29 March Friday

ട്രംപിനെ തള്ളി ; പുതിയ പാർടിക്ക്‌ റിപ്പബ്ലിക്കന്മാർ

വെബ് ഡെസ്‌ക്‌Updated: Friday Feb 12, 2021

 

വാഷിങ്‌ടൺ
മുൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ നീക്കങ്ങളിൽ അസ്വസ്‌ഥരായ റിപ്പബ്ലിക്കന്മാർ അദ്ദേഹത്തെ തള്ളി പുതിയ പാർടി രൂപീകരിക്കാനൊരുങ്ങുന്നു. അമേരിക്കൻ ജനാധിപത്യത്തെ തകർക്കുന്ന ട്രംപിന്റെ നിലപാടുകൾക്കെതിരെ പാർടിക്ക്‌ നടപടി സ്വീകരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ്‌ നീക്കം. മധ്യ വലതുപക്ഷ നിലപാടായിരിക്കും പുതിയ പാർടിയുടേത്‌.

റൊണാൾഡ് റീഗൻ, ജോർജ്‌ എച്ച് ഡബ്ല്യു ബുഷ്, ജോർജ്‌ ഡബ്ല്യു ബുഷ്, ട്രംപ് എന്നിവർക്കൊപ്പം പ്രവർത്തിച്ച ഉദ്യോഗസ്ഥർ, അംബാസിഡർമാർ, റിപ്പബ്ലിക്കൻ തന്ത്രജ്ഞർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ്‌ പുതിയ പാർട്ടിക്കായുള്ള ചർച്ചകൾ പുരോഗമിക്കുന്നത്‌. നൂറ്റിയിരുപതിലധികം പേർ കഴിഞ്ഞ വെള്ളിയാഴ്‌ച യോഗം ചേർന്നു.

ഭരണഘടന, നിയമപാലനം തുടങ്ങി ട്രംപ്‌ തകർത്ത മൂല്യങ്ങൾ പുനസ്ഥാപിക്കാനാണ്‌ പ്രവർത്തിക്കുക. ചിലയിടത്ത്‌ സ്ഥാനാർഥികളെ നിർത്തും. കുടാതെ‌ റിപ്പബ്ലിക്കൻ, സ്വതന്ത്രർ, ഡെമോക്രാറ്റുകൾ എന്നിവരിൽ മധ്യ-വലത് നിലപാടുള്ളവരെ അംഗീകരിക്കുമെന്ന്‌ റിപ്പബ്ലിക്കൻ പാർടിയുടെ മുൻ നയ ഡയറക്ടർ ഇവാൻ മക്മുലിൻ പറഞ്ഞു.

ട്രംപ്‌ ഭരണത്തിൽ ആഭ്യന്തര സുരക്ഷാ ഉപദേഷ്ടാവായിരുന്ന ജോൺ മിറ്റ്നിക്,  ഡെപ്യൂട്ടി ചീഫ് എലിസബത്ത് ന്യൂമാൻ, ഉദ്യോഗസ്ഥനായ മൈൽസ് ടെയ്‌ലർ, മുൻ കോൺഗ്രസ്‌ അംഗം ചാർലി ഡെന്റ് തുടങ്ങിയവരും യോഗത്തിലുണ്ടായിരുന്നു.
അതേസമയം റിപ്പബ്ലിക്കൻ പാർടിയിൽ ഒരു വിഭാഗമായി പ്രവർത്തിക്കാനും ആലോചനയുണ്ട്‌. അങ്ങനെയാണെങ്കിൽ മധ്യ വലത്‌‌ റിപ്പബ്ലിക്കന്മാർ‌’ എന്നാകും ഇവർ അറിയപ്പെടുക. പുതിയ പാർടിക്കായി ‘ഇന്റഗ്രിറ്റി പാർടി’, ‘സെന്റർ റൈറ്റ്‌ പാർടി’ എന്നീ പേരുകളാണ്‌ പരിഗണനയിലുള്ളത്‌.

ക്യാപിറ്റോൾ കലാപത്തിന്‌ ആഹ്വാനം ചെയ്‌തതടക്കമുള്ള കുറ്റങ്ങളിൽ‌ ‌ ട്രംപിനെതിരെ ഇംപീച്ച്‌മെന്റ്‌ നടപടികൾ സെനറ്റിൽ പുരോഗമിക്കുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top