18 April Thursday

സുപ്രീം കോടതിയെ കൂടുതൽ പിന്തിരിപ്പനാക്കാൻ ട്രംപ്‌

വെബ് ഡെസ്‌ക്‌Updated: Sunday Sep 20, 2020

വാഷിങ്‌ടൺ > റൂത്‌ ബേഡർ ഗിൻസ്‌ബർഗ്‌ മരിക്കുന്നതുവരെ അമേരിക്കൻ സുപ്രീം കോടതിയിലെ ‘കക്ഷിനില’ ഇങ്ങനെയായിരുന്നു: യാഥാസ്ഥിതികർ–-5, ഉൽപതിഷ്‌ണുക്കൾ–-4. റൂത്തിന്റെ മരണത്തോടെ പുരോഗമനപക്ഷത്ത്‌ അംഗങ്ങൾ മൂന്നായി. പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിന്‌ ഒന്നരമാസം മാത്രം അവശേഷിക്കെ, അമേരിക്കൻ പരമോന്നത കോടതിയെ കൂടുതൽ പിന്തിരിപ്പനാക്കാൻ പ്രസിഡന്റ്‌ ട്രംപിന്‌ ‘സുവർണാവസരം’ വന്നിരിക്കുകയാണ്‌. എന്നാൽ കീഴ്‌വഴക്കങ്ങൾ ചൂണ്ടിക്കാട്ടി എതിർ സ്ഥാനാർഥി ജോ ബൈഡൻ ഇതിനെ എതിർക്കുന്നു.

പ്രസിഡന്റ്‌ നിർദേശിക്കുന്നയാൾ സെനറ്റിന്റെ അംഗീകാരത്തോടെ ജഡ്‌ജിയാവുന്നതാണ്‌ അമേരിക്കയിൽ സുപ്രീം കോടതി ജഡ്‌ജിമാരുടെ നിയമനരീതി. പ്രസിഡന്റിന്റെ കക്ഷിക്ക്‌ സെനറ്റിൽ ഭൂരിപക്ഷം ഇല്ലാതെവന്നാൽ ഇരുപക്ഷത്തിനും സ്വീകാര്യനായ ആൾവേണ്ടിവരും. ട്രംപിന്‌ ആ പ്രശ്‌നമില്ല. താൻ നിർദേശിക്കുന്നയാളെ ഒട്ടും വൈകാതെ സെനറ്റ്‌ അംഗീകരിക്കണം എന്ന്‌ ട്രംപ്‌ ആവശ്യപ്പെട്ടുകഴിഞ്ഞു. സെനറ്റർ റ്റെഡ്‌ ക്രൂസ്‌, ഇന്ത്യൻ വംശജൻ അമുൽ റോജർ താപ്പർ തുടങ്ങിയവരുടെ പേര്‌ നിയമനത്തിന്‌ പറഞ്ഞുകേൾക്കുന്നുണ്ട്‌.

റൂത്തിന്റെ മരണവിവരം പുറത്തുവരുമ്പോൾ ട്രംപ്‌ ഒരു റിപ്പബ്ലിക്കൻ ആൾക്കൂട്ടത്തോട്‌ പ്രസംഗിക്കുകയായിരുന്നു. മരണവിവരം  കാതിലെത്തിയില്ലെങ്കിലും അടുത്ത പ്രസിഡന്റിന്‌ സുപ്രീം കോടതിയിലേക്ക്‌ ഒന്നോ രണ്ടോ ജഡ്‌ജിമാരെ നിയമിക്കാൻ സാധിക്കുമെന്ന്‌  പ്രസംഗത്തിൽ ട്രംപ്‌ പറഞ്ഞിരുന്നു. അവശേഷിക്കുന്ന എട്ട്‌ ജഡ്‌ജിമാരിൽ രണ്ട്‌ പേർ ട്രംപ്‌ നിയമിച്ചവരാണ്‌.
എന്നാൽ പുതിയ ജഡ്‌ജിയെ പുതിയ പ്രസിഡന്റ്‌ നിയമിക്കുമെന്ന്‌ ബൈഡൻ പറഞ്ഞു. ഒബാമ ഭരണകാലത്ത്‌ തെരഞ്ഞെടുപ്പിന്‌ 10 മാസം മുമ്പ്‌ ഒഴിവ്‌ വന്നിട്ടും നികത്താതിരുന്ന കീഴ്‌വഴക്കവും ബൈഡൻ ഓർമിപ്പിച്ചു. മാത്രമല്ല. തെരഞ്ഞെടുപ്പിന്‌ 46 ദിവസമേയുള്ളൂ. സെനറ്റിന്റെ അംഗീകാരത്തിന്‌ ശരാശരി 70ദിവസം വേണം. ഏറ്റവും എളുപ്പം അംഗീകാരം ലഭിച്ചത്‌ തന്നെ 47 ദിവസമെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top