19 April Friday

സൗദി സന്ദര്‍ശക വിസ വിപുലീകരിക്കുന്നു; ബന്ധുക്കള്‍ക്കും വിസ

അനസ് യാസിന്‍Updated: Friday Jun 17, 2022

മനാമ> കുടുംബാംഗങ്ങളെക്കൂടി ഉള്‍പ്പെടുത്തി സൗദിയില്‍ സന്ദര്‍ശക വിസ വിപുലീകരിക്കുന്നു. സൗദിയില്‍ വിസയുള്ളവരുടെ സഹോദരന്‍, സഹോദരി, അവരുടെ കുടുംബം, ഭാര്യ, ഭര്‍ത്താവ് എന്നിവരുടെ സഹോദരങ്ങള്‍, അച്ഛന്‍, അമ്മ എന്നിവരുടെ മാതാപിതാക്കള്‍ എന്നിവര്‍ക്കുകൂടി സന്ദര്‍ശക വിസ അനുവദിക്കാനാണ് തീരുമാനം.

നിലവില്‍ ഭാര്യ, ഭര്‍ത്താവ്, മക്കള്‍, അച്ഛന്‍, അമ്മ എന്നിവര്‍ക്കാണ് സന്ദര്‍ശക വിസ അനുവദിക്കുന്നത്. ഇതാണ് വിപുലീകരിക്കുന്നത്. പ്രവാസികള്‍ക്ക് ഇത് വലിയ അനുഗ്രഹമാകും. അതോടൊപ്പം, ടൂറിസം ഉള്‍പ്പെടെ രാജ്യത്തെ വിപണിയുടെ വളര്‍ച്ചക്കും കാരണമാകും.

സന്ദര്‍ശക വിസ ലഭിക്കാന്‍ ഇഖാമയില്‍ മൂന്നുമാസ കാലാവധി വേണം. അപേക്ഷകര്‍ നഫാത് ആപ്ലിക്കേഷന്‍ ആക്ടിവേറ്റ് ചെയ്ത് അതുവഴിയാണ് അപേക്ഷിക്കേണ്ടതെന്നും പാസ്‌പോര്‍ട്ട് വിഭാഗം അറിയിച്ചു.

സാധുവായ താമസ, തൊഴില്‍ വിസയുള്ള എല്ലാ ജിസിസി സ്വദേശികള്‍ക്കും വിസയില്ലാതെ സന്ദര്‍ശനം അനുവദിക്കുന്ന കാര്യവും സൗദി പരിഗണിക്കുന്നുണ്ട്. ഹജ്ജ് ഒഴികെയുള്ള ബിസിനസ്, ടൂറിസം, ഉംറ ആവശ്യങ്ങള്‍ക്കായി ഗള്‍ഫ് പ്രവാസികളെ സൗദിയില്‍ പ്രവേശിക്കാന്‍ അനുവദിക്കുന്നതാണ് ഈ പുതിയ വിസ സംവിധാനം. ഗാര്‍ഹിക തൊഴിലാളി, നിര്‍മ്മാണ തൊഴിലാളി തുടങ്ങിയ ചില വിസ വിഭാഗങ്ങള്‍ ഇത് ബാധകമായിരിക്കില്ല.  
കഴിഞ്ഞയാഴ്ച ഒരു ടിവി അഭിമുഖത്തിനിടെ ജിസിസി നിവാസികള്‍ക്കായി ഉടന്‍ പുതിയ വിസ പദ്ധതി ആരംഭിക്കുമെന്ന് സൗദി ടൂറിസം മന്ത്രി അഹമ്മദ് അല്‍ ഖത്തീബ് അറിയിച്ചിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top