ഇസ്ലാമാബാദ്
മുന്‍പ്രധാനമന്ത്രി നവാസ് ഷെറീഫിന്റെ അനുജനും പ്രതിപക്ഷനേതാവുമായ ഷഹബാസ് ഷെറീഫ്(70) പാകിസ്ഥാന്റെ 23–--ാം പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് ആരിഫ് അല്‍വിക്ക് സുഖമില്ലാത്തതിനാല്‍ സെനറ്റ് ചെയർമാൻ സാദിഖ് സന്‍ജ്‌റാനി സത്യവാചകം ചൊല്ലികൊടുത്തു. ചരിത്രത്തിലാദ്യമായി അവിശ്വാസപ്രമേയത്തിലൂടെ പ്രധാനമന്ത്രിയെ പുറത്താക്കിയതിനു പിന്നാലെ ദേശീയ അസംബ്ലിയില്‍ നടന്ന വോട്ടെടുപ്പില്‍ എതിരില്ലാതെയാണ് ജയം. പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഇമ്രാന്‍ഖാനും തെഹ്‌രികി ഇന്‍സാഫ്(പിടിഐ) എംപിമാരും ദേശീയ അസംബ്ലിയില്‍നിന്ന് രാജിവച്ചു. സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ഥിയായ ഷഹബാസിനെതിരെ പിടിഐ ഉപാധ്യക്ഷന്‍ ഷാ മഹമ്മൂദ് ഖുറേഷി പത്രികനല്‍കിയിരുന്നു. എന്നാല്‍, വോട്ടെടുപ്പിന് തൊട്ടുമുമ്പ് പിടിഐ അംഗങ്ങള്‍ ഇറങ്ങിപ്പോയി. 342 അംഗ സഭയില്‍ ജയിക്കാന്‍ 172 വോട്ട് വേണമെന്നിരിക്കെ ഷഹബാസിന് 174 വോട്ടുകിട്ടി. ഷഹബാസിന്റെ പാകിസ്ഥാന്‍ മുസ്ലിംലീഗ്–നവാസിന്(പിഎംഎല്‍ എന്‍) 86 സീറ്റുമാത്രം. ഇമ്രാന്‍വിരുദ്ധവികാരം മാത്രമാണ് വ്യത്യസ്ത രാഷ്ട്രീയ, സാമൂഹ്യ കാഴ്ചപാടുള്ള പ്രതിപക്ഷ മുന്നണിയെ ഒന്നിപ്പിച്ചത്. വിലക്കയറ്റം പിടിച്ചുനിര്‍ത്തി സാമ്പത്തിക പ്രതിസന്ധി നേരിടുക എന്നതും ഷഹബാസിന് മുന്നിലെ വെല്ലുവിളി. ഇന്ത്യയോടുള്ള സമീപനവും നിര്‍ണായകമാണ്. പാക് സൈന്യത്തിന് അനഭിമതനല്ല, അമേരിക്ക, ചൈന അടക്കമുള്ള രാഷ്ട്രങ്ങളുമായി നല്ല ബന്ധം പുലര്‍ത്തുന്നു എന്നിവയാണ് ഷഹബാസിനുള്ള അനുകൂല ഘടകങ്ങള്‍.
ശതകോടികളുടെ അഴിമതിക്കേസുകള്‍ നേരിടുന്ന വ്യക്തിയെ പ്രധാനമന്ത്രിയാക്കുക വഴി രാജ്യം അപമാനിക്കപ്പെട്ടെന്ന് ഇമ്രാന്‍ പ്രതികരിച്ചു. വിദേശ അജൻഡ നടപ്പാക്കാന്‍ പ്രതിപക്ഷം രാജ്യത്തെ ഒറ്റുകൊടുത്തുവെന്ന് ആരോപിച്ച് ഇമ്രാന്‍ അനുകൂലികൾ രാജ്യത്താകമാനം പ്രക്ഷോഭത്തിലാണ്. കറാച്ചി, പെഷവാര്‍, ലാഹോര്‍ അടക്കം 12 നഗരത്തില്‍ പുതിയ സര്‍ക്കാരിനെതിരെ പ്രകടനം സംഘടിപ്പിച്ചു. പാകിസ്ഥാനില്‍ പുതിയ സ്വാതന്ത്ര്യസമരം ആരംഭിച്ചെന്ന് ഇമ്രാന്‍ പ്രഖ്യാപിച്ചു.
ഷഹബാസും മകന്‍ ഹംസയുമടക്കം പ്രതികളായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോടതി നടപടികള്‍ തുടരുകയാണ്. കേസില്‍ മുന്‍കൂര്‍ ജാമ്യം നേടിയ ഷഹബാസ് തിങ്കളാഴ്ച നേരിട്ട് കോടതിയില്‍ ഹാജരാകേണ്ടതായിരുന്നു. എന്നാല്‍, 27ന് നേരിട്ട് ഹാജരാകാമെന്ന ഷഹബാസിന്റെ അപേക്ഷ കോടതി അംഗീകരിച്ചു. പാകിസ്ഥാനില്‍ ഏറ്റവും ജനസംഖ്യയുള്ളതും അതീവ രാഷ്ട്രീയപ്രാധാന്യമുള്ളതുമായ പഞ്ചാബ് പ്രവിശ്യയില്‍ ഷഹബാസ് മൂന്നുവട്ടം മുഖ്യമന്ത്രിയായി. വിദേശകള്ളപ്പണ നിക്ഷേപത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് (പാനമ പേപ്പേഴ്‌സ്) പുറത്തുവന്നതോടെ 2018ല്‍ നവാസ് ഷെറീഫ് അയോഗ്യനാക്കപ്പെട്ടതോടെയാണ് പാകിസ്ഥാന്‍ മുസ്ലിംലീഗ്- നവാസ് അധ്യക്ഷസ്ഥാനത്തേക്ക് ഷഹബാസ് എത്തുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ 2019ല്‍ ഷഹബാസ് ആറുമാസത്തോളം ജയില്‍വാസം അനുഭവിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..