01 June Thursday

നയതന്ത്രബന്ധം പുനഃസ്ഥാപിക്കാന്‍ 
സൗദി–സിറിയ ധാരണ

അനസ് യാസിന്‍Updated: Sunday Mar 26, 2023

മനാമ
നയതന്ത്രബന്ധം പുനഃസ്ഥാപിക്കാനും എംബസികൾ വീണ്ടും തുറക്കാനും സൗദി അറേബ്യയും സിറിയയും ധാരണയിലെത്തി. ഏപ്രിലിൽ ചെറിയ പെരുന്നാളിനുശേഷം എംബസികൾ വീണ്ടും തുറക്കാൻ ഇരു സർക്കാരും തയ്യാറെടുത്തതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
സിറിയൻ ഇന്റലിജൻസ് കമ്മിറ്റി തലവൻ ഹുസാം ലൂക്കയുമായി സൗദി അറേബ്യയിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. സൗദി വിദേശമന്ത്രാലയവും സിറിയൻ സർക്കാരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇതിനിടെ, ആഭ്യന്തര യുദ്ധത്തിലെ ഭരണകൂട ക്രൂരത ചൂണ്ടിക്കാട്ടി സിറിയയുമായുള്ള ബന്ധം സാധാരണ നിലയിലാക്കാനുള്ള പ്രാദേശിക രാജ്യങ്ങളുടെ നീക്കത്തെ അമേരിക്ക എതിർത്തതായും റിപ്പോർട്ടുണ്ട്‌.
  ചൈനയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ സൗദി–-ഇറാൻ ബന്ധം പുനഃസ്ഥാപിക്കാനും എംബസികൾ വീണ്ടും തുറക്കാനുമുള്ള തീരുമാനമാണ്‌  സൗദി–- സിറിയ ചർച്ചയ്‌ക്ക് വഴിയൊരുക്കിയത്.

   2011ൽ ആഭ്യന്തരയുദ്ധം ആരംഭിച്ചശേഷം നിരവധി രാജ്യങ്ങൾ സിറിയയുമായുള്ള ബന്ധം വിച്ഛേദിച്ച്‌ എംബസികൾ അടച്ചുപൂട്ടിയിരുന്നു. അതേവർഷം സിറിയയെ അറബ് ലീഗിൽനിന്ന് സസ്‌പെൻഡ് ചെയ്തു. അമേരിക്കയും സൗദിയും ഖത്തറും ഉൾപ്പെടെയുള്ള പ്രാദേശിക സഖ്യകക്ഷികളും സിറിയൻ വിമതരെ പിന്തുണച്ചു. 2018ൽ യുഎഇ സിറിയൻ തലസ്ഥാനമായ ദമാസ്‌കസിൽ വീണ്ടും എംബസി   തുറന്നിരുന്നു. ഏപ്രിലിൽ സൗദിയിൽ നടക്കുന്ന അറബ് ഉച്ചകോടിയിൽ സിറിയയുടെ സസ്‌പെൻഷൻ പിൻവലിക്കാനുള്ള വോട്ടെടുപ്പിന് സിറിയൻ-–- സൗദി ചർച്ച വഴിയൊരുക്കിയേക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top