29 March Friday

ഊര്‍ജ പ്രതിസന്ധിയില്‍ ലോകം; വൈദ്യുതി റേഷനായി നൽകേണ്ടിവരുമെന്ന ഭീതിയില്‍ യൂറോപ്പ്

വെബ് ഡെസ്‌ക്‌Updated: Thursday Oct 21, 2021


ലണ്ടന്‍
ആ​ഗോളതലത്തില്‍ ഊര്‍ജ പ്രതിസന്ധി പിടിമുറുക്കി. ചൈനയില്‍ വൈദ്യുതി ക്ഷാമം ഫാക്ടറികളെ ബാധിച്ചെങ്കില്‍ ഭക്ഷണത്തിനോ വൈദ്യുതിക്കോ പണം മുടക്കേണ്ടത് എന്ന തെരഞ്ഞെടുപ്പ് നടത്താന്‍ ബുദ്ധിമുട്ടുകയാണ് ബ്രസീലിലെ ദരിദ്രര്‍. ജര്‍മനിയില്‍ പ്രകൃതിവാതക പ്രതിസന്ധിയില്‍ കാര്‍ഷിക മേഖലയുടെ താളംതെറ്റിച്ചു. ബ്രിട്ടനില്‍ വാഹനം ഉപയോഗിക്കുന്നവർക്ക് എണ്ണ ലഭിക്കുന്നില്ല. വൈദ്യുതി  റേഷനായി നൽകേണ്ടിവരുമെന്ന ഭീതിയില്‍ യൂറോപ്പ്.

ലോകം മഹാമാരിയിൽനിന്ന് ക്രമേണ മുക്തിനേടി തുടങ്ങിയതോടെ ആഗോളതലത്തിൽ ഇന്ധന ആവശ്യംകുതിച്ചുയരുകയാണ്. എന്നാല്‍ ആവശ്യത്തിന് ജൈവ ഇന്ധനം ലഭ്യമാകാതെ വരുന്നതോടെ വില കുതിച്ചുകയറി. കോവിഡ് പ്രതിസന്ധി അനിശ്ചിതമായി തുടരുന്നതും പുതിയ നിക്ഷേപം കുറഞ്ഞതുംമൂലം വൈദ്യുതിയുടെ ആവശ്യത്തിന് അനുസരിച്ച്  ഉൽപ്പാദനം വർധിപ്പിക്കാനാകുന്നില്ല.

യൂറോപ്പില്‍ പ്രകൃതി വാതക പ്രതിസന്ധി അതിരൂക്ഷം. രാജ്യത്ത് വിതരണത്തിന്റെ 90ശതമാനവും ഇറക്കുമതി ചെയ്യുകയാണ്‌. വർഷത്തിന്റെ തുടക്കത്തിലേതില്‍നിന്ന്  വില അഞ്ച് മടങ്ങ് വർധിച്ചു.  ഒരു മെഗാവാട്ടിന് 19 യൂറോയിൽനിന്ന് 95 യൂറോയായി. ഊര്‍ജ പ്രതിസന്ധി ഇറ്റലിയില്‍ ഭക്ഷ്യ ശൃംഖലയെ ബാധിച്ചു. മീഥെയ്ൻ വില ഉയര്‍ന്നുകൊണ്ടിരിക്കുന്നത് ധാന്യങ്ങള്‍ ഉണക്കുന്നതിന് പ്രതിസന്ധി സൃഷ്ടിക്കും. തന്മൂലം ധാന്യ ഉല്‍പ്പന്നങ്ങളുടെ വില ഉയർത്താൻ ഇടയാക്കും. കന്നുകാലികള്‍ക്കുള്ള തീറ്റയ്‌ക്കുള്‍പ്പെടെ വില ഉയരുന്നത് പാലിനും മാംസത്തിനും വില ഉയരാന്‍ കാരണമാകും.  ആഗോള എണ്ണവിലയും ഉയര്‍ന്ന നിലയിലാണ്.

ആ​ഗോളതലത്തില്‍ തുടരുന്ന ഈ പ്രതിസന്ധികള്‍ക്ക് പെട്ടെന്ന്  പരിഹാരം ഉണ്ടായേക്കില്ല. പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ സ്രോതസ്സുകളിലും ഊർജ സംരക്ഷണത്തിലും നിക്ഷേപിക്കുക എന്നതാണ് ഭാവിക്കായി പലരാജ്യങ്ങളും കണ്ടെത്തുന്ന പോംവഴി. ഇതിന്റെ ഭാ​ഗമായി കാറ്റ്, സൗരോര്‍ജ്ജം തുടങ്ങിയ പുനരുപയോഗ ഊർജ പദ്ധതികൾക്കുള്ള അംഗീകാരം വേഗത്തിലാക്കാൻ യൂറോപ്യൻ യൂണിയൻ എക്സിക്യൂട്ടീവ് കമീഷൻ കഴിഞ്ഞയാഴ്ച അംഗരാജ്യങ്ങളോട് അഭ്യർഥിച്ചു, "ഭാവിയിലെ വില ആഘാതങ്ങൾക്കെതിരായ ഏറ്റവും മികച്ച ഇൻഷുറൻസ് ശുദ്ധമായ ഊർജത്തിലേക്കുള്ള  പരിവർത്തനമാണ്" എന്നാണ് കമീഷന്റെ അഭിപ്രായം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top