29 March Friday

ഫൈസര്‍ കോവിഡ് വാക്സിന് യു കെ അംഗീകാരം; അടുത്ത ആഴ്ച മുതല്‍ വിതരണം

വെബ് ഡെസ്‌ക്‌Updated: Wednesday Dec 2, 2020

ലണ്ടണ്‍> അമേരിക്കന്‍ കമ്പനിയായ ഫൈസറിന്റെ കോവിഡ് വാക്സിന് അംഗീകാരം നല്‍കുന്ന ആദ്യ രാജ്യമായി യു.കെ.ജര്‍മന്‍ കമ്പനിയായ ബയോ എന്‍ ടെക് എസ് ഇയുമായി ചേര്‍ന്നു ഫൈസര്‍ വികസിപ്പിച്ച വാക്സിന്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയ ലോകത്തിലെ ആദ്യ രാജ്യമാണ് ബ്രിട്ടന്‍.

മെഡിസിന്‍സ് ആന്റ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്റ്റ്‌സ് റെഗുലേറ്ററി ഏജന്‍സിയുടെ (എംഎച്ച്ആര്‍എ) ശുപാര്‍ശ അംഗീകരിച്ചതായും അടുത്ത ആഴ്ച്ച മുതല്‍ രാജ്യത്തുടനീളം വാക്സിന്‍ ലഭ്യമാകുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

പ്രായമായവര്‍, ആവശ്യകത ഏറ്റവും കൂടുതലുള്ളവര്‍ എന്നിവര്‍ക്കായിരിക്കും ആദ്യ ദിനങ്ങളില്‍ വാക്സിന്‍ വിതരണം ചെയ്യുക. വാക്സിന്റെ നാല് കോടി ഡോസുകള്‍ യു.കെ ഇതിനോടകം ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. 20 കോടി ആളുകള്‍ക്ക് ഇത് മതിയാകും.

ഒരു കോടിയോളം വാക്സിന്‍ ഡോസുകള്‍ ഉടന്‍ ലഭ്യമാകും. അടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ആദ്യപടിയായി എട്ട് ലക്ഷത്തോളം ഡോസുകള്‍ യുകെയിലെത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

യൂറോപ്യന്‍ യൂണിയനും അമേരിക്കയും ഫൈസര്‍ വാക്സിന് നിലവില്‍ ഉപയോഗാനുമതി നല്‍കിയിട്ടില്ല. ഏതാനും ദിവസം മുന്‍പ് ഇതിനായി ഫൈസര്‍ യൂറോപ്യന്‍ യൂണിയനില്‍ അനുമതി തേടിയിരുന്നു.
അവസാനഘട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കോവിഡ് വാക്സിന്‍ 95 ശതമാനം ഫലപ്രദമാണെന്ന് ഫൈസര്‍ അറിയിച്ചിരുന്നു.

പ്രായം, ലിംഗ, വര്‍ണ, വംശീയ വ്യത്യാസങ്ങളില്ലാതെയാണ് ഫലമെന്നും 65 വയസ്സിനുമുകളില്‍ പ്രായമുള്ളവരില്‍ 90 ശതമാനത്തില്‍ കൂടുതല്‍ ഫലപ്രാപ്തിയുണ്ടെന്നും കമ്പനി അവകാശപ്പെട്ടിട്ടുണ്ട്.




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top