20 April Saturday

പന്‍ഡോറ: അന്വേഷണം പ്രഖ്യാപിച്ച് ഇമ്രാന്‍ഖാന്‍

വെബ് ഡെസ്‌ക്‌Updated: Tuesday Oct 5, 2021

videograbbed image


ഇസ്ലാമാബാദ്
പന്‍ഡോറ റിപ്പോര്‍ട്ടില്‍ പേര് പരാമര്‍ശിക്കപ്പെട്ട മുഴുവന്‍ പാകിസ്ഥാന്‍ പൗരന്മാര്‍ക്കുമെതിരെ അന്വേഷണം പ്രഖ്യാപിച്ച് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍. ലോക നേതാക്കളുടെയും വ്യാപാര പ്രമുഖരുടെയും താരങ്ങളുടെയും അനധികൃത സ്വത്തുവിവരം സംബന്ധിച്ച് കഴിഞ്ഞ ദിവസം പുറത്തുവന്ന  ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വസ്റ്റി​ഗേറ്റീവ് ജേര്‍ണലിസ്റ്റ്സിന്റെ (ഐസിഐജെ)  അന്വേഷണ റിപ്പോര്‍ട്ടില്‍  ഇമ്രാൻഖാന്റെ വിശ്വസ്തര്‍, ക്യാബിനറ്റ് മന്ത്രിമാർ, കുടുംബാംഗങ്ങൾ, മുന്‍ സൈനിക ഉദ്യോ​ഗസ്ഥര്‍ തുടങ്ങി 770 പാകിസ്ഥാന്‍ സ്വദേശികളുണ്ട്. 

ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമൻ, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ, ചെക്ക് റിപ്പബ്ലിക് പ്രധാനമന്ത്രി ആന്ദ്രെജ് ബാബിസ്, കെനിയൻ പ്രസിഡന്റ് ഉഹുറു കെനിയാറ്റ, ഇക്വഡോർ പ്രസിഡന്റ് ഗില്ലെർമോ ലാസോ, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്‍, അദ്ദേഹ​ത്തിന്റെ ചില സഹകാരികളുമടക്കം 330 രാഷ്ട്രീയക്കാര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.  100 ശതകോടീശ്വരന്മാരും പോപ്പ് ഗായിക ഷക്കീറ, ഇന്ത്യൻ ക്രിക്കറ്റ് താരം സച്ചിൻ ടെന്‍ഡുൽക്കർ, സൂപ്പർ മോഡൽ ക്ലോഡിയ ഷിഫർ തുടങ്ങിയ സെലിബ്രിറ്റികളും കായികതാരങ്ങളും ഉള്‍പ്പെട്ടു.  അനില്‍ അംബാനി, രത്നവ്യാപാരി നീരവ് മോദിയുടെ സഹോദരി, കിരൺ മസുന്ദർ ഷാ തുടങ്ങിയവരുടെ സ്വത്ത് സംബന്ധിച്ച രേഖകളും പന്‍ഡോറ രേഖകളില്‍ ഉള്‍‌പ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് വന്നതിനുപിന്നാലെ പേര് പരസ്യമായ മുഴുവന്‍ പേരും വാര്‍ത്ത നിഷേധിച്ചു.

അനധികൃത നിക്ഷേപങ്ങള്‍ക്ക് അനുകൂല നിയമങ്ങളുള്ള പനാമ, സമോവ, ബെലീസ്  ഉള്‍പ്പെടെയുള്ള ദ്വീപുകളില്‍ കമ്പനികള്‍ സ്ഥാപിച്ച്‌ നടത്തിയ തട്ടിപ്പിന്റെ വിവരങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. 

ഇന്ത്യയിലും അന്വേഷണം
‘പന്‍ഡോറ പേപ്പര്‍’ വെളിപ്പെടുത്തലിനെപ്പറ്റി അന്വേഷിക്കാൻ കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡിന്റെ (സിബിഡിടി) നേതൃത്വത്തിൽ സംയുക്ത സംഘത്തെ നിയോ​ഗിച്ചു. സിബിഡിടി ചെയര്‍മാന്റെ മേല്‍നോട്ടത്തിലുള്ള അന്വേഷകസംഘത്തില്‍  ഇഡി, റിസര്‍വ് ബാങ്ക്, സാമ്പത്തിക രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരും അംഗങ്ങളാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top