20 April Saturday

നാറ്റോയെ ചെറുക്കാൻ 
സൈനികത്താവളമൊരുക്കാന്‍ റഷ്യ

വെബ് ഡെസ്‌ക്‌Updated: Saturday May 21, 2022


മോസ്‌കോ
നാറ്റോ കിഴക്കൻ യൂറോപ്പിൽ ചുവടുറപ്പിക്കാൻ ശ്രമിക്കുന്നതിനിടെ പുതിയ സൈനികത്താവളം നിർമിക്കാൻ റഷ്യ. നാറ്റോയെ നേരിടാൻ വടക്കുപടിഞ്ഞാറൻ അതിർത്തിയിൽ പുതിയ സൈനികത്താവളം നിർമിക്കുമെന്ന്‌ റഷ്യ പ്രഖ്യാപിച്ചു. ഇവിടെ അതിർത്തി പങ്കിടുന്ന ഫിൻലൻഡ്‌ നാറ്റോ അംഗത്വത്തിനായി അപേക്ഷ നൽകിയതിന് പിന്നാലെയാണ്‌ റഷ്യയുടെ പ്രഖ്യാപനം.

വടക്കുപടിഞ്ഞാറൻ സൈനിക മേഖലയിൽ ഈവർഷം അവസാനത്തോടെ 12 മിലിട്ടറി യൂണിറ്റ്‌ ആരംഭിക്കുമെന്ന്‌ റഷ്യ അറിയിച്ചു. ഫിൻലൻഡിനുള്ള ഗ്യാസ്‌ വിതരണം റഷ്യ നിർത്തിവച്ചു. ഇറ്റലിയും ജർമനിയും ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങൾ ഗ്യാസിൽ ഭൂരിഭാഗവും റഷ്യയിൽനിന്നാണ്‌ വാങ്ങുന്നത്‌. ഇതിന്റെ വിനിമയം റൂബിളിലാക്കിയതോടെ റഷ്യൻ കറൻസിയുടെ മൂല്യം ആറു വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്‌.

ലുഹാൻസ്‌ക്‌ പിടിച്ച് റഷ്യ
ഉക്രയ്‌നിന്റെ കിഴക്കൻ നഗരമായ ലുഹാൻസ്‌ക്‌ പിടിച്ചെടുത്തതായി റഷ്യ. നഗരത്തിന്റെ പൂർണ നിയന്ത്രണം ഏകദേശം കൈപ്പിടിയിലായതായി റഷ്യൻ പ്രതിരോധമന്ത്രി സെർജി ഷോയിഗ്‌ പറഞ്ഞു.സൈനിക നടപടി ആരംഭിക്കുംമുമ്പ്‌ പ്രദേശത്തെ റഷ്യ സ്വതന്ത്ര റിപ്പബ്ലിക്കായി പ്രഖ്യാപിച്ചിരുന്നു.മരിയൂപോളിലെ അസോവ്‌സ്റ്റൽ സ്റ്റീൽ പ്ലാന്റിൽ 1908 ഉക്രയ്‌ൻ പട്ടാളക്കാർ കീഴടങ്ങി. കരിങ്കടലിലെ സർപ്പദ്വീപ്‌ തിരിച്ചുപിടിക്കാനുള്ള ഉക്രയ്‌ൻ ശ്രമം പരാജയപ്പെടുത്തിയതായും റഷ്യൻ പ്രതിരോധമന്ത്രി പറഞ്ഞു.

ഇതിനിടെ ഉക്രയ്‌ന്‌ കൂടുതൽ സാമ്പത്തിക–- സൈനിക സഹായവുമായി അമേരിക്കയും ജി 7 രാജ്യങ്ങളും രംഗത്തെത്തി. അമേരിക്ക 10 കോടി ഡോളറിന്റെ (776 കോടി രൂപ) സൈനിക ഉപകരണങ്ങൾ നൽകുമെന്നാണ്‌ പ്രഖ്യാപിച്ചത്‌.1800 കോടി ഡോളറിന്റെ (ഏകദേശം 1.37 ലക്ഷം കോടി) സഹായം നൽകുമെന്നാണ്‌ ജി 7 പ്രഖ്യാപിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top