26 April Friday

ശ്രീലങ്കയുടെ പുതിയ പ്രസിഡന്റ് ആയി റനിൽ വിക്രമസിംഗെ തെരഞ്ഞെടുക്കപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 20, 2022


കൊളംബോ
സാമ്പത്തിക–- രാഷ്‌ട്രീയ പ്രതിസന്ധി തുടരുന്ന ശ്രീലങ്കയില്‍ പാര്‍ലമെന്റില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍, കടുത്ത ജനരോഷം നേരിടുന്ന ആക്‌ടിങ്‌ പ്രസിഡന്റ് റനിൽ വിക്രമസിംഗെയ്ക്ക് ജയം. വ്യാഴാഴ്‌ച അധികാരമേല്‍ക്കും.  225 അംഗ പാർലമെന്റിൽ 223 പേര്‍ വോട്ടുചെയ്തതില്‍ 134 പേര്‍ വിക്രമസിംഗെയെ പിന്തുണച്ചു. ഭരണകക്ഷിയായ എസ്‌എൽപിപിയുടെ വിമതൻ ഡല്ലാസ്‌ അളഹപെരുമയ്‌ക്ക്‌ 82 വോട്ട്‌ മാത്രം. ഇടതുപക്ഷപാർടി ജനതാ വിമുക്തി പെരമുന സ്ഥാനാർഥി അനുരാ കുമാര ദിസനായകെയ്‌ക്ക്‌ മൂന്ന്‌ വോട്ട്‌. നാലു വോട്ട്‌ അസാധു.

ആദ്യമായാണ്‌ രാജ്യത്ത്‌ പാർലമെന്റിൽ വോട്ടെടുപ്പിലൂടെ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്‌. പ്രസിഡന്റായിരുന്ന ഗോതബായ രജപക്‌സെ ജനകീയ പ്രക്ഷോഭത്തെ തുടർന്ന്‌ രാജ്യംവിടുകയും രാജിവയ്‌ക്കുകയും ചെയ്‌തതോടെയാണ്‌ തെരഞ്ഞെടുപ്പ്‌. ഗോതബായയുടെ കാലാവധിയിൽ അവശേഷിക്കുന്ന രണ്ടു വർഷമാകും എഴുപത്തിമൂന്നുകാരനായ വിക്രമസിംഗെ അധികാരത്തിലുണ്ടാകുക. 2024 നവംബർവരെയാണ്‌ കാലാവധി.

യുഎൻപി നേതാവായ വിക്രമസിംഗെയ്‌ക്ക്‌ രജപക്സെ കുടുംബവുമായി അടുത്തബന്ധമാണുള്ളത്. പ്രധാനമന്ത്രി മഹിന്ദ രജപക്‌സെക്ക് തുടരാനാകാതെ വന്നപ്പോള്‍ പകരം വിക്രമസിംഗെയ്ക്കാണ് ചുമതല നല്‍കിയത്. 2020ലെ പൊതുതെരഞ്ഞെടുപ്പിൽ ഒറ്റ സീറ്റിലും വിജയിക്കാതിരുന്ന യുഎൻപിക്ക്‌ പിന്നീട്‌ ആനുപാതിക പ്രാതിനിധ്യത്തിലൂടെ ലഭിച്ച ഏക എംപിയാണ്‌ വിക്രമസിംഗെ. രജപക്‌സെയുടെ പാര്‍ടിയുടെ പിന്തുണയോടെ ജയിച്ചതിനാൽ ഫലം അംഗീകരിക്കില്ലെന്ന നിലപാടിലാണ്‌ പ്രക്ഷോഭകർ. കഴിഞ്ഞയാഴ്ച പ്രക്ഷോഭകര്‍ വിക്രമസി​ഗെയുടെ വീട് അ​ഗ്നിക്കിരയാക്കിയിരുന്നു. ഒരുമിച്ച്‌ പ്രവർത്തിക്കാൻ പ്രതിപക്ഷത്തിന്റെയും മുൻ പ്രസിഡന്റുമാരുടെയും പിന്തുണ  വിക്രമസിംഗെ അഭ്യർഥിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top