05 May Sunday
20 ട്രക്കുകൾ ഉടൻ 
ഗാസയിലേക്ക്

വഴി തുറക്കുന്നു ; ഭക്ഷണവും 
മരുന്നും 
 എത്തിക്കാൻ റാഫ ഇടനാഴി തുറക്കും

വെബ് ഡെസ്‌ക്‌Updated: Thursday Oct 19, 2023

ജെറുസലേം/ഗാസ
ഇസ്രയേൽ–- ഹമാസ്‌ യുദ്ധത്തിൽ ഒറ്റപ്പെട്ട ഗാസയിലേക്ക്‌ 14–-ാം ദിവസം ഭക്ഷണവും മരുന്നും എത്തുന്നു. തെക്കൻ ഗാസയെ ഈജിപ്‌തുമായി ബന്ധിപ്പിക്കുന്ന റാഫ ഇടനാഴി തുറക്കാൻ ധാരണയായി. ഇസ്രയേലിന്റെ ആക്രമണ പരമ്പരയെ അതിജീവിച്ചവർ ഭക്ഷണവും വെള്ളവും മരുന്നുമില്ലാതെ മരണമുഖത്ത്‌ കഴിയുകയാണ്‌. അവശ്യസാധനങ്ങളുമായി 20 ട്രക്കുകൾ റാഫ ഇടനാഴി വഴി കടത്തിവിടാമെന്ന്‌ ഈജിപ്ത്‌ പ്രസിഡന്റ്‌ അബ്-ദേൽ ഫത്താ അൽസിസി സമ്മതിച്ചു. ഈ നീക്കം തടയില്ലെന്ന്‌ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും വ്യക്തമാക്കിയതോടെ ദിവസങ്ങൾനീണ്ട അനിശ്ചിതത്വം ഒഴിഞ്ഞു. ട്രക്കുകൾ വെള്ളിയാഴ്‌ച ഗാസയിലെത്തുമെന്ന്‌ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. നെതന്യാഹുവുമായും അൽസിസിയുമായും ബൈഡൻ ചർച്ച നടത്തിയിരുന്നു. അതിനിടെ, ടെൽ അവീവിലെത്തിയ ബ്രിട്ടീഷ്‌ പ്രധാന മന്ത്രി ഋഷി സുനക്‌ ഇസ്രയേലിന്റെ വിജയമാണ് ആഗ്രഹിക്കുന്നതെന്ന് പ്രഖ്യാപിച്ചു. അടിയന്തര സഹായം എത്തിക്കാൻ റാഫ തുറക്കാനുള്ള തീരുമാനത്തിൽ അദ്ദേഹം ഇസ്രയേലിനെ അഭിനന്ദിച്ചു.

റാഫ അതിർത്തിയിൽ അനുവാദംകാത്ത്‌ ദിവസങ്ങളായി അവശ്യവസ്‌തുക്കൾ നിറച്ച നൂറുകണക്കിന്‌ ട്രക്കുകൾ കിടക്കുന്നുണ്ട്‌. അതിർത്തിയ്ക്ക്‌ 45 കിലോമീറ്റർ അകലെയുള്ള അൽ അരിഷിലാണ് കൂടുതൽ ട്രക്കുകൾ. അവിടെ ഇസ്രയേൽ ആക്രമണത്തിൽ തകർന്ന റോഡുകളുടെ അറ്റകുറ്റപ്പണിക്ക്‌ ഈജിപ്‌ത്‌ നീക്കം തുടങ്ങി. റഷ്യയടക്കം വിവിധ രാജ്യങ്ങൾ പലസ്‌തീനിനുവേണ്ടി ഈജിപ്‌തിലേക്ക്‌ സഹായം എത്തിച്ചിട്ടുണ്ട്‌. ഇസ്രയേൽ പൂർണമായി വരിഞ്ഞുകെട്ടിയ ഗാസയിൽ 23 ലക്ഷത്തോളം ആളുകളാണ്‌ അപകടകരമായ സാഹചര്യത്തിൽ പലായനംപോലും സാധ്യമാകാതെ കഴിയുന്നത്‌. മരുന്നും ഇന്ധനവും തീർന്ന ആശുപത്രികൾപോലും ലക്ഷ്യമിട്ട്‌ ഇസ്രയേൽ ആക്രമണം തുടരുകയാണ്‌. 100 ട്രക്കുകളിലെങ്കിലും അവശ്യസാധനങ്ങൾ എത്തിച്ചാലേ നേരിയ ആശ്വാസമെങ്കിലും ഗാസ ജനതയ്‌ക്ക്‌ ലഭിക്കൂവെന്ന്‌ യുഎൻ അറിയിച്ചതായി നോർവീജിയൻ അഭയാർഥി കൗൺസിൽ പ്രതികരിച്ചു. യുദ്ധത്തിനുമുമ്പ്‌ ദിവസം 500 ട്രക്കുകൾ ഇന്ധനമടക്കം അവശ്യസാധനങ്ങളുമായി ഗാസയിൽ എത്തിയിരുന്നെന്ന്‌ യുഎൻ അഭയാർഥി ഏജൻസി (യുഎൻആർഡബ്ല്യുഎ) കമീഷണർ ജനറൽ ഫിലിപ്പ് ലസാരിനി ചൂണ്ടിക്കാട്ടി.

വെസ്റ്റ്‌ ബാങ്കിലും 
ആക്രമണം
പലസ്‌തീൻകാരോട്‌ വടക്കൻ ഗാസയിൽനിന്ന്‌ തെക്കുഭാഗത്തേയ്ക്ക്‌ ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടതിനുശേഷം തെക്കൻ ഗാസയിൽ ഇസ്രയേൽ അക്രമണം തുടരുകയാണ്‌. അഞ്ച്‌ ആശുപത്രികൾ ഇതിനകം പ്രവർത്തനരഹിതമായി. വ്യാഴാഴ്‌ച ഏഴ്‌ കുട്ടികൾ അടക്കം ഒമ്പതുപേർ കൊല്ലപ്പെട്ടു. ഇതുവരെ 3785 പലസ്തീൻകാർ കൊല്ലപ്പെട്ടു. 12,000 ത്തിലധികം പേർക്ക് പരിക്കേറ്റു. അധിനിവേശ വെസ്റ്റ്‌ ബാങ്കിൽ ഉണ്ടായ ഇസ്രയേൽ ആക്രമണത്തിൽ ഏഴുപേർ മരിച്ചു. ഇവിടെ ഇസ്രയേൽ സെെന്യം 80 പേരെ തടവിലാക്കി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top