20 April Saturday

വന്യമൃഗങ്ങളെ വീടുകളില്‍ സൂക്ഷിക്കുന്നത് നിയമ വിരുദ്ധമെന്ന്‌ സൗദി

അനസ് യാസിന്‍Updated: Saturday Apr 17, 2021

മനാമ > സൗദിയില്‍ വന്യമൃഗങ്ങളെ വളര്‍ത്തുമൃഗങ്ങളായി സൂക്ഷിക്കുന്നവര്‍ ഉടന്‍ കൈമാറണമെന്ന് ദേശീയ വന്യജീവി കേന്ദ്രം നിര്‍ദേശിച്ചു. വന്യ മൃഗങ്ങളെ പൊതു ജനം സൂക്ഷിക്കുന്നത് വളരെ അപകടകരമാണെന്നും അത് രാജ്യത്ത് നിരോധിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം സിംഹത്തിന്റെ ആക്രമണത്തില്‍ ഉടമസ്ഥന്‍ കൊല്ലപ്പെട്ട പാശ്ചാത്തലത്തിലാണ് വന്യജീവി വിഭാഗത്തിന്റെ മുന്നറിയിപ്പ്.
വ്യാഴാഴ്ച രാവിലെ കിഴക്കന്‍ റിയാദിലെ അല്‍ സുലൈ ജില്ലയിലാണ് സിംഹത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റ് യുവാവ് മരിച്ചത്. നാലു മാസം പ്രായമുള്ള സിംഹം ഭക്ഷണം നല്‍കുന്നതിനിടെ ആക്രമിക്കുകയായിരുന്നു. സിംഹത്തില്‍ നിന്നും ഉടമസ്ഥനെ രക്ഷിക്കാന്‍ ജീവനക്കാര്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ പൊലിസ് എത്തി സിംഹത്തെ വടിവെച്ച കൊല്ലുകയായിരുന്നു. രണ്ടുമാസം മുന്‍പ് ഒരു സുഹൃത്താണ് യുവാവിന് സിംഹം സമ്മാനിച്ചത്. ഇയാളുടെ റെസ്റ്റ് ഹൗസിലായിരുന്നു താമസിപ്പിച്ചിരുന്നത്.

വ്യക്തിപരമോ വാണിജ്യപരമോ ആയ ആവശ്യങ്ങള്‍ക്ക് വന്യമൃഗങ്ങളെ ഇറക്കുമതി ചെയ്യുന്നത് സൗദിയില്‍ നിരോധിച്ചിട്ടുണ്ട്. വന്യമൃഗ ഇറക്കുമതിക്ക് വന്യ ജീവി കേന്ദ്രം ആര്‍ക്കും ലൈസന്‍സ് നല്‍കിയിട്ടില്ലെന്നും പ്രസ്‌താവനയില്‍ പറഞ്ഞു. വന്യമൃഗങ്ങളുടെ സൂക്ഷിപ്പുകാര്‍ അവയെ കൈമാറിയിട്ടില്ലെങ്കില്‍ നിയമ നടപടി നേരിടേണ്ടിവരും. നഗരപ്രദേശങ്ങളില്‍ വന്യമൃഗങ്ങളെ വളര്‍ത്തുന്നവരെ കുറിച്ച് അറിയുന്നവര്‍ അക്കാര്യം സര്‍ക്കാരിനെ അറിയിക്കാന്‍ വന്യജീവി വിഭാഗം നിര്‍ദേശിച്ചു.

സോഷ്യല്‍ മീഡിയ വഴിയാണ് വന്യമൃഗങ്ങളുടെ അനധികൃത വില്‍പ്പന നടക്കുന്നത്. ഇവയെ ശരിയായി പരിശീലിപ്പിക്കാനുള്ള അറിവോ, യോഗ്യതയോ പലര്‍ക്കുമുണ്ടാകില്ല. ഇത് അപകടത്തിന് വഴിവെക്കുന്നതായും വന്യജീവി വിഭാഗം അറിയിച്ചു. സിംഹം, കടുവ, ചീറ്റ തുടങ്ങിയവയെയാണ് സൗദിയില്‍ അനധികൃതമായി പോറ്റുന്നത്. കൂടുതല്‍ കണ്ടുവരുന്നത് ചീറ്റയെയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top