07 July Thursday

കശ്മീര്‍ രക്തംകൊണ്ട് ചുവന്നു , പ്രത്യേക പദവി റദ്ദാക്കിയതിനെക്കുറിച്ച് പരാമര്‍ശിച്ച് ഷഹബാസ് ഷെറീഫ്

വെബ് ഡെസ്‌ക്‌Updated: Tuesday Apr 12, 2022

Photo Credit: twitter/@Mian Shehbaz Sharif


ഇസ്ലാമാബാദ്
പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ആദ്യ പ്രസം​ഗത്തില്‍ മോദിസര്‍ക്കാര്‍ കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെക്കുറിച്ച് പരാമര്‍ശിച്ച് ഷഹബാസ് ഷെറീഫ്. 2019 ആ​ഗസ്‌തിലെ ഇന്ത്യയുടെ അനധികൃത പ്രവൃത്തിയിലൂടെ കശ്മീര്‍ താഴ്വര രക്തംകൊണ്ട് ചുവന്നിരിക്കുകയാണ്.

താഴ്വരയിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ അന്താരാഷ്ട്ര വേ​​ദികളില്‍ ഉന്നയിക്കുന്നതിനൊപ്പം അവര്‍ക്ക് ധാര്‍മികവും നയതന്ത്രപരവുമായ ആവശ്യങ്ങള്‍ പാകിസ്ഥാന്‍ പ്രദാനം ചെയ്യുമെന്നും ഷെറീഫ് പറഞ്ഞു. ഇന്ത്യയുമായി നല്ല ബന്ധം ആ​ഗ്രഹിക്കുന്നുണ്ടെങ്കിലും കശ്മീര്‍ പ്രശ്നത്തിന് പരിഹാരം കാണാതെ അത് സാധ്യമാകില്ല. അയല്‍ക്കാരെന്നത് തെരഞ്ഞെടുക്കേണ്ടതല്ല, മറിച്ച് ഒരുമയോടെ ജീവിക്കേണ്ട ഒന്നാണ്.  ആദ്യംമുതലേ ഇന്ത്യയുമായുള്ള ബന്ധം നല്ലതായിരുന്നില്ലെന്നും ഷഹബാസ് ഷെറീഫ് പറഞ്ഞു. എന്നാല്‍, കന്നിപ്രസം​ഗത്തില്‍ ഷഹബാസ് ചൈനയെ പ്രത്യേകം പ്രശംസിച്ചു. ചൈനയുമുള്ള പാകിസ്ഥാന്റെ സൗഹൃദത്തിന് ഇളക്കം തട്ടില്ലെന്നും പറഞ്ഞു.

അമേരിക്കയുടെ ഇഷ്ടക്കാരൻ
അമേരിക്കൻ അനുകൂല നിലപാടുകളിൽ കൂറുപുലർത്തുന്നയാളാണ്‌ പാകിസ്ഥാന്റെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഷഹബാസ് ഷെറീഫ്‌. കഴിഞ്ഞ ദിവസം നടത്തിയ അമേരിക്കൻ അനുകൂല പരാമർശം ഉദാഹരണം.  ‘യാചകർക്ക് അവരുടെ ഇഷ്ടംപോലെ തെരഞ്ഞെടുക്കാനാകില്ല. നമ്മുടെ രാജ്യത്തിന്‌ നാം അന്നം നൽകണം. നമ്മുടെ കുട്ടികളെ സ്കൂളിൽ അയക്കണം’ എന്നായിരുന്നു പാക്‌–- യുഎസ്‌ ബന്ധത്തെക്കുറിച്ച്‌ ഷഹബാസ്‌ പ്രതികരിച്ചത്‌.   ‘അമേരിക്കയുടെ അടിമ’ എന്ന്‌ ഇമ്രാൻ ഖാൻ ഷഹബാസിനെ വിളിക്കി.

വിലക്കയറ്റവും സാമ്പത്തികപ്രതിസന്ധിയും പണപ്പെരുപ്പവുംമൂലം ദുരിതത്തിലായ പാകിസ്ഥാനെ സാധാരണ നിലയിലേക്ക്‌ മടക്കിക്കൊണ്ടു വരികയെന്ന വലിയ ദൗത്യമാണ്‌ ഷഹബാസിനു മുന്നിലുള്ളത്‌. അഴിമതി നിറഞ്ഞ പാകിസ്ഥാനെ അതിൽനിന്ന്‌ മോചിപ്പിക്കലും അത്ര എളുപ്പമാകില്ല. സാമ്പത്തിക ബുദ്ധിമുട്ടുകൾ മറികടക്കാൻ അമേരിക്കൻ സഹായം കൂടിയേ തീരൂവെന്നാണ് ഷഹബാസിന്റെ നിലപാട്. പാക് ഭരണം നിയന്ത്രിക്കുന്ന സൈന്യവുമായി ഇപ്പോള്‍ നല്ല ബന്ധത്തില്‍.

ഇപ്പോള്‍ ലണ്ടനിലുള്ള മുൻപ്രധാനമന്ത്രി നവാസ് ഷെറീഫിന്റെ ഇളയ സഹോദരന്‍ എല്ലാക്കാലവും സഞ്ചരിച്ചത് ജ്യേഷ്ഠന് പിന്നാലെ. 1988ൽ പഞ്ചാബ് അസംബ്ലിയിലെത്തി. അന്ന്‌ നവാസ് ഷെറീഫ്  മുഖ്യമന്ത്രി. 1997ൽ നവാസ് പ്രധാനമന്ത്രിയായപ്പോൾ ഷഹബാസ് മുഖ്യമന്ത്രിയായി. 1990ൽ പാക്‌ ദേശീയ അസംബ്ലിയിൽ. മൂന്നു പഞ്ചാബിന്റെ മുഖ്യമന്ത്രിയായി.  1999ൽ ജനറൽ പർവേസ് മുഷറഫ് സൈനിക അട്ടിമറിയിലൂടെ ഭരണം പിടിച്ചപ്പോൾ നവാസിനൊപ്പം കുടുംബസമേതം സൗദിയിലേക്ക്‌.  2007ൽ തിരിച്ചെത്തി.  പാനമ വെളിപ്പെടുത്തലോടെ നവാസ് ഷെറീഫ് അയോ​ഗ്യനാക്കപ്പെട്ടപ്പോള്‍ പാർടി അധ്യക്ഷനായി.

പഞ്ചാബ് മുഖ്യമന്ത്രിയായിരിക്കെ ചൈനയുമായി നല്ല ബന്ധം സ്ഥാപിച്ചു. ചൈന–- പാക്‌  ഇടനാഴിയുമായി ബന്ധപ്പെട്ട വികസനപദ്ധതികൾ നടപ്പാക്കി. തുടർന്ന്‌ ‘മാൻ ഓഫ് ആക്‌ഷൻ’ എന്നാണ്‌ ചൈനീസ് അധികൃതർ ഷഹബാസിനെ പ്രശംസിച്ചത്‌.

വിടാതെ കേസുകൾ
വ്യാജ ഏറ്റുമുട്ടൽ കൊല മുതൽ കള്ളപ്പണം വെളുപ്പിക്കൽവരെ നിരവധി കേസുകള്‍ ഷഹബാസ്‌ നേരിടുന്നു.പഞ്ചാബ്‌ മുഖ്യമന്ത്രിയായിരിക്കെ നടന്ന സബ്സാസർ വ്യാജ ഏറ്റുമുട്ടൽ കേസിൽ പ്രതിയായി. 2008ൽ കുറ്റവിമുക്തനായി.  കള്ളപ്പണം വെളുപ്പിക്കൽ, അനധികൃത സമ്പാദ്യക്കേസുകളിൽ 2020 സെപ്തംബറിൽ അറസ്റ്റിലായി ജയിലിൽ കിടന്നു. മൂത്തമകൻ ഹംസയുടെയും 23 സ്വത്തുവക അന്വേഷണ ഏജൻസി മരവിപ്പിച്ചു. പാകിസ്ഥാൻ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി ബ്രിട്ടനിലെ പണത്തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്‌തിരുന്നു.  നിലവിൽ ജാമ്യത്തിലാണ്‌. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വർഷങ്ങളായി മറ്റൊരുമകന്‍ സുലൈമാൻ ബ്രിട്ടനിൽ ഒളിവിലാണ്‌.
 

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top