23 April Tuesday
തെറ്റ്‌ തിരുത്താൻ 
തയ്യാറായില്ലെങ്കിൽ 
വലിയ വില കൊടുക്കേണ്ടി വരുമെന്ന്‌ ചൈന

തയ്‌വാനിൽ പെലോസിയുടെ സന്ദർശനം ; പ്രകോപിപ്പിച്ച്‌ അമേരിക്ക

വെബ് ഡെസ്‌ക്‌Updated: Thursday Aug 4, 2022

തയ്‌വാൻ സന്ദർശിച്ച അമേരിക്കൻ പ്രതിനിധിസഭാ സ്പീക്കർ നാൻസി പെലോസി പ്രസിഡന്റ്‌ സായ്‌ ഇങ്‌വെനൊപ്പം videograbbed image


ബീജിങ്‌
ചൈനയുടെ തുടർ മുന്നറിയിപ്പുകൾ അവഗണിച്ച്‌ തയ്‌വാൻ സന്ദർശിച്ചശേഷവും പ്രകോപനം മതിയാക്കാതെ അമേരിക്ക. തയ്‌വാൻ പ്രസിഡന്റ്‌ സായ്‌ ഇങ്‌വെനുമായി കൂടിക്കാഴ്ച നടത്തിയ യുഎസ്‌ പ്രതിനിധിസഭാ സ്പീക്കർ നാൻസി പെലോസി അമേരിക്ക തയ്‌വാനെ കൈവിടില്ലെന്ന്‌ വ്യക്തമാക്കി. സൈനികസഹായം നൽകുമെന്ന പ്രഖ്യാപനം ഒഴിവാക്കിയെങ്കിലും തയ്‌വാന്റെ സുരക്ഷ അമേരിക്ക ഉറപ്പാക്കുമെന്ന്‌ പെലോസി വ്യക്തമാക്കി.

‘തയ്‌വാന്‌ സ്വയം സംരക്ഷിക്കാനാകുമെന്ന്‌ അമേരിക്ക ഉറപ്പാക്കും. തയ്‌വാന്റെ ജനാധിപത്യത്തിന്‌ എല്ലാ പിന്തുണയുമുണ്ടാകും. അന്താരാഷ്ട്ര ഉച്ചകോടികളിൽ പങ്കെടുക്കുന്നതിൽനിന്ന്‌ ചൈന തയ്‌വാനെ തടയുകയാണ്‌’–- പെലോസി പറഞ്ഞു. തന്റെ സന്ദർശനം അമേരിക്കൻ വിദേശനയത്തിന്‌ എതിരല്ലെന്നും അവർ വാദിച്ചു.

തങ്ങളുടെ ഭാഗമായ തയ്‌വാനിൽ ഇടപെട്ട്‌ അമേരിക്ക പ്രകോപനം തുടരുകയാണെന്നും ചൈന ഇതിന്റെ ഇരയാണെന്നും ചൈനീസ്‌ വിദേശമന്ത്രാലയം പറഞ്ഞു. അമേരിക്ക തെറ്റ്‌ തിരുത്താൻ തയ്യാറായില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും. ചൈനയുടെ തിരിച്ചടി കടുത്തതും ഫലപ്രദവുമായിരിക്കും. നാൻസി പെലോസിയും സായ്‌ ഇങ്‌വെനും ഉൾപ്പെടെയുള്ളവർക്കെതിരെ ഉപരോധം ഏർപ്പെടുത്താനും ഇടയുണ്ട്‌. അതേസമയം, പെലോസിയുടെ സന്ദർശനത്തിന്‌ ജോ ബൈഡൻ സർക്കാർ പ്രത്യക്ഷ പിന്തുണ നൽകുന്നില്ലെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. ഏക ചൈന നയം പിന്തുടരുമെന്ന അമേരിക്കൻ തീരുമാനത്തിന്‌ മാറ്റമില്ല. എന്നാൽ, തയ്‌വാനുമായി അനൗദ്യോഗിക, പ്രതിരോധ കൂട്ടുകെട്ടുകൾ ഉണ്ടാക്കുന്നതിൽ തെറ്റില്ലെന്നും ബൈഡൻ പ്രതികരിച്ചു.

നാറ്റോ അംഗത്വ വിഷയത്തിൽ ഉക്രയ്‌ന്‌ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച്‌ യുദ്ധവേശം വിതച്ചതിൽ പ്രധാനി അമേരിക്കയായിരുന്നു. സാഹചര്യം സംഘഷർത്തിലേക്ക്‌ വഴുതി  റഷ്യ–- ഉക്രയ്‌ൻ യുദ്ധത്തിൽ കലാശിച്ചപ്പോൾ അമേരിക്ക പിന്നാക്കംപോയി. സമാനമായ സാഹചര്യമാണ്‌ തയ്‌വാനിലും അമേരിക്ക സൃഷ്‌ടിച്ചതെന്ന്‌ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

തയ്‌വാനിൽ പ്രതിഷേധം
ഭരണനേതൃത്വം ഒരുക്കിയ ആഘോഷപൂർവമായ സ്വീകരണത്തിനിടയിലും തയ്‌വാനിൽ അമേരിക്കൻ പ്രതിനിധിസഭ സ്പീക്കർ നാൻസി പെലോസിയുടെ സന്ദർശനത്തിനെതിരെ കടുത്ത പ്രതിഷേധം. ചൊവ്വ രാത്രിയെത്തിയ അവർ തങ്ങിയ ആഡംബര ഹോട്ടലിന്‌ പുറത്തായിരുന്നു പ്ലക്കാർഡുകൾ ഏന്തിയുള്ള പ്രതിഷേധം. പെലോസി തിരികെ പോകുക, ചൈനയുമായി ശീതയുദ്ധം വേണ്ട, ഒരേയൊരു ചൈന തുടങ്ങിയ മുദ്രാവാക്യങ്ങളും പ്രക്ഷോഭകർ ഉയർത്തി.

തയ്‌വാനെ വളഞ്ഞ്‌ ചൈന
തുടർ മുന്നറിയിപ്പുകൾ അവഗണിച്ച്‌ അമേരിക്കൻ പ്രതിനിധിസഭാ സ്പീക്കർ നാൻസി പെലോസി തയ്‌വാൻ സന്ദർശിച്ചതോടെ ദ്വീപിനെ വളഞ്ഞ്‌ ചൈന. ചൊവ്വ രാത്രി പെലോസി തായ്‌പേയിൽ ഇറങ്ങിയ ദൃശ്യം പുറത്തുവന്ന ഉടൻ പ്രദേശത്തേക്ക്‌ യുദ്ധവിമാനങ്ങൾ വിന്യസിച്ചു. 27 ചൈനീസ്‌ യുദ്ധവിമാനം തയ്‌വാൻ വ്യോമമേഖല കടന്നു. തയ്‌വാൻ തീരത്ത്‌ യുദ്ധക്കപ്പലുകൾ അഭ്യാസപ്രകടനങ്ങൾ നടത്തി. നാലുദിവസം നീളുന്ന വൻ നാവികാഭ്യാസവും ചൈന പ്രഖ്യാപിച്ചു.

വ്യാഴം മുതൽ ആറുകേന്ദ്രത്തിലായാണ്‌ വൻ പരിശീലനം. മൂന്നുകേന്ദ്രം തയ്‌വാൻ തീരത്തിന്‌ 12 നോട്ടിക്കൽ മൈൽ മാത്രം അകലെയാണ്‌. ഇതോടെ ലോകത്തിന്റെ പ്രധാന വ്യാപാരകേന്ദ്രങ്ങളിൽ ഒന്നായ തയ്‌വാനിൽനിന്നും അവിടേയ്‌ക്കുമുള്ള ചരക്കുനീക്കം തടസ്സപ്പെടും. തയ്‌വാന്റെ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ്‌ ചൈനയുടെ നടപടിയെന്നും തക്ക മറുപടിനൽകുമെന്നും പ്രസിഡന്റ്‌ സായ്‌ ഇങ്‌വെൻ പറഞ്ഞു. 1995ൽ തയ്‌വാൻ പ്രസിഡന്റ്‌ ലീ തുങ്‌ ഹുവേ അമേരിക്ക സന്ദർശിച്ചതിനെ തുടർന്നാണ്‌ ഇതിനുമുമ്പ്‌ പ്രദേശത്ത് ചൈന വമ്പൻ പരിശീലനം നടത്തിയത്‌.

തങ്ങളുടെ ഭാഗമായ സ്വയംഭരണപ്രദേശമായാണ്‌ ചൈന തയ്‌വാനെ കണക്കാക്കുന്നത്‌. പെലോസിയുടെ സന്ദർശനത്തിന്‌ അമേരിക്ക വലിയവില നൽകേണ്ടിവരുമെന്ന്‌ ചൈന ആവർത്തിച്ചു. തയ്‌വാനിൽനിന്നുള്ള പഴം, മീൻ ഉൾപ്പെടെയുള്ള വസ്തുക്കളുടെ ഇറക്കുമതിയും നിരോധിച്ചു. ബീജിങ്ങിലെ അമേരിക്കൻ സ്ഥാനപതി നിക്കോളാസ്‌ ബേൺസിനെ വിളിച്ചുവരുത്തി ചൈന കടുത്ത പ്രതിഷേധം അറിയിച്ചു.

1997ൽ ന്യൂട്ട്‌ ഗിംഗ്രിച്ച്‌ സന്ദർശിച്ചതിനുശേഷം തയ്‌വാനിലെത്തുന്ന ആദ്യ പ്രതിനിധിസഭാ സ്പീക്കറാണ്‌ പെലോസി. തയ്‌വാന്റെ ജനാധിപത്യത്തിനുള്ള പിന്തുണ അറിയിക്കാനാണ്‌ സന്ദർശനമെന്നും അമേരിക്കൻ വിദേശനയത്തിന്റെ ലംഘനമല്ലെന്നും പെലോസി പറഞ്ഞു. പിന്തുണയ്ക്ക്‌ നന്ദി പറഞ്ഞ സായ്‌, പെലോസിക്ക്‌ ഓർഡർ ഓഫ്‌ ദി പ്രൊപീഷ്യസ്‌ ക്ലൗഡ്‌സ്‌ ബഹുമതിയും സമ്മാനിച്ചു. സന്ദർശനം പൂർത്തിയാക്കി പെലോസിയും സംഘവും ദക്ഷിണ കൊറിയയിലേക്ക്‌ പോയി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top