06 July Sunday
വൈസ്‌ പ്രസിഡന്റ്‌ ദിന ബൊലുവാർട്ട്‌ 
 പ്രസിഡന്റായി സ്ഥാനമേറ്റു

പെറുവിൽ അട്ടിമറി ; പെദ്രോ കാസ്‌തിയ്യോയെ പ്രസിഡന്റ്‌ 
സ്ഥാനത്തുനിന്ന്‌ നീക്കി , ആശങ്ക അറിയിച്ച്‌ ലാറ്റിനമേരിക്കൻ രാജ്യങ്ങൾ

വെബ് ഡെസ്‌ക്‌Updated: Thursday Dec 8, 2022

image credit Pedro Castillo twitter

   
ലിമ
തെക്കേ അമേരിക്കൻ രാജ്യമായ പെറുവിൽ ഇടതുപക്ഷ ഫ്രീ പെറു പാർടി നേതാവ്‌ പെദ്രോ കാസ്‌തിയ്യോയെ പ്രസിഡന്റ്‌ സ്ഥാനത്തുനിന്ന്‌ നീക്കി. അധികാരമേറ്റതുമുതൽ വലതുപക്ഷ സഖ്യത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന അട്ടിമറിശ്രമങ്ങൾക്കൊടുവിലാണ്‌ കാസ്‌തിയ്യോയെ പ്രസിഡന്റ്‌ സ്ഥാനത്തുനിന്ന്‌ ഇംപീച്ച്‌ ചെയ്‌തത്‌. വലതുപക്ഷത്തിന്‌ ആധിപത്യമുള്ള പാർലമെന്റ്‌ വോട്ടിനിട്ടാണ്‌ അട്ടിമറി നടപ്പാക്കിയത്‌. നാടകീയനീക്കങ്ങൾക്കു പിന്നാലെ വൈസ്‌ പ്രസിഡന്റ്‌ ദിന ബൊലുവാർട്ട്‌ പ്രസിഡന്റായി സ്ഥാനമേറ്റു. പെറുവിലെ ആദ്യ വനിതാ പ്രസിഡന്റാണ്‌ ദിന.

പാർലമെന്റ്‌ പിരിച്ചുവിടാൻ നീക്കം നടത്തിയെന്ന്‌ ആരോപിച്ചാണ്‌ കാസ്‌തിയ്യോയെ നീക്കിയത്‌. 130 അംഗ പാർലമെന്റിൽ ഭൂരിഭാഗം പേരും കാസ്‌തിയ്യോക്ക്‌ എതിരെ വോട്ട് ചെയ്‌തെന്നാണ്‌ റിപ്പോർട്ട്‌. വലതുസഖ്യവും സൈന്യവും പൊലീസും ഒ ത്തൊരുമിച്ച്‌ നടത്തിയ നീക്കങ്ങൾക്കൊടുവിൽ കാസ്‌തിയ്യോയുടെ അറസ്റ്റും രേഖപ്പെടുത്തി. 2026 വരെ പ്രസിഡന്റ് സ്ഥാനത്ത്  കാലാവധി ഉണ്ടായിരുന്നു.

2021 ജൂണിൽ നടന്ന തെരഞ്ഞെടുപ്പിൽ 50.2 ശതമാനം വോട്ട്‌ നേടി വലത്‌ പോപ്പുലർ ഫോഴ്‌സ്‌ പാർടി നേതാവ്‌ കെയ്കോ ഫ്യുജിമോറിയെ പരാജയപ്പെടുത്തിയാണ്‌ പെദ്രോ കാസ്‌തിയ്യോ പ്രസിഡന്റായത്‌. നവലിബറൽ നയങ്ങൾക്കെതിരായ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു കാസ്‌തിയ്യോ തെരഞ്ഞെടുപ്പിനെ നേരിട്ടത്‌. വിജയം അംഗീകരിക്കാൻപോലും വലതുപക്ഷം തയ്യാറായിരുന്നില്ല. 130 അംഗ പാർലമെന്റിൽ കാസ്‌തിയ്യോയുടെ പാർടിക്ക്‌ 37 അംഗം മാത്രമായിരുന്നതിനാൽ ഭരണം ദുഷ്‌കരമായിരുന്നു.

പ്രസിഡന്റ്‌ സ്ഥാനത്തുനിന്ന്‌ കാസ്‌തിയ്യോയെ നീക്കാൻ നിരവധി ശ്രമങ്ങൾ നടന്നു. നവലിബറൽനയങ്ങൾ ഇഷ്ടപ്പെടുന്ന സമ്പന്നവിഭാഗത്തിന്റെയും അമേരിക്കയുടെയും പിന്തുണ വലതുപക്ഷത്തിന്‌ ലഭിച്ചു. കൊളംബിയയുടെ ആദ്യ ഇടതുപക്ഷ പ്രസിഡന്റ്‌ ഗുസ്‌താവോ പെ ത്രോയുടെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാനുള്ള അനുമതിപോലും പ്രസിഡന്റിന്‌ പാർലമെന്റ്‌ നിഷേധിച്ചിരുന്നു.

ആശങ്ക അറിയിച്ച്‌ ലാറ്റിനമേരിക്കൻ രാജ്യങ്ങൾ
വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട പെറുവിന്റെ പ്രസിഡന്റിനെ സ്ഥാനത്തുനിന്ന്‌ അട്ടിമറിച്ചതിൽ ആശങ്ക രേഖപ്പെടുത്തി ലാറ്റിനമേരിക്കൻ രാജ്യങ്ങൾ. ബ്രസീൽ, അർജന്റീന, മെക്‌സിക്കോ, ബൊളീവിയ, കൊളംബിയ, ചിലി എന്നീ രാജ്യങ്ങളാണ്‌ ആശങ്ക അറിയിച്ചത്‌. രാഷ്‌ട്രീയവും സാമ്പത്തികവുമായ വരേണ്യവിഭാഗത്തിന്റെ താൽപ്പര്യങ്ങളാണ്‌ പെറുവിൽ വിജയിച്ചതെന്ന്‌ മെക്‌സിക്കൻ പ്രസിഡന്റ്‌ ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രദോർ പറഞ്ഞു. പെറുവിലെ സമ്പന്ന വിഭാഗവും അമേരിക്കയും തദ്ദേശീയ നേതൃത്വത്തെ അംഗീകരിക്കുന്നില്ലെന്നതിന്റെ തെളിവാണ്‌ പെറുവിലെ നീക്കങ്ങളെന്ന്‌ ബൊളീവിയയുടെ മുൻ പ്രസിഡന്റ്‌ ഇവാ മൊറാലിസ്‌ പ്രതികരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top