23 April Tuesday
നിറയൊഴിച്ചത് മുൻ പ്രസിഡന്റ് പെദ്രോ കാസ്‌തിയ്യോയെ മോചിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട് റാലി നടത്തിയവരുടെ നേര്‍ക്ക്

പെറുവില്‍ ചോരക്കളി ; 17 പേരെ വെടിവച്ചുകൊന്ന്‌ പൊലീസ്‌ ; മരിച്ചവരിൽ 2 കൗമാരക്കാർ , നൂറോളംപേർക്ക്‌ ഗുരുതരപരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jan 11, 2023

പെറുവിൽ പെദ്രോ കാസ്‌തിയ്യോയ്ക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ എത്തിയ ജനസഞ്ചയം

ലിമ

സർക്കാരിനെതിരായ ജനകീയ പ്രക്ഷോഭത്തെ ചോരയിൽമുക്കി പെറു സർക്കാർ. തടവിലാക്കപ്പെട്ട മുൻ പ്രസിഡന്റ് പെദ്രോ കാസ്‌തിയ്യോയെ മോചിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ നടന്ന റാലിക്കുനേരെ പൊലീസ്‌ വെടിവയ്‌പിൽ രണ്ട്‌ കൗമാരക്കാർ ഉൾപ്പെടെ 17 പേർ കൊല്ലപ്പെട്ടു. നെറ്റിയിലും തലയിലും വെടിയേറ്റാണ്‌ ഇവരുടെ മരണം. നൂറോളംപേർ ഗുരുതര പരിക്കേറ്റ്‌ ചികിത്സയില്‍.

കാസ്‌തിയ്യോയെ ഭരണത്തിൽനിന്ന്‌ അട്ടിമറിച്ച്‌ തടവിലാക്കിയതിൽ പ്രതിഷേധിച്ച്‌ പെറുവിലെ സാൻ റോമൻ പ്രവിശ്യയിലെ  ജൂലിയാകയിലാണ് പ്രക്ഷോഭം അരങ്ങേറിയത്.  കാസ്‌തിയ്യോയെ മോചിപ്പിക്കുക, പുതിയ പ്രസിഡന്റ് ദിനാ ബൊലുവാർട്ട്‌ രാജിവയ്‌ക്കുക, തെരഞ്ഞെടുപ്പ് നടത്തുക തുടങ്ങിയ ആവശ്യമുന്നയിച്ചാണ്‌ പെറുവിൽ പ്രക്ഷോഭം തുടരുന്നത്‌. ഡിസംബറുമുതല്‍ തുടരുന്ന പ്രക്ഷോഭത്തില്‍ ഇതുവരെ 35 പേർ കൊല്ലപ്പെട്ടെന്നാണ്‌ കണക്ക്‌. റോഡുകളും മറ്റു ഗതാഗതമാർഗങ്ങളെല്ലാം തടസ്സപ്പെടുത്തിയുള്ള ശക്തമായ പ്രക്ഷോഭമാണ്‌ നടക്കുന്നത്‌. 

കഴിഞ്ഞ ഡിസംബർ ആദ്യവാരമാണ്‌ ഇടതുപക്ഷ ഫ്രീ പെറു പാർടി നേതാവ്‌ പെദ്രോ കാസ്‌തിയ്യോയെ പ്രസിഡന്റുസ്ഥാനത്തുനിന്ന്‌ ഇംപീച്ച്‌ ചെയ്‌തത്‌. അധികാരമേറ്റതുമുതൽ വലതുപക്ഷ സഖ്യത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന അട്ടിമറിശ്രമങ്ങൾക്ക്‌ ഒടുവിലായിരുന്നു ഇംപീച്ച്‌മെന്റ്‌. തുടർന്ന്‌ വൈസ്‌ പ്രസിഡന്റ്‌ ദിന ബൊലുവാർട്ട്‌ പ്രസിഡന്റായി അധികാരമേറ്റു. 2021 ജൂണിൽ നടന്ന തെരഞ്ഞെടുപ്പിൽ 50.2 ശതമാനം വോട്ട്‌ നേടിയാണ്‌ കാസ്‌തിയ്യോ പ്രസിഡന്റായത്‌. 2026 വരെ പ്രസിഡന്റുസ്ഥാനത്ത് കാലാവധിയുണ്ടായിരുന്നു. ഇപ്പോൾ 18 മാസത്തെ കരുതൽ തടങ്കലിലാണ്‌ കാസ്‌തിയ്യോ.

ഇവോ 
മൊറാലിസിന്‌ 
വിലക്ക്‌
ബൊളീവിയയുടെ മുൻ പ്രസിഡന്റ്‌ ഇവോ മൊറാലിസിന്‌ പെറുവിൽ പ്രവേശിക്കുന്നതിന്‌ വിലക്കേർപ്പെടുത്തി സർക്കാർ. എട്ട്‌ ബൊളീവിയൻ പൗരന്മാർക്കും വിലക്കുണ്ട്‌. ‘പെറുവിന്റെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടുന്നു’വെന്ന്‌ ആരോപിച്ചാണ്‌ നടപടി. പെറുവിലെ പ്രശ്‌നങ്ങൾ പുറത്താക്കലിലൂടെയോ നിരോധനത്തിലൂടെയോ അടിച്ചമർത്തലിലൂടെയോ പരിഹരിക്കപ്പെടില്ലെന്ന്‌ ഇവോ മൊറാലിസ്‌ പ്രതികരിച്ചു. ജനാധിപത്യപരമായ ഭരണപുനഃസ്ഥാപനം പെറുവിൽ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top