വാഴ്‌സോ
ആഫ്രിക്ക, മധ്യപൗരസ്‌ത്യ ദേശം എന്നിവിടങ്ങളിൽനിന്നുള്ള അനധികൃത കുടിയേറ്റക്കാരെ സ്വീകരിക്കുന്നത് ജനങ്ങൾ പിന്തുണയ്‌ക്കുമോ എന്നറിയാൻ ഹിതപരിശോധന നടത്താനൊരുങ്ങി പോളണ്ട്. കുടിയേറ്റക്കാരെ പുനഃരധിവസിപ്പിക്കാനുള്ള യൂറോപ്യൻ യൂണിയന്റെ പദ്ധതി പ്രകാരമാണ് നീക്കം. ഒക്‌ടോബറിൽ പാർലമെന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രധാനമന്ത്രി മാറ്റ്യൂസ് മൊറാവിക്കി ഹിതപരിശോധന നടത്താൻ ആലോചിക്കുന്നത്. ഇതിനായുള്ള ചോദ്യങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ച വീഡിയോയിലൂടെ പുറത്തുവിട്ടു. അദ്ദേഹത്തിന്റെ യാഥാസ്ഥിതിക പാർടിയായ ലോ ആൻഡ് ജസ്റ്റിസിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ കുടിയേറ്റ പ്രശ്‌നങ്ങൾ ഉപയോഗിക്കാനുള്ള നീക്കമായി ഇതിനെ വിലയിരുത്തുന്നു.
2015ൽ അധികാരത്തിലേറാനും ഇതേ വിഷയമാണ് ഉപയോഗിച്ചത്. പങ്കുവച്ച വീഡിയോയിൽ പടിഞ്ഞാറൻ യൂറോപ്പിൽ കാറുകൾ കത്തിക്കുന്നതിന്റെയും മറ്റ് തെരുവ് ആക്രമണങ്ങളുടെയും ദൃശ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ക്രിസ്‌ത്യാനികളായ10 ലക്ഷം ഉക്രയ്‌നിയൻ അഭയാർഥികൾ പോളണ്ടിലുണ്ട്. എന്നാൽ, മുസ്ലിങ്ങളെയും വ്യത്യസ്ത സംസ്കാരങ്ങളിൽനിന്നുള്ള മറ്റുള്ളവരെയും രാജ്യത്തിന്റെ സാംസ്കാരിക സ്വത്വത്തിനും സുരക്ഷയ്ക്കും ഭീഷണിയായി കണക്കാക്കുന്നുവെന്ന് മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..