05 May Sunday
സഹായം എത്തിക്കാനുള്ള 
ശ്രമം തുടർന്ന്‌ യുഎൻ

അനിശ്ചിതത്വം ; റാഫ ഇടനാഴി തുറന്നില്ല , ഗാസയിലെ അഭയാർഥിക്യാമ്പുകളിൽ 
ഭക്ഷണവും വെള്ളവും ഇല്ല

വെബ് ഡെസ്‌ക്‌Updated: Saturday Oct 21, 2023

 

കെയ്‌റോ/ഗാസ
ഇസ്രയേൽ ആക്രമണത്തിൽ അഭയകേന്ദ്രങ്ങൾപോലും അരക്ഷിതമായ പലസ്‌തീൻ ജനതയ്‌ക്ക്‌ ജീവൻ നിലനിർത്താനുള്ള സഹായങ്ങളും തടയുന്നു. ഗാസ–- ഈജിപ്‌ത്‌ അതിർത്തിയിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളിലെ മരുന്നും ഭക്ഷണവും എന്ന്‌ റാഫ ഇടനാഴി കടക്കുമെന്നതിൽ അവ്യക്തത. വെള്ളിയാഴ്‌ച 20 ട്രക്കുകൾ ഗാസയിലേക്ക്‌ പോകുമെന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ പ്രഖ്യാപനം നടപ്പായില്ല.
ഈജിപ്ത്‌ വഴിതുറക്കുമെന്നും ഇസ്രയേൽ തടയില്ലെന്നുമായിരുന്നു ധാരണ. ഇത് നടപ്പാകാത്തത്‌ എന്തുകൊണ്ടെന്നതിൽ വ്യക്തത വരുത്താൻ ശ്രമിക്കുകയാണെന്ന്‌ ഐക്യരാഷ്‌ട്ര സംഘടന സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്‌ പറഞ്ഞു. ഗാസയിലെ 20 ലക്ഷം ജനങ്ങളുടെ ജീവൻ നിലനിർത്താൻ ആവശ്യമായ വെള്ളവും ഭക്ഷണവും മരുന്നുമാണ്‌ ഒരു മതിലിനിപ്പുറം തടയപ്പെട്ടിരിക്കുന്നത്‌.

ഇത്‌ ജീവിതത്തിനും മരണത്തിനും ഇടയിലെ ഇടനാഴിയാണ്‌. ബന്ധപ്പെട്ട എല്ലാവരുമായി ചർച്ച തുടരുകയാണെന്നും ഈജിപ്‌തിലെത്തി റാഫ ഇടനാഴി സന്ദർശിച്ചശേഷം ഗുട്ടെറസ്‌ മാധ്യമങ്ങളോട്‌ പറഞ്ഞു. തൊട്ടടുത്ത ദിവസംതന്നെ ട്രക്കുകൾ അതിർത്തി കടക്കുമെന്നും യുഎൻ പ്രതീക്ഷ പ്രകടിപ്പിച്ചു.

ഇസ്രയേൽ ആക്രമണത്തിൽ തകർന്ന റോഡുകളും തടസമാണ്‌. ഇവ പരിഹരിക്കാൻ ഈജിപ്‌ത്‌ ശ്രമംതുടങ്ങിയിട്ടുണ്ട്‌. ഇപ്പോഴും രാപ്പകലില്ലാതെ ഇസ്രയേൽ ആക്രമണം തുടരുകയാണ്‌. റാഫ ഇടനാഴി തുറക്കുന്നതോടെ ഗാസയിൽനിന്ന്‌ ഈജിപ്‌തിലേക്ക്‌ അഭയാർഥി പ്രവാഹം ഉണ്ടാകുമെന്ന സ്ഥിതിയുമുണ്ട്‌. ചുരുങ്ങിയത്‌ 2000 ട്രക്ക്‌ അവശ്യ സാധനങ്ങൾ ഗാസയ്‌ക്ക്‌ വേണമെന്ന്‌ ലോകാരോഗ്യ സംഘടന അടിയന്തരസേവന ഡയറക്ടർ മൈക്കിൾ റയാൻ പറഞ്ഞു.

അതിനിടെ, ഗാസയിലെ പുരാതന ഗ്രീക്ക്‌ ഓർത്തഡോക്‌സ്‌ പള്ളി (സെയിന്റ്‌ ഫൊർഫെരിയസ്‌ പള്ളി) പരിസരത്ത്‌ ഇസ്രയേൽ വ്യോമാക്രമണം ഉണ്ടായി. ക്രിസ്‌തുമത വിശ്വാസികളടക്കം അഞ്ഞൂറിലേറെപേർ അഭയം തേടിയിരുന്ന പള്ളിക്കുനേരെ ഉണ്ടായ ആക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടതായാണ്‌ വിവരം. അഭയാർഥിക്യാമ്പുകളിൽ ഭക്ഷണവും വെള്ളവും ഇല്ലാത്ത സ്ഥിതിയാണ്‌. ഇന്ധനവും മരുന്നുമില്ലാതെ ഗാസയിൽ ഏഴ് പ്രധാന ആശുപത്രികളും 21 ആരോഗ്യ കേന്ദ്രങ്ങളും പ്രവർത്തന രഹിതമായെന്ന്‌ ആരോഗ്യ മന്ത്രാലയ വക്താവ് അഷ്‌റഫ് അൽ ഖുദ്ര പറഞ്ഞു. മൊബൈൽ ടോർച്ചുകൾ തെളിച്ചാണ്‌ ശസ്‌ത്രക്രിയകൾ നടത്തുന്നത്‌. മുറിവിന്‌ വിനാഗിരിയാണ്‌ ഡോക്‌ടർമാർ മരുന്നായി ഉപയോഗിക്കുന്നത്‌.

1524 കുട്ടികൾ 
കൊല്ലപ്പെട്ടു
ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 4137 ആയി. ഇതിൽ 1524 പേർ കുട്ടികളും 1000 പേർ സ്‌ത്രീകളുമാണ്‌. അധിനിവേശ വെസ്റ്റ്‌ ബാങ്കിൽ 81 പേരും കൊല്ലപ്പെട്ടു. 720 കുട്ടികൾ ഉൾപ്പെടെ 1400 പേരെ കാണാതായി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top