കീവ്
ഉക്രയ്‌ന് ആയുധങ്ങൾ നൽകരുതെന്ന മുന്നറിയിപ്പിന് പിന്നാലെ തലസ്ഥാനമായ കീവ് ആക്രമിച്ച് പാശ്ചാത്യചേരി നൽകിയ ടാങ്കുകൾ റഷ്യ തകർത്തു. ഞായർ പുലർച്ചെ വ്യോമാക്രമണത്തിലൂടെയാണ് ടാങ്കുകൾ തകർത്തതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇക്കാര്യം ഉക്രയ്‌ൻ സ്ഥിരീകരിച്ചിട്ടില്ല. ഒരു മാസത്തിനുശേഷമാണ് റഷ്യ കീവ് ആക്രമിക്കുന്നത്.
ഏപ്രിൽ 28ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ സന്ദർശനശേഷം റഷ്യ കീവ് ആക്രമിച്ചിരുന്നില്ല. എന്നാൽ, മുന്നറിയിപ്പ് അവഗണിച്ച് പടിഞ്ഞാൻ യൂറോപ്യൻ രാജ്യങ്ങൾ ഉക്രയ്‌ന് ആയുധം നൽകുന്നതാണ് റഷ്യയെ പ്രകോപിപ്പിച്ചത്. ഇതിനിടെ കിഴക്കൻ നഗരമായ സെവറൊഡോനെറ്റ്‌സ്‌കിൽ റഷ്യക്ക് നിയന്ത്രണം നഷ്‌ടമായതായി ഉക്രയ്‌ൻ അവകാശപ്പെട്ടു.
മുന്നറിയിപ്പുമായി പുടിൻ
മോസ്‌കോ
ഉക്രയ്‌ന് ദീർഘദൂര മിസൈൽ നൽകിയാൽ റഷ്യ പുതിയ സ്ഥലങ്ങൾ ആക്രമിക്കുമെന്ന് പ്രസിഡന്റ് വ്ലാദിമിർ പുടിൻ പറഞ്ഞു. പാശ്ചാത്യ ചേരിയെ ലക്ഷ്യമിട്ടാണ് പുടിന്റെ മുന്നറിയിപ്പ്. ഉക്രയ്‌ന് അത്യാധുനിക മിസൈലുകൾ നൽകാനുള്ള അമേരിക്കയുടെ തീരുമാനത്തിനു പിന്നാലെയാണ് പുടിൻ മുന്നറിയിപ്പ് ആവർത്തിച്ചത്. സംഘർഷം നീട്ടുകയാണ് ആയുധം നൽകുന്നവരുടെ ലക്ഷ്യമെന്നും ഞായറാഴ്‌ച റഷ്യൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പുടിൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..