26 April Friday

ഷഹീന്‍ ചുഴലിക്കാറ്റ്: ഒമാനില്‍ ശക്തമായ കാറ്റും മഴയും; മണ്ണിടിഞ്ഞ് രണ്ട് തൊഴിലാളികള്‍ മരിച്ചു

അനസ് യാസിന്‍Updated: Monday Oct 4, 2021


മസ്‌ക്കറ്റ്‌> ഷഹീന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഒമാനില്‍ ശക്തമായ കാറ്റും മഴയും. ഞായറാഴ്ച തലസ്ഥാനമായ മസ്‌കത്തില്‍ പല ഭാഗങ്ങളിലും റോഡില്‍ വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി. റുസായില്‍ വ്യവസായ മേഖലയില്‍ തൊഴിലാളികളുടെ താമസ സ്ഥലത്ത് മലയിടിഞ്ഞ് ഏഷ്യക്കാരായ രണ്ട് തൊഴിലാളികള്‍ മരിച്ചു. കെട്ടിടത്തില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. മസ്‌കത്ത് വിമാനതാവളത്തില്‍ നിന്ന് നിരവധി വിമാനങ്ങള്‍ തിരിച്ചുവിട്ടു. മലവെള്ളത്തില്‍ ഒഴുക്കില്‍പെട്ട് പെണ്‍കുട്ടി മരിച്ചു.

ഉഷ്ണമേഖല ചുഴലിക്കാറ്റിന്റെ കേന്ദ്രം ഞായറാഴ്ച വൈകീട്ട് ഏഴിനും രാത്രി ഒന്‍പതിനുമിടയില്‍ തീരം തൊടുമെന്ന് നേരെത്ത ഒമാന്‍ കാലാവസ്ഥ വിഭാഗം അറിയിച്ചിരുന്നു. ഞായറാഴ്ച വൈകീട്ട് ആറിന്  അല്‍ ബാത്തിന ഗവര്‍ണറേറ്റിലെ തീര പട്ടണമായ മുസാനയില്‍ നിന്ന് 30 കിലോമീറ്ററും ഷുവൈക്കില്‍നിന്ന് 65 കിലോമീറ്ററും അകലെയാണ് കാറ്റിന്റെ കേന്ദ്രമെന്നും ഇതുവഴിയാണ് കാറ്റ് കടന്നു പോകുകയെന്നും അറിയിപ്പുണ്ടായിരുന്നു.

ഞായറാഴ്ച പുലര്‍ച്ചെ മുതലാണ് മസ്‌കത്തിലും സമീപ ഗവര്‍ണറേറ്റുകളിലും മഴയും കാറ്റും ശക്തമായത്. കെടുതികള്‍ നേരിടാന്‍ വിപുലമായ തയ്യാറെടുപ്പുകള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. കൊടുങ്കാറ്റിന്റെ പാശ്ചാത്തലത്തില്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ പൊതു, സ്വകാര്യമേഖലകള്‍ക്ക് അവധി നല്‍കി. പത്തിലധികം ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നു. 2,700 ലധികം ആളുകളെ ഇവിടേക്ക് മാറ്റി പാര്‍പ്പിച്ചു. തീരപ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. കൊടുങ്കാറ്റ് കരതൊട്ടാല്‍ വെള്ളപൊക്കത്തിന് സാധ്യതയേറെയാണ്. അപകടങ്ങള്‍ ഒഴിവാക്കാന്‍ തലസ്ഥാനത്തിന് കിഴക്കുള്ള അല്‍ഖുറാമില്‍ വൈദ്യുതി വിതരണം വിച്ഛേദിക്കുമെന്ന് ദേശീയ അടിയന്തര സമിതി അറിയിച്ചു.

നിരവധി റോഡുകള്‍ അടച്ചു. മസ്‌കത്ത്, വടക്കന്‍ അല്‍ ബാതിന, അല്‍ ദാഹിറ എന്നീ ഗവര്‍ണറേറ്റുകളിലെ ആരോഗ്യ സ്ഥാപനങ്ങള്‍ ചൊവ്വാഴ്ച വരെ അടച്ചിട്ടു. അല്‍ ബാതിന മേഖലയില്‍ ഗതാഗതം നിര്‍ത്തി. ഇവിടെ കനത്ത തോതില്‍ മഴ പെയ്യുന്നു. കടലും പ്രക്ഷുബ്ധമാണ്.

വ്യാപക നാശനഷ്ടം പലയിടങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വീടുകളിലും വാഹനങ്ങളിലും കുടുങ്ങിയ നിരവധി പേരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. വാലികള്‍ മുറിച്ച് കടക്കരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

മോശം കാലവാസ്ഥയെ തുടര്‍ന്ന് കോഴിക്കോടു നിന്നും മസ്‌കത്തിലേക്കുള്ള സലാം എയര്‍ 7744 വിമാനം സലാലയിലേക്ക് തിരിച്ചുവിട്ടു.

പ്രവാസി ഇന്ത്യക്കാര്‍ക്ക് എല്ലാ സഹായവും നല്‍കാന്‍ എംബസിയും ഇന്ത്യന്‍ സോഷ്യല്‍ ക്ലബും കൈരളിയും ഉള്‍പ്പെടെയുള്ള സംഘടനകള്‍ വേണ്ട തയ്യാറെടുപ്പുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് പ്രവാസി ക്ഷേമബോര്‍ഡ് ഡയരക്ടര്‍ പിഎം ജാബിര്‍ ദേശാഭിമാനിയോട് പറഞ്ഞു.

കുടിവെള്ളവും ഭക്ഷണവും മെഴുകുതിര ഉള്‍പ്പെടെ എല്ലാ സാധനങ്ങളും മിക്കവരും കരുതിയിട്ടുണ്ടെന്ന് മസ്‌കത്തില്‍ എന്‍ജിനീയറായ മലപ്പുറം കൊണ്ടോട്ടി സ്വദേശി പിഎന്‍ അഫ്താബ് 'ദേശാഭിമാനി'യോട് പറഞ്ഞു. ശക്തമായ കാറ്റും മഴയും ഉണ്ട്. തെരുവുകള്‍ വിജനമാണ്. മിക്ക റോഡുകളിലും വെള്ളം കയറിയതായും അഫ്താബ് പറഞ്ഞു.

2007ല്‍ ഒമാനില്‍ ഗോനു ചുഴലിക്കാറ്റ് വിശീയിടിച്ച് വന്‍ നാശം വിതച്ചിരുന്നു. ഒരാഴ്ചയോളം വെള്ളവും വൈദ്യുതിയും മുടങ്ങി. 2014ല്‍ നിലോഫര്‍ ചുഴലിക്കാറ്റും 2019 ഒക്‌ടോബറില്‍ ക്യാര്‍ ചുഴലിക്കാറ്റും ഒമാന്‍ തീരം തൊട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top