രഷറികളും ബോണ്ടുകളും  മറ്റും ശേഖരിച്ചു. എന്നാല്‍, പണപ്പെരുപ്പത്തെ നേരിടാന്‍ ഫെഡറൽ റിസർവ് നിരക്കുകൾ കൂട്ടിയതോടെ ബോണ്ടുകളുടെ മൂല്യം കുറഞ്ഞു. ഇത്തരത്തില്‍ കുമിഞ്ഞുകൂടിയ നഷ്ടമാണ് 62,000 കോടി ഡോളറിൽ എത്തിയത്.
പണപ്പെരുപ്പത്തെ നേരിടാന്‍ പലിശനിരക്ക് ഉയര്‍ത്തുന്ന അമേരിക്കന്‍ നടപടി രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാക്കുന്നുവെന്ന വിമര്‍ശം ശക്തമാണ്. ഈ വർഷാവസാനത്തോടെ തൊഴിലില്ലായ്മാ നിരക്ക് നിലവിലെ 3.4 ശതമാനത്തില്‍നിന്ന് 4.6ശതമാനമായി ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെ വന്നാല്‍ 20 ലക്ഷം പേര്‍ക്കുകൂടി ജോലി നഷ്ടപ്പെടും.

യുഎസ് 
സഹായിക്കില്ല
സാമ്പത്തികപ്രതിസന്ധിയെ തുടർന്ന്‌ പൂട്ടിയ സിലിക്കൺ വാലി ബാങ്കിനെ സർക്കാർ സഹായിക്കില്ലെന്ന്‌ അമേരിക്കൻ ട്രഷറി സെക്രട്ടറി ജാനെറ്റ്‌ യെല്ലൻ. ഇപ്പോഴത്തെ പ്രതിസന്ധി പതിനഞ്ചുവർഷം മുമ്പുണ്ടായതിൽനിന്ന്‌ വിഭിന്നമാണെന്നും അന്നത്തേതുപോലെ ബാങ്കുകൾക്ക്‌ സർക്കാർ ജാമ്യം ഉണ്ടാകില്ലെന്നും അവർ ചാനൽ അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ, ബാങ്കിൽ നിക്ഷേപം നടത്തിയിരുന്നവരെ സഹായിക്കാൻ നടപടിയുമെടുക്കും. പ്രസിഡന്റ്‌ ജോ ബൈഡൻ അധികൃതരുമായി വിഷയം ചർച്ച ചെയ്തു. ബാങ്ക്‌ തകർച്ച സാങ്കേതികമേഖലയിൽ വൻ പ്രത്യാഘാതം ഉണ്ടാക്കുമെന്ന്‌ ഇസ്രയേൽ പ്രധാനമന്ത്രി ബന്യാമിൻ നെതന്യാഹു മുന്നറിയിപ്പ്‌ നൽകി.

ഓഹരിവില ഇടിയുകയും നിക്ഷേപകർ വൻതോതിൽ തുക പിൻവലിക്കുകയും ചെയ്തതോടെയാണ്‌ സ്‌റ്റാർട്ടപ്പുകൾക്ക്‌ ധനസഹായം നൽകുന്ന സിലിക്കൺ വാലി ബാങ്ക്‌ തകർന്നത്‌. ബാങ്കിങ്‌ നിയന്ത്രണ ഏജൻസിയായ ഫെഡറൽ ഡിപ്പോസിറ്റ്‌സ്‌ ഇൻഷുറൻസ്‌ കോർപറേഷൻ വെള്ളിയാഴ്ചയാണ്‌ ബാങ്ക്‌ പൂട്ടിയതായി പ്രഖ്യാപിച്ചത്‌. നിയമപ്രകാരം 2.5 ലക്ഷം ഡോളർവരെയുള്ള നിക്ഷേപങ്ങൾക്ക്‌ പരിരക്ഷയുണ്ട്‌. എന്നാൽ, സ്റ്റാർട്ടപ്പുകളും സാങ്കേതിക മേഖലയിലെ സ്ഥാപനങ്ങളും ഉൾപ്പെടെയുള്ളവയ്ക്ക്‌ ഇതിനേക്കാളധികം നിക്ഷേപമുണ്ട്‌. അമേരിക്കയിലെ പതിനാറാമത്തെ വലിയ ബാങ്കാണ്‌ പൂട്ടിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top