26 April Friday

ബലാറസിലേക്ക്‌ റഷ്യൻ ആണവായുധങ്ങൾ ; ഇരു രാജ്യവും കരാറിൽ ഒപ്പിട്ടു

വെബ് ഡെസ്‌ക്‌Updated: Friday May 26, 2023



മോസ്കോ
ബലാറസിലേക്ക്‌ ആണവായുധങ്ങൾ വിന്യസിക്കാനുള്ള ഉടമ്പടിയിൽ ഒപ്പിട്ട്‌ റഷ്യയും ബലാറസും. വിന്യസിച്ചശേഷവും ആയുധങ്ങളുടെ നിയന്ത്രണം റഷ്യക്കുതന്നെ ആയിരിക്കുമെന്നും വ്യാഴാഴ്ച ഒപ്പിട്ട കരാറിൽ പറയുന്നു. റഷ്യൻ പ്രസിഡന്റ്‌ വ്ലാദിമിർ പുടിനും ബലാറസ്‌ പ്രസിഡന്റ്‌ അലക്സാണ്ടർ ലുകാഷെൻകോയും തമ്മിൽ നേരത്തേ എത്തിച്ചേർന്ന ധാരണയാണ്‌ ഇതോടെ ഔദ്യോഗിക തീരുമാനമായി മാറിയത്‌.

വീര്യം കുറഞ്ഞ, ഹ്രസ്വദൂര ആണവായുധങ്ങൾ സഖ്യരാജ്യമായ ബലാറസിൽ സ്ഥാപിക്കുമെന്ന്‌ പുടിൻ മാർച്ചിൽ പ്രഖ്യാപിച്ചിരുന്നു. ഉക്രയ്‌നെ മറയാക്കി ശത്രുരാജ്യങ്ങൾ തങ്ങൾക്കെതിരെ നടത്തുന്ന സംഘടിത ആക്രമണങ്ങളോടുള്ള പ്രതികരണമാണ്‌ ഇതെന്ന്‌ ബലാറസ്‌ പ്രതിരോധ മന്ത്രി വിക്ടർ ഖ്രെനിൻ മിൻസ്കിൽ പറഞ്ഞു. യുദ്ധത്തിൽ ഉപയോഗിക്കുന്ന, പ്രഹരശേഷി കുറവുള്ള ആണവായുധങ്ങളാണ്‌ ബലാറസിൽ എത്തിക്കുന്നത്‌. ജൂലൈ ഒന്നിനകം ഇവയുടെ വിന്യാസം പൂർത്തിയാകും. സോവിയറ്റ്‌ യൂണിയന്റെ തകർച്ചയെ തുടർന്ന്‌ ബലാറസ്‌, ഉക്രയ്‌ൻ, കസാഖ്‌സ്ഥാൻ എന്നിവിടങ്ങളിൽ ഉണ്ടായിരുന്ന ആണവായുധങ്ങൾ റഷ്യയിലേക്ക്‌ മാറ്റിയിരുന്നു.ബൽജിയം, ജർമനി, ഗ്രീസ്‌, ഇറ്റലി, നെതർലാൻഡ്‌സ്‌, തുർക്കിയ എന്നിവിടങ്ങളിൽ അമേരിക്ക ആണവായുധങ്ങൾ സൂക്ഷിച്ചിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top