18 September Thursday

അട്ടിമറിയുടെ 50–ാം വാർഷികം ആചരിച്ച്‌ ചിലി ; സാൽവദോർ അലൻഡെയുടെ ജീവത്യാഗത്തിന്റെ ഓർമ പുതുക്കി ജനങ്ങൾ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 12, 2023


സാന്റിയാഗോ
അമേരിക്ക ആസൂത്രണംചെയ്ത്‌ നടപ്പാക്കിയ പട്ടാള അട്ടിമറിയുടെ അമ്പതാം വാർഷികത്തിൽ, ഇരകൾക്ക്‌ നീതി ലഭ്യമാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ചിലിയൻ സ്ത്രീകൾ. ഞായർ രാത്രി ആയിരക്കണക്കിന്‌ സ്ത്രീകളാണ്‌ വിമെൻ ഫോർ നെവർ എഗൈൻ പ്ലാറ്റ്‌ഫോമിന്റെ നേതൃത്വത്തിൽ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ ലാ മൊണേദ കൊട്ടാരത്തിനുമുന്നിൽ തടിച്ചുകൂടിയത്‌. 1973 മുതൽ 1990 വരെ നീണ്ട പിനോഷെയുടെ ഏകാധിപത്യ ഭരണത്തിൽ ജീവൻ നഷ്ടമാവുകയും ക്രൂരമായി പീഡിപ്പിക്കപ്പെടുകയും ചെയ്ത ആയിരക്കണക്കിന്‌ ആളുകൾക്ക്‌ നീതി ലഭ്യമാക്കണമെന്ന്‌ ആവശ്യപ്പെട്ടായിരുന്നു പ്രക്ഷോഭം.

മഹിളാ പ്രക്ഷോഭത്തെ പിന്തുണച്ച്‌ പ്രസിഡന്റ്‌ ഗബ്രിയേൽ ബോറിക്കും രംഗത്തെത്തി. എന്നത്തേയും പോലെ സ്ത്രീകൾ ചിലിക്കാകെ പാഠമാവുകയാണെന്ന്‌ അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ബോറിക്ക്‌ പങ്കെടുത്ത മറ്റൊരു റാലിക്കുനേരെ മുഖാവരണം ധരിച്ചെത്തിയവർ കല്ലെറിഞ്ഞു.

രാജ്യത്തെ ആദ്യ കമ്യൂണിസ്റ്റ്‌ പ്രസിഡന്റായിരുന്ന സാൽവദോർ അലൻഡെയുടെ ജീവത്യാഗത്തിന്റെയും അമേരിക്ക നടത്തിയ ജനാധിപത്യക്കശാപ്പിന്റെയും ഓർമ പുതുക്കി തിങ്കളാഴ്ച, തലസ്ഥാനമായ സാന്റിയാഗോയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിപാടികൾ നടന്നു. പിനോഷെ സൈന്യം ബോംബിട്ട പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ ലാ മൊണേദ കൊട്ടാരത്തിലായിരുന്നു പ്രധാന പരിപാടി. കോൺസ്റ്റിറ്റ്യൂഷൻ സ്ക്വയറിലെ പരിപാടിയിൽ സ്വദേശികളും വിദേശ പ്രതിനിധികളുമടക്കം ആയിരത്തിലേറെപ്പേർ പങ്കെടുത്തു. ബൊളീവിയൻ പ്രസിഡന്റ്‌ ലൂയിസ്‌ ആർസ്‌,കൊളംബിയൻ പ്രസിഡന്റ്‌ ഗുസ്താവോ പെത്രോ, ഉറുഗ്വേ പ്രസിഡന്റ്‌ ലൂയിസ്‌ ലകാലെ പൗ, മെക്സിക്കൻ പ്രസിഡന്റ്‌ ആന്ദ്രെസ്‌ മാനുവൽ ലോപെസ്‌ ഒബ്രദോർ എന്നിവർ പങ്കെടുത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top