28 March Thursday

റുഷ്‌ദിയുടെ നില അതീവ ഗുരുതരം

വെബ് ഡെസ്‌ക്‌Updated: Sunday Aug 14, 2022

photo credit: twitter

ന്യൂയോർക്ക്‌
അമേരിക്കയില്‍ പ്രഭാഷണപരിപാടിക്കിടെ കുത്തേറ്റ ഇന്ത്യൻ വംശജനായ ഇം​ഗ്ലീഷ് നോവലിസ്റ്റ് സൽമാൻ  റുഷ്‌ദിയുടെ ആരോഗ്യനില അതീവഗുരുതരം. അടിയന്തര ശസ്ത്രക്രിയക്ക്‌ വിധേയനായ റുഷ്ദി  വെന്റിലേറ്ററില്‍ തുടരുന്നു. കഴുത്തിലും  കൈഞരമ്പിനും സാരമായ മുറിവുണ്ട്‌. സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നുമാണ്‌ റിപ്പോർട്ട്‌. പെൻസിൽവാനിയ പെറിയിലെ ആശുപത്രിയിൽ  കഴിയുന്ന റുഷ്‌ദിക്ക്‌ മികച്ച ചികിത്സ ലഭ്യമാക്കുന്നതായി ന്യൂയോർക്ക്‌ ഗവർണർ കാത്തി ഹൊക്കൽ പറഞ്ഞു. ആക്രമണത്തിൽ വിവിധ രാഷ്‌ട്രത്തലവൻമാരും കലാകാരൻമാരും പ്രതിഷേധിച്ചു.

   വെള്ളിയാഴ്‌ച ഇന്ത്യൻ സമയം രാത്രി എട്ടരയോടെ ഷതാക്വ ഇൻസ്‌റ്റിറ്റ്യൂട്ടിൽ പ്രഭാഷണത്തിന്‌ എത്തിയപ്പോഴാണ്‌ റുഷ്‌ദിക്ക് കുത്തേറ്റത്.  പിടിയിലായ അക്രമി ന്യൂജഴ്‌സി ഫെയർവ്യൂ സ്വദേശി ഹാദി മറ്റര്‍ (24)പൊലീസ്‌ കസ്റ്റഡിയിലാണ്‌. കൊലക്കുറ്റത്തിന്കേസെടുത്തു. ഇറാനോടും തീവ്രവാദ ആശയങ്ങളോടും ആഭിമുഖ്യമുള്ളയാളാണെന്ന്‌ തെളിയിക്കുന്ന ചില പോസ്റ്റുകൾ ഹാദി മറ്റർ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
  
1988ല്‍ പ്രസിദ്ധീകരിച്ച റുഷ്‌ദിയുടെ  ദ സാത്താനിക് വേഴ്‌സസ് എന്ന നോവല്‍ ഏറെ വിവാദമായി.  1989ൽ മതനിന്ദ ആരോപിച്ച് ഇറാന്‍ റുഷ്ദിയെ വധിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. മുമ്പ്‌ ചില വധശ്രമങ്ങളിൽനിന്ന്‌ റുഷ്‌ദി രക്ഷപ്പെട്ടിരുന്നു.

റുഷ്ദി കൃതികളുടെ ജാപ്പനീസ് പരിഭാഷകന്‍ 1991ല്‍ കൊല്ലപ്പെട്ടു. ഇറ്റാലിയന്‍ പരിഭാഷകന് കുത്തേറ്റു. 1993ല്‍  ടര്‍ക്കിഷ് പരിഭാഷകനെ ലക്ഷ്യമിട്ടുണ്ടായ സ്ഫോടനത്തില്‍ 37 പേരും കൊല്ലപ്പെട്ടു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top