04 October Wednesday
ഉക്രയ്ന്റെ നാലുമേഖലകള്‍ റഷ്യയുടെ ഭാ​ഗമായി പ്രഖ്യാപിച്ചു

ചര്‍ച്ചയാകാം : ഉക്രയ്നെ സമാധാന ചര്‍ച്ചയ്ക്ക് ക്ഷണിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍

വെബ് ഡെസ്‌ക്‌Updated: Friday Sep 30, 2022


മോസ്കോ
ഉക്രയ്നെ സമാധാന ചര്‍ച്ചയ്ക്ക് ക്ഷണിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍. ശത്രുതകള്‍ അവസാനിപ്പിച്ച്, 2014ല്‍ ആരംഭിച്ച യുദ്ധം നിര്‍ത്തി  സമാധാന ചര്‍ച്ചകള്‍ക്കിരിക്കാം. എന്നാല്‍ റഷ്യയ്ക്കൊപ്പം ചേരുന്ന രാജ്യങ്ങളെ വിട്ടുകൊടുക്കില്ലെന്നും പുടിന്‍ അറിയിച്ചു. ‍ഡൊണെട്സ്ക്, ലുഹാന്‍സ്ക് സ്വതന്ത്ര റിപ്പബ്ലിക്കുകള്‍, സപൊറീഷ്യ, ഖെര്‍സണ്‍ മേഖലകളെ റഷ്യയോട് ചേരുന്നതിനുള്ള ഉടമ്പടിയില്‍ ഒപ്പിടുന്ന ചടങ്ങിലാണ് പുടിന്റെ പ്രഖ്യാപനം.

പുതുതായി കൂട്ടിച്ചേര്‍ത്ത പ്രദേശങ്ങളെ എല്ലാ മാര്‍​ഗങ്ങളിലൂടെയും സംരക്ഷിക്കും. ആളുകള്‍ അവരുടെ വ്യക്തമായ തെരഞ്ഞെടുപ്പ് നടത്തി. നാലുപ്രദേശങ്ങളിലെ ജനങ്ങള്‍ നടത്തിയ സ്വതന്ത്രതെരഞ്ഞെടുപ്പിനെ ബ​ഹുമാനിക്കണമെന്നും ഉക്രയ്നോട് പുടിന്‍ ആവശ്യപ്പെട്ടു. റഷ്യയുമായി ചേരുന്ന മേഖലകളുടെ പുനര്‍നിര്‍മാണത്തിന് സഹായിക്കുമെന്നും ജനങ്ങള്‍ക്ക് റഷ്യയുടെ മറ്റ് മേഖലകളുടെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും പുടിന്‍ ഉറപ്പുനല്‍കി.

ക്രെംലിനിലെ സെന്റ് ജോര്‍ജ് ഹാളില്‍ നടന്ന ചടങ്ങിലാണ് പുടിന്‍ പ്രവേശന ഉടമ്പടിയില്‍ ഒപ്പുവച്ചത്. ഇത് ഭരണഘടനാ കോടതി പരിശോധിച്ച് ഉറപ്പാക്കിയാല്‍ പാര്‍ലമെന്റിലേക്ക് അയയ്ക്കും. ഇരു സഭയിലും  അടുത്തയാഴ്ച വിഷയം ചര്‍ച്ച ചെയ്യും.  പ്രദേശങ്ങള്‍ റഷ്യക്കൊപ്പം ചേരുന്നതിനെ ഉക്രയ്നും പാശ്ചാത്യ രാജ്യങ്ങളും ശക്തമായ എതിര്‍പ്പറിയിച്ചു. നിയമവിരുദ്ധമായ ഹിതപരിശോധനയാണെന്നും അതിനെ അം​ഗീകരിക്കില്ലെന്നും യൂറോപ്യന്‍ യൂണിയന്‍ അം​ഗരാജ്യങ്ങള്‍ അറിയിച്ചു.


 

നാറ്റോ അം​ഗത്വം 
വേ​ഗത്തിലാക്കണമെന്ന് ഉക്രയ്ന്‍
റഷ്യ നാല് മേഖലകൾ കൂട്ടിചേർക്കുന്ന സാഹചര്യത്തില്‍ നാറ്റോ അം​ഗത്വം ലഭിക്കാനുള്ള നടപടി വേഗത്തിലാക്കണമെന്ന ആവശ്യവുമായി ഉക്രയ്‌ൻ. നാറ്റോ അം​ഗമായി ഉക്രയ്നെ പരി​ഗണിക്കണമെന്ന അപേക്ഷ വേ​ഗത്തില്‍ പരി​ഗണിക്കണമെന്ന അപേക്ഷയില്‍ ഒപ്പുവച്ചതായി ഉക്രയ്‌ൻ പ്രസിഡന്റ്‌ വ്‌ളാദിമിർ സെലൻസ്‌കി പറഞ്ഞു. 

പുടിൻ  പ്രസിഡന്റായിരിക്കുന്നിടത്തോളം ഉക്രയ്‌ൻ റഷ്യയുമായി ചർച്ചകൾ നടത്തില്ലെന്നും പുതിയ പ്രസിഡന്റുവന്നാല്‍ ചർച്ചകൾ നടത്തുമെന്നും സെലൻസ്‌കി പറഞ്ഞു. റഷ്യ നടത്തിയ ഹിതപരിശോധന നിയമവിരുദ്ധമാണെന്നുള്ള പ്രമേയത്തിന്മേല്‍ യുഎന്‍ രക്ഷാസമിതി ചര്‍ച്ചയാകും.

സ്ഫോടനത്തില്‍ 23 മര‌ണം
ഉക്രയ്‌നിൽ ഹിതപരിശോധന പൂർത്തിയാക്കി യ നാല്‌ പ്രദേശം റഷ്യയോട്‌ ചേരുന്ന ഔദ്യോ​ഗിക പ്രഖ്യാപനം നടക്കെ ഉക്രയ്‌ന്‍ മേഖലയില്‍ മിസൈൽ ആക്രമണം. സപൊറീഷ്യയിൽ നടന്ന ആക്രമണത്തിൽ 23 പേർ കൊല്ലപ്പെടുകയും 28 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തെന്നാണ്‌ പ്രാഥമിക വിവരം. റഷ്യൻ നിയന്ത്രണ മേഖലയിലേക്ക് സഹായവുമായി പോകുകയായിരുന്ന വാഹനവ്യൂഹമാണ്‌ ആക്രമിക്കപ്പെട്ടത്‌. ആക്രമണത്തിനു പിന്നിൽ റഷ്യയാണെന്ന്‌ ഉക്രയ്‌ൻ ആരോപിച്ചു. എന്നാൽ, റഷ്യ ഇത്‌ തള്ളി.

ബാള്‍ടിക് കടലിനടിയിലെ ​ഗ്യാസ് ലൈന്‍ അട്ടിമറിച്ചെന്ന്
ബാള്‍ടിക് കടലിനടിയിലൂടെ ജര്‍മനിയിലേക്ക് നിര്‍മിച്ച ​ഗ്യാസ് പൈപ്പ് ലൈന്‍ പാശ്ചാത്യരാജ്യങ്ങള്‍ അട്ടിമറിച്ചുവെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ഉപരോധത്തില്‍ നിന്ന് ഭീകരപ്രവര്‍ത്തനങ്ങളിലേക്ക് മാറി.  യൂറോപ്യന്‍ ഊര്‍ജ സൗകര്യങ്ങളെ തകര്‍ക്കാനുള്ള ശ്രമമാണ് നോര്‍ഡ് 1, 2 പൈപ്പ് ലൈനുകളുടെ അട്ടിമറി. ഇതില്‍ നിന്ന് ലാഭം കിട്ടുന്നവര്‍ അത് ചെയ്യുകയാണെന്നും പുടിന്‍ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top